Connect with us

Gulf

കൊടും ചൂടില്‍ മരങ്ങള്‍ ഉണങ്ങുന്നു

Published

|

Last Updated

ഷാര്‍ജ: കടുത്ത ചൂടില്‍ മരങ്ങള്‍ ഉണങ്ങിനശിക്കുന്നു. വിവിധയിടങ്ങളില്‍ നിരവധി മരങ്ങളാണ് ഇതിനകം ഉണങ്ങി നശിച്ചത്. നശിച്ചവയില്‍ നല്ലൊരു ഭാഗവും തണല്‍ മരങ്ങളാണ്. ഈന്തപ്പന മരങ്ങളും ഉണങ്ങുന്നവയില്‍ പെടും. പാതവക്കുകളില്‍ വളര്‍ന്നുവരുന്ന നിരവധി തണല്‍മരങ്ങള്‍ ഉണങ്ങി നശിച്ചിട്ടുണ്ട്. ദാസ്മാന്‍ ഭാഗത്തെ പാതയരുകില്‍ ഉണങ്ങിക്കിടക്കുന്ന തണമല്‍മരങ്ങള്‍ നിരവധിയാണ്. തണലിനായി അടുത്തിടെയാണ് ഇവ നട്ടത്. വിദ്യാലയമുറ്റങ്ങളിലെ തണല്‍മരങ്ങളും ഉണങ്ങുന്നവയില്‍പെടും. ഈന്തപ്പനകളും മറ്റുമരങ്ങളും ഉണങ്ങുന്നു. പാതയരുകിലും മറ്റിടങ്ങളില്‍ ഉണങ്ങിക്കിടക്കുന്ന നിരവധി മരങ്ങള്‍ കാണാം.
കനത്തചൂടാണ് കാരണമെന്നാണ് കരുതപ്പെടുന്നത്. എമിറേറ്റില്‍ കഠിനചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ചൂടിന്റെ കാഠിന്യം കൂടിയിട്ടുണ്ട്. ഒപ്പം അന്തരീക്ഷ ഈര്‍പ്പവും. രാത്രി സമയങ്ങളില്‍ പോലും ആളുകള്‍ക്കു പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. താമസസ്ഥലങ്ങളില്‍ എയര്‍കണ്ടീഷണറുകള്‍ പ്രവര്‍ത്തിച്ചിട്ടും ശമനമുണ്ടാകുന്നില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരുടെ സ്ഥിതി ദയനീയമാണ്. അല്‍പനേരം വെളിയില്‍ നില്‍ക്കുമ്പോഴേക്കും വിയര്‍ത്തുകുളിക്കുന്ന അവസ്ഥയാണ്. ഒരടിനടന്നാല്‍ സ്ഥിതി പറയേണ്ടതുമില്ല. വിയര്‍ത്ത് ദേഹത്തെ മുഴുവന്‍ ജലവും വറ്റിപ്പോകുന്ന അവസ്ഥ. അതു കൊണ്ടുതന്നെ ഒന്നു നടക്കാന്‍ പോലും ആളുകള്‍ ഭയപ്പെടുന്നു. അല്‍പസമയം ജോലി ചെയ്യുമ്പോഴേക്കും ക്ഷീണിതരാകും. നിര്‍മാണത്തൊഴിലാളികളും, ഹോട്ടല്‍ ജീവനക്കാരും ഡെലിവറി ബോയ്കളും മറ്റുമാണ് ചൂട് കാരണം ഏറ്റവും അധികം വിഷമിക്കുന്നത്.