പേവിഷബാധ: ആയുര്‍വേദ മരുന്നിന് പേറ്റന്റ് ലഭിച്ചതായി പാരമ്പര്യ വൈദ്യന്‍ ശിവരാമന്‍

Posted on: September 6, 2015 10:14 am | Last updated: September 6, 2015 at 10:14 am

കോഴിക്കോട്: പേവിഷബാധ (റാബിഡോ വൈറസ്) ക്കെതിരെ താന്‍ വികസിപ്പിച്ചെടുത്ത ആയുര്‍വേദ മരുന്നിന് പേറ്റന്റ് ലഭിച്ചതായി പാരമ്പര്യ വൈദ്യന്‍ തൊണ്ടയാട് ശ്രീഗോവിന്ദത്തില്‍ ശിവരാമന്‍. 36 വര്‍ഷത്തെ ഗവേഷണ ഫലമായാണ് മരുന്ന് വികസിപ്പിച്ചെടുത്ത്.
പച്ചമരുന്നുകളില്‍ നിന്ന് വികസിപ്പിച്ചെടുത്ത ഈ ഔഷധം ഉപയോഗിച്ച് നിരവധി പേരെ അപകടാവസ്ഥയില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെന്നും ശിവരാമന്‍ വൈദ്യര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പേപ്പട്ടി കടിച്ച് പേയുടെ ലക്ഷണം കണ്ടുതുടങ്ങിയാല്‍ കാര്യമായ ചികിത്സയോ മരുന്നോ ഫലപ്രദമാകില്ലെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ തന്റെ മരുന്ന് ലക്ഷണം കണ്ടെത്തി 36 മണിക്കൂറിനകം നല്‍കിയാലും ഗുണമുണ്ടാകും. എളുപ്പത്തില്‍ ലഭ്യമാകുന്ന പച്ചമരുന്നുകളാണ് ഇതിനുപയോഗിക്കുന്നത്. പേപ്പട്ടി കടിച്ച ദിവസം മുതല്‍ ഇത് ഉപയോഗിക്കാവുന്നതാണ്. മറ്റുമരുന്നുകളെ അപേക്ഷിച്ച് ഇതിന് ചെലവ് കുറവാണ്.
മരുന്നിന്റെ ശാസ്ത്രീയമായ അടിത്തറ ബംഗളൂരുവിലെ നിംഹാന്‍സ് റിസര്‍ച്ച് സെന്ററില്‍ നടത്തിയ പരിശോധനകളിലൂടെ തെളിയിക്കപ്പെട്ടതാണ്. പച്ചമരുന്ന് ശേഖരിക്കുന്നതിന് നാഷനല്‍ ബയോ ഡൈവേഴ്‌സിറ്റി അഥോറിറ്റിയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. സ്വകാര്യസ്ഥാപനങ്ങളോ സര്‍ക്കാറോ മുന്നോട്ടുവന്നാല്‍ മരുന്ന് വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍ തയ്യാറാണെന്നും ശിവരാമന്‍ വൈദ്യര്‍ പറഞ്ഞു.