ദേശീയപാത വികസനം പരിസരവാസികള്‍ക്ക് ദുരിതമാകുന്നു

Posted on: September 7, 2015 10:19 am | Last updated: September 7, 2015 at 10:19 am

പാലക്കാട്: എന്‍ എച്ച് 47ന്റെ വികസനം പരിസരവാസികള്‍ക്ക് ദുരിതമാകുന്നു. നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് മണപ്പുള്ളിക്കാവ്പണ്ടാരക്കാവ് പ്രദേശം. എന്‍ എച്ച് 47ന്റെ ഇരുവശങ്ങളിലും മണപ്പുള്ളിക്കാവ് എന്‍ എച്ച് ജംഗ്ഷന്‍ മുതല്‍ മലബാര്‍ ഹോസ്പിറ്റല്‍ വരെ രണ്ട് വശങ്ങളിലും സര്‍വീസ് റോഡ് ഉണ്ട്. എന്നാല്‍ എന്‍ എച്ച് 47 വികസനത്തിനോടനുബന്ധിച്ച് ഇപ്പോഴത്തെ റോഡ് അതേ രീതിയില്‍ നിലനിര്‍ത്തില്ല. സര്‍വീസ് റോഡുകള്‍ പകുതിദൂരം മാത്രമേ നിലനിര്‍ത്തുകയുള്ളൂ.—സര്‍വീസ് റോഡില്‍ക്കൂടി കാല്‍നടയായും വാഹനങ്ങളിലും നിരവധി പേര്‍ യാത്ര ചെയ്യുന്നുണ്ട്. സര്‍വീസ് റോഡുകള്‍ ഉള്ളതിനാല്‍ ഈഭാഗത്ത് റോഡപകടങ്ങളും കുറവാണ്. എന്‍ എച്ച് വികസനത്തോടനുബന്ധിച്ച് മണപ്പുള്ളിക്കാവ് എന്‍ എച്ച് ജംഗ്ഷന്‍ മുതല്‍ ജെനു പ്രോവിഷന്‍ സ്‌റ്റോര്‍ വരെ മാത്രമേ സര്‍വീസ് റോഡ് ഉണ്ടാവുകയുള്ളൂ. റോഡ് വികസനത്തിന്റെ പേരില്‍ ജനങ്ങളുടെ അത്യാവശ്യസൗകര്യങ്ങള്‍ പോലും ഇല്ലാതാക്കുകയാണ് അധികൃതര്‍ ചെയ്യുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മെഡിക്കല്‍ കോളേജ് പൂര്‍ണ്ണരീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ നൂറുകണക്കിന് രോഗികള്‍ക്ക് ആശുപത്രിയിലെത്താനും രണ്ടുഭാഗത്തുമുള്ള സര്‍വീസ് റോഡ് വളരെ അത്യാവശ്യമാണ്.
എന്നാല്‍, ഇതെല്ലാം കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതര്‍. അഴുക്കുചാലിനായി റോഡരികുകളില്‍ ഉണ്ടാക്കിയ വന്‍കുഴികളും വാര്‍ക്കുന്നതിനായി കെട്ടിയ കൂര്‍ത്ത കമ്പികളും ജനങ്ങള്‍ക്ക് ഭീഷണിയായിരിക്കുകയാണ്.അഴുക്കുചാല്‍ മണപ്പുള്ളിക്കാവ് എന്‍ എച്ച് ജംഗ്ഷന്‍ മുതല്‍ മലബാര്‍ ആശുപത്രി വരെ അത്യാവശ്യമാണ്. എന്നാല്‍, ഇത് ജെനു പ്രൊവിഷന്‍ വരെ മാത്രമാണുള്ളതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ബാക്കി ഭാഗങ്ങളില്‍ തുറന്ന അഴുക്കുചാല്‍ സംവിധാനമാണ് നിലവില്‍ വരുന്നത്.
ഇങ്ങനെ ചെയ്താല്‍ വീടുകളിലെ മഴവെള്ളം ഒഴുകിപ്പോകുന്നതിന് മാര്‍ഗമില്ലാതാവും. മണപ്പുള്ളിക്കാവ് നിവാസികള്‍ സര്‍വീസ് റോഡ് നിലനിര്‍ത്താനും അഴുക്കുചാല്‍ സംവിധാനമുണ്ടാക്കുന്നതിനുമായി അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്