Connect with us

Ongoing News

അടുത്ത മാസം പെലെ ഇന്ത്യയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: മുപ്പത്തെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഫുട്‌ബോള്‍ രാജാവ് പെലെ ഇന്ത്യന്‍ മണ്ണിലേക്ക് വീണ്ടുമെത്തുന്നു. അമ്പത്താറാമത് സുബ്രതോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പെലെ മുഖ്യാതിഥിയായിരിക്കുമെന്ന് സംഘാടകരായ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് അറിയിച്ചു.
ഒക്‌ടോബര്‍ 16നാണ് ഫൈനല്‍. പതിനഞ്ചിന പെലെ ഇവിടെയെത്തും. പെലെ കളിച്ചു വളര്‍ന്ന സാന്റോസ് എഫ് സിയും ടൂര്‍ണമെന്റില്‍ പങ്കെടിക്കുന്നുണ്ട്.
ഡല്‍ഹി ഡൈനാമോസ് മാര്‍ക്വു താരവും കോച്ചുമായ റോബര്‍ട്ടോ കാര്‍ലോസ്, ഫ്രഞ്ച് ഫുട്‌ബോള്‍ താരം ഫ്‌ളോറന്റ് മലൂദ എന്നിവരും പെലെക്കൊപ്പം ഫൈനല്‍ വേദിയിലുണ്ടാകുമെന്ന് എയര്‍മാര്‍ഷല്‍ എം കെ മാലിക് അറിയിച്ചു.
എഴുപത്തിനാലുകാരനായ പെലെ 1977 ലാണ് ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. ഒരു പ്രദര്‍ശന മത്സരവുമായിബന്ധപ്പെട്ടായിരുന്നു വരവ്. പെലെ കളിച്ച ന്യൂയോര്‍ക്ക് കോസ്‌മോസും കൊല്‍ക്കത്തന്‍ കരുത്തരായ മോഹന്‍ബഗാനും തമ്മിലായിരുന്നു മത്സരം. സെപ്തംബര്‍ 24ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരം ആവേശകരമായിരുന്നു. 2-2 ന് സമനിലയായിരുന്നു റിസള്‍ട്ട്.
പെലെയും വലിയ ആവേശത്തിലാണ്. കൊല്‍ക്കത്തയില്‍ കളിച്ചത് ഇന്നും ഓര്‍മയുണ്ട്. തന്നെ ക്ഷണിച്ചതില്‍ നന്ദി അറിയിക്കുന്നു. ഇന്ത്യയുടെ പുതിയ തലമുറയെ അടുത്തറിയാനവസരം ലഭിച്ചതില്‍ ആവേശഭരിതനാണെന്നും പെലെ പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് സുബ്രതോ കപ്പ്. ഇതിന്റെ സ്‌പെഷ്യല്‍ അംബാസഡറാണ് പെലെ.

Latest