ചേളാരി മദ്‌റസകളില്‍ പരീക്ഷാ ഫീസിന്റെ മറവില്‍ വന്‍ ധനശേഖരണം

Posted on: September 4, 2015 12:51 am | Last updated: September 4, 2015 at 12:51 am

കണ്ണൂര്‍: ചേളാരി വിഭാഗം മദ്‌റസകളില്‍ പരീക്ഷാ ഫീസിന്റെ പേരില്‍ കൊള്ള. ജില്ലയിലെ മദ്‌റസകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അമിത ഫീസ് പിരിച്ചെടുക്കുന്നതാണ് വിവാദമായിട്ടുള്ളത്. മുന്‍ കാലങ്ങളില്‍ മദ്‌റസകളില്‍ നിന്ന് പരീക്ഷക്കായി പിരിക്കുന്ന ഫീസിന്റെ ഇരട്ടിയിലധികമാണ് ഇത്തവണ ഈടാക്കുന്നതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
ഒന്നാം ക്ലാസിലെ വിദ്യാര്‍ഥിയില്‍ നിന്ന് 110 രൂപയാണ് ഫീസ്. ഇത് വിദ്യാര്‍ഥിയുടെ പാഠ പുസ്തകത്തിന്റെ വിലയേക്കാള്‍ കൂടുതല്‍ വരും. രണ്ടാം ക്ലാസില്‍ 130, മൂന്നാം ക്ലാസിലും നാലാം ക്ലാസിലും 140, അഞ്ചില്‍ 130, ആറാം ക്ലാസില്‍ 150, ഏഴാം ക്ലാസില്‍ 140, എട്ട്, ഒന്‍പത് ക്ലാസുകളില്‍ 170 രൂപയുമാണ് ഫീസ് ഈടാക്കുന്നത്. അധ്യയന വര്‍ഷത്തിനിടയില്‍ നടക്കുന്ന മൂന്ന് പരീക്ഷകള്‍ക്കാണ് ഇത്രയും ഫീസ് പിരിച്ചെടുക്കുന്നത്. ഇതെക്കുറിച്ച് ചേളാരി ആസ്ഥാനത്ത് നിന്ന് ലഭിച്ച മറുപടി 40 രൂപയാണ് പരീക്ഷാ ഫീസെന്നാണ്.
സംഘടനകളുടെ ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയാണ് മദ്‌റസാ വിദ്യാര്‍ഥികളെ പിഴിയുന്നത്. നേരത്തെ സംഘടനയുടെ നേതൃത്വത്തില്‍ പത്രം ആരംഭിക്കുന്നതിനും പിന്നീടും വിദ്യാര്‍ഥികളില്‍ നിന്ന് പണം പിരിച്ചിരുന്നു. ഇതിന് പുറമെ പല പേരുകളിലായി വിദ്യാര്‍ഥികളില്‍ നിന്ന് പണപ്പിരിവ് നടത്താറുമുണ്ട്. മദ്‌റസാ വിദ്യാര്‍ഥികളില്‍ നിന്ന് പരീക്ഷയുടെ പേരില്‍ അമിതമായി പണം പിരിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടൂണ്ട്. ഫീസ് കൂടുതലായി വാങ്ങുന്നത് സംബന്ധിച്ച് ചര്‍ച്ചയാക്കരുതെന്നാണത്രെ മദ്‌റസാധ്യാപകര്‍ക്ക് റെയിഞ്ച് ഭാരവാഹികള്‍ നല്‍കിയ നിര്‍ദേശം.