Connect with us

Palakkad

ഒളിമ്പിക് മെഡല്‍ നേടുന്ന കായിക താരത്തിന് ഒരു കോടി: മന്ത്രി

Published

|

Last Updated

പാലക്കാട്: ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന മലയാളി കായിക താരത്തിന് ഒരു കോടി ക്യാഷ് അവാര്‍ഡ് നല്‍കുമെന്ന് കായിക വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
പാലക്കാടിന്റെ കായിക വികസനത്തിന്റെ ഭാഗമായി സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണോദ്ഘാടനം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ട്രാക്കിന്റെ നിര്‍മ്മാണത്തിന് അഞ്ചു കോടി രൂപയാണ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വിഹിതത്തില്‍ നിന്ന് കായിക വകുപ്പ് അനുവദിച്ചിട്ടുളളത്. നിര്‍മാണം പുരോഗമിക്കുമ്പോള്‍ രണ്ടു കോടി നല്‍കുമെന്നും മന്ത്രി അറിയിച്ചു.
കായിക രംഗത്തിന്റെ വളര്‍ച്ചക്കായി കായിക താരങ്ങളെ നമ്മുടെ മണ്ണില്‍ നില നിര്‍ത്തണമെന്നും 2016- ലെ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പര്യാപ്തമാകും വിധം നമ്മുടെ കുട്ടികളെ ഉയര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പട്ടിക ജാതി-ടൂറിസം വകുപ്പ് മന്ത്രി എ. പി.—അനില്‍കുമാര്‍ മുഖ്യാതിഥി ആയിരുന്നു. സിന്തറ്റിക് ട്രാക്കിന്റെ വികസനത്തിലൂടെ സ്‌പോര്‍ട്‌സ് താരങ്ങളുടെ വളര്‍ച്ച അതിവേഗത്തിലാകുമെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന്റെ പണി അടുത്ത വര്‍ഷം പൂര്‍ത്തിയാക്കും. 300 കോടിയിലധികം ചെലവഴിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി മൂന്ന് വര്‍ഷത്തിനകം ജനങ്ങള്‍ക്ക്‌സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.— ചടങ്ങില്‍ ഷാഫി പറമ്പില്‍ എം എല്‍ —എ അദ്ധ്യക്ഷത വഹിച്ചു. എം—ബി—രാജേഷ് എം പി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി—എന്‍ കണ്ടമുത്തന്‍, നഗരസഭാ വിദ്യാഭ്യാസ ചെയര്‍മാന്‍ കൃഷ്ണ കുമാര്‍, കാംകോ ഡയറക്ടര്‍ എം എം ഹമീദ്, കെ എസ് ഐ ഡി സി ഡയറക്ടര്‍ ഡോ. സിദ്ദിഖ് അഹമ്മദ്, നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ ലീലാ മോഹന്‍, ജില്ലാ കലക്ടര്‍ പി—മേരിക്കുട്ടി, പാലക്കാട് അത്‌ലറ്റിക് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ടി. ഹരിദാസ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ടി—ബി—കൂലാസ്, വ്യാപാരി വ്യവസായ ഏകോപന സമിതി ജനറല്‍ സെക്രട്ടറി ജോബിവി—ചുങ്കത്ത്, മെഡിക്കല്‍ കോളജ് സ്‌പെഷ്യല്‍ ഓഫീസര്‍ എസ്—സുബ്ബയ്യ തുടങ്ങിയവര്‍ സംബന്ധിച്ചു.
ചടങ്ങില്‍ സംബന്ധിച്ച കായിക താരങ്ങളായ അഞ്ജു ബോബി ജോര്‍ജ്ജ്, അര്‍ജ്ജുനാ അവാര്‍ഡ് ജേതാവ് പ്രീജാ ശ്രീധരന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അത്‌ലറ്റ് കോച്ചായിരുന്ന എസ് എസ് കൈമള്‍ എന്നിവരെ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
ജില്ലയിലെ വിവിധ സ്‌കൂളുകളിലെ കായികാധ്യാപകര്‍, ദേശീയ ഗെയിംസ് താരങ്ങള്‍ എന്നിവരെ അഞ്ജു ബോബി ജോര്‍ജ്ജ് ട്രോഫി നല്‍കി അഭിനന്ദിച്ചു.—

Latest