വ്യവസ്ഥകള്‍ ലംഘിച്ച് മത്സ്യബന്ധന ഉപകരണങ്ങള്‍ വില്‍പന നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

Posted on: September 3, 2015 6:43 pm | Last updated: September 3, 2015 at 7:44 pm

gargoorഅബുദാബി: വ്യവസ്ഥകള്‍ ലംഘിച്ച് മത്സ്യബന്ധന ഉപകരണങ്ങള്‍ വില്‍പന നടത്തിയ, വടക്കന്‍ എമിറേറ്റിലെ ആറ് കടകള്‍ക്കെതിരെ ദേശീയ പരിസ്ഥിതി ജല മന്ത്രാലയം നടപടി സ്വീകരിച്ചു.
1999ലെ ഫെഡറല്‍ നിയമം 23 ലംഘിച്ച് ഷാര്‍ജ, അജ്മാന്‍ എന്നീ എമിറേറ്റുകളില്‍ നിരോധിത ഗര്‍ഗൂദ് വലകള്‍ വില്‍പന നടത്തിയ ഷോപ്പുകള്‍ക്കെതിരെയാണ് പരിസ്ഥിതി മന്ത്രാലയം നടപടി സ്വീകരിച്ചത്. ജല വിഭവങ്ങളുടെ ജീവന്റെ സംരക്ഷണവും വികാസവുമില്ലാതാക്കുന്ന ഉപകരണങ്ങള്‍ വില്‍പന നടത്തിയതിനാണ് നടപടി. പ്രാദേശിക ഓഫീസുകളെ ഏകോപിപ്പിച്ചാണ് പരിശോധന നടത്തിയതെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സെയ്ഫ് മുഹമ്മദ് അല്‍ സഹാറ വ്യക്തമാക്കി.
നിയമങ്ങള്‍ ലംഘിച്ച് അനുവദനീയമായ മത്സ്യബന്ധന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം മത്സ്യങ്ങളുടെ ആവാസമില്ലാതാക്കുന്ന നിരോധിത ഉപകരണങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാന്‍ പ്രാദേശിക അധികാരികള്‍ കടകളില്‍ പരിശോധന നടത്തുമെന്നും കച്ചവട സ്ഥാപനങ്ങളെയും മത്സ്യത്തൊഴിലാളികളെയും സഹകരിപ്പിച്ച് ശില്‍പ്പശാല സംഘടിപ്പിക്കുമെന്നും പുതിയ മാര്‍ഗ നിര്‍ദേശങ്ങളും സാങ്കേതിക വിദ്യകളും പരിശീലിപ്പിക്കുമെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.