നികുതി വരുമാനം: പുതിയ വര്‍ഷവും കാര്യം അത്ര പന്തിയല്ല

Posted on: September 5, 2015 4:38 am | Last updated: September 4, 2015 at 8:40 pm

taxകഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഒരു തവണ പോലും ലക്ഷ്യം കാണാന്‍ കഴിയാതിരുന്ന വാണിജ്യ നികുതി വരുമാനം പുതിയ സാമ്പത്തിക വര്‍ഷത്തിലും അത്ര പന്തിയല്ലെന്നാണ് പുതിയ കണക്കുകളും തെളിയിക്കുന്നത്. സംസ്ഥാന ഖജനാവിലേക്ക് നികുതി വരുമാനമായി 35,472 കോടി രൂപ പിരിച്ചെടുക്കാന്‍ നിശ്ചയിച്ച നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആദ്യപാദം പിന്നിടുമ്പോള്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
നിശ്ചിത കണക്ക് പ്രകാരം ഒരു മാസം 2,956 കോടി രൂപയാണ് ശരാശരി ഖജനാവിലെത്തേണ്ടത്. എന്നാല്‍ ആദ്യ പാദത്തില്‍ തന്നെ 1,500 കോടിയിലേറെ രൂപയുടെ കുറവാണ് മൂന്നു മാസങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ 1918 കോടിയും മെയ്മാസത്തില്‍ 2497 കോടിയും ജൂണില്‍ 2425 കോടിയുമാണ് ഖജനാവിലേക്കെത്തിയത്. നിശ്ചിത തുകയുടെ പ്രതിമാസ കണക്ക് പ്രാകരം സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദം പൂര്‍ത്തിയാകുമ്പോള്‍ 8,868 കോടിയെത്തേണ്ട നികുതി വരുമാനത്തില്‍ 6,796 കോടിയാണ് ഇതുവരെ ഖജനാവിലേക്കെത്തിയത്. അഥവാ ആദ്യ പാദത്തില്‍ തന്നെ 2,072 കോടിയുടെ കുറവാണ് അനുഭവപ്പട്ടിരിക്കുന്നത്. ഇത് പതിവ് പോലെ വരും മാസങ്ങളിലുമുണ്ടായേക്കാവുന്ന നികുതി ചോര്‍ച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
സംസ്ഥാനത്തിലേക്ക് ചെക്‌പോസ്റ്റുകള്‍ കടന്ന് കൂടുതല്‍ ചരക്കുകളെത്തുന്ന പാലക്കാട് ജില്ലയിലെ നികുതി വുമാനം ഇക്കാലയളവില്‍ കുറഞ്ഞിട്ടുണ്ടെന്നത് ആശങ്കയുണര്‍ത്തുന്നതാണ്. ആദ്യപാദത്തില്‍ പാലക്കാട് ഉള്‍പ്പെടെ ആറുജില്ലകളില്‍ നികുതി വരുമാന വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയണെന്നതും കാര്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് വളര്‍ച്ചാനിരക്ക് അഞ്ചു ശതമാനത്തില്‍ താഴേക്ക് പോയത്. അതേസമയം സംസ്ഥാന വാണിജ്യ നികുതി വരുമാനത്തിന്റെ പ്രധാന സ്രോതസ്സുകളായ എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെ ജില്ലകളില്‍ ചെറിയ വര്‍ധന അനുഭവപ്പെട്ടു. വര്‍ധനയുണ്ടായ ഇടങ്ങളിലാവട്ടെ ഇത് ലഭിച്ചത് നികുതി വകുപ്പിന് യാതൊരു ബുദ്ധിമുട്ടുമില്ലാത്ത മദ്യം, പെട്രോള്‍ ഉത്പന്നങ്ങളിലെ അധിക നികുതിയില്‍ നിന്നും.
അതേസമയം, കഴിഞ്ഞ നാലു വര്‍ഷത്തിനിടെ വാണിജ്യ നികുതി കുടിശ്ശിക ഇനത്തില്‍ സംസ്ഥാന ഖജനാവിലേക്ക് 17,000 കോടിയിലേറെ രൂപ എത്താനുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയ 2011-12 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയായപ്പോള്‍ 922 കോടി രൂപയായിരുന്നു നികുതി വരുമാന ഇനത്തില്‍ കുടിശ്ശികയായുണ്ടായിരുന്നത്. എന്നാല്‍ 2012-13 വര്‍ഷത്തില്‍ ഇത് 2046 കോടിയായി ഉയര്‍ന്നു. തുടര്‍ന്ന് 2013-14 സാമ്പത്തിക വര്‍ഷത്തെ കുടിശ്ശിക 6,777 കോടി രൂപയായി. 2014-15 വര്‍ഷം 4,000 കോടിയുമായതോടെയാണ് കുടിശ്ശിക 17,000 കോടിയിലെത്തിയത്. അവസാന വര്‍ഷം വളര്‍ച്ചാ നിരക്കും രണ്ടക്കത്തില്‍ നിന്ന് ഒരക്കത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. റെക്കോര്‍ഡ് ഉപഭോഗവും, വന്‍ വിലക്കയറ്റവും പ്രതീക്ഷിച്ച പോലെ നികുതി പിരിവിന്റെ ഗ്രാഫ് ഉയര്‍ത്തിയിരുന്നില്ല.
ഈ നില തുടര്‍ന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതക്ക് കടുത്ത ഭീഷണി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആസന്നമായതും സംസ്ഥാനത്തിന് കൂടുതല്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നതിനാല്‍ അധികം നികുതി വരുമാനം ഖജനാവിലെത്തിക്കാന്‍ സര്‍ക്കാറിന് അശ്രാന്ത പരിശ്രമം നടത്തേണ്ടി വരും.