മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോഴാണ് സന്തോഷം ഉണ്ടാകുന്നത്: മുഖ്യമന്ത്രി

Posted on: September 4, 2015 12:11 pm | Last updated: September 4, 2015 at 12:11 pm

oommenchandiഎടവണ്ണപ്പാറ: വാഴക്കാട് പഞ്ചായത്ത് ഖത്തര്‍ പ്രവാസി സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മയായ വാഴക്കാട് അസോസിയേഷന്‍ ഖത്തര്‍ (വാഖ്) അല്‍നൂര്‍ ആസ്പത്രിയില്‍ ആരംഭിച്ച ഡയാലിസിസ് സെന്റര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.
വാഴക്കാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വെച്ചായിരുന്നു ചടങ്ങ്. മറ്റുള്ളവര്‍ക്ക് വേണ്ടി നമ്മള്‍ എന്തെങ്കിലും ചെയ്യുമ്പോഴാണ് യഥാര്‍ഥത്തില്‍ സംതൃപ്തിയും സന്തോഷവും ഉണ്ടാകുന്നത്. മറ്റുള്ളവരേക്കുറിച്ച് അവരുടെ പ്രയാസങ്ങളെക്കുറിച്ച്, ബുദ്ധിമുട്ടുകളെക്കുറിച്ച് ചിന്തിക്കുന്നുവെങ്കില്‍ നിശ്ചയമായും അത് ഒരു വലിയ പുണ്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഴക്കാട് അസോസിയേഷന്‍ ആണ് ഡയാലിസിസ് മെഷീനുകള്‍ സെന്റെറിന് നല്‍കിയത്. ഇപ്പോള്‍ ആറ് മെഷീനാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടാഘട്ട ക്യാമ്പയിനിന്റെ ഭാഗമായി നാല് ഡയാലിസിസ് മെഷീനുകള്‍ കൂടി പ്രവര്‍ത്തിപ്പിക്കും. പ്രവര്‍ത്തനം ആരംഭിച്ച സെന്ററില്‍ 12 രോഗികള്‍ക്ക് സേവനം ലഭ്യമാണ്.
പുതുതായി രജിസ്റ്റര്‍ ചെയ്ത ഏഴ് രോഗികള്‍ക്ക് കൂടി ഉടനെ സൗകര്യം ഏര്‍പ്പെടുത്തും. നിലവില്‍ പത്തൊമ്പത് രോഗികളെ വരെ ദിവസവും ഡയാലിസിസ് ചെയ്യാന്‍ സൗകര്യമുണ്ടെന്നും ഉടനെ അറുപത് രോഗികളെ വരെ ഡയാലിസിസ് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ വാഴക്കാട് പഞ്ചായത്തിലെ മുഴുവന്‍ ആളുകളും ഈ ജീവ കാരുണ്യ പ്രവര്‍ത്തനത്തില്‍ സഹകരിക്കുന്ന്ുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
ചടങ്ങില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പി അധ്യക്ഷത വഹിച്ചു. ഇ അഹമ്മദ് എം പി വാഖ് സുവനീര്‍ പ്രകാശനം ചെയ്തു. രണ്ടാഘട്ട ക്യാമ്പയിന്റെ ഫണ്ട് ശേഖരണ ഉദ്ഘാടനം കെ മുഹമ്മദുണ്ണിഹാജി എം എല്‍ എയും, കനിവ് പുസ്ത പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാര്‍ ഹാജി, പദ്ധതി വിശദീകരണം എം കെ നൗഷാദും നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സുനില്‍കുമാര്‍, ജില്ലാ കലക്ടര്‍ ഭാസ്‌ക്കരന്‍ സംസാരിച്ചു.