കെണിയില്‍ പെടുന്നവരുടെ രോദനം

Posted on: September 3, 2015 7:41 pm | Last updated: September 3, 2015 at 7:41 pm

2nd page‘സാര്‍, ഞാന്‍ ഒരു കെണിയില്‍ അകപ്പെട്ടിരിക്കുകയാണ്. രക്ഷിക്കണം’ ഫോണില്‍ ആ സ്ത്രീ കരയുകയായിരുന്നു. ‘ഇവിടെ ഒരു ഫഌറ്റില്‍ അടച്ചിട്ടിരിക്കുകയാണ്. പെണ്‍വാണിഭ സംഘമാണ്. വഴങ്ങാത്തത് കൊണ്ട് എന്നും അടിയാണ്’ കൊല്ലം സ്വദേശിനിയായ ആ യുവതി കരച്ചിലിനിടയില്‍ കദനകഥ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു.
ദുബൈയില്‍ ആയയുടെ ജോലി ഒഴിവുണ്ടെന്നും പറഞ്ഞാണ് അവരെ കൊണ്ട് വന്നത്. എന്നാല്‍ വിമാനത്താവളത്തില്‍ നിന്ന് നേരെ കൊണ്ട് പോയത് പെണ്‍വാണിഭ കേന്ദ്രത്തിലേക്ക്. ഏജന്റ് ചതിക്കുകയായിരുന്നു.
എങ്ങനെയോ എന്റെ മൊബൈല്‍ നമ്പര്‍ കിട്ടിയ അവര്‍ (അവരെ നമുക്ക് സൂസന്‍ എന്ന് വിളിക്കാം) രക്ഷയുടെ വാതില്‍ തുറക്കുമെന്ന പ്രതീക്ഷയിലാണ് വിളിച്ചത്. കേന്ദ്രത്തിലെ റൂം ബോയി മലയാളിയായിരുന്നു. ഇവരുടെ ദുരവസ്ഥ കണ്ട് അയാള്‍ തന്റെ മൊബൈലില്‍ നിന്ന് എന്നെ വിളിക്കാന്‍ അനുവദിക്കുകയായിരുന്നു.
എന്ത് ചെയ്യാന്‍ പറ്റുമെന്ന് ആലോചിച്ച ശേഷം ഞാന്‍ വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. സൂസന്‍ പറഞ്ഞതെല്ലാം സത്യമായിരിക്കുമോ എന്ന ആശങ്കയുണ്ടെങ്കിലും കുറച്ച് കഴിഞ്ഞ് തിരിച്ച് വിളിച്ചു.
അവിടെ നിന്ന് നിങ്ങള്‍ക്ക് ഇറങ്ങി വരാന്‍ കഴിയുമോ?
ആ അത് പറ്റും. റൂം ബോയി എന്നെ സഹായിക്കും. പക്ഷേ രാവിലെ മാത്രമേ സാധിക്കൂ. ഒ.കെ. അങ്ങിനെയെങ്കില്‍ നാളെ രാവിലെ പത്തിന് ഞാന്‍ കാറുമായി അടുത്തുള്ള പാര്‍ക്കിന് മുന്നിലുണ്ടാവും. റൂമില്‍ നിന്നിറങ്ങി നേരെ വണ്ടിയില്‍ വന്ന് കയറുക.
കാറിന്റെ നിറവും മറ്റും പറഞ്ഞ് കൊടുത്ത ശേഷം ഫോണ്‍ വച്ചു.
പിറ്റേന്ന് ഞാനും ക്യാമറാമാന്‍ തന്‍വീറും സാമൂഹ്യ പ്രവര്‍ത്തകനായ പുന്നക്കന്‍ മുഹമ്മദലിയും രാവിലെ പത്തിന് മുന്‍പ് തന്നെ പാര്‍ക്കിന് മുന്നില്‍ എത്തി.
സമയം നീങ്ങുകയാണ്. പത്തേ കാല്‍, പത്തര, പത്തേ മുക്കാല്‍… സൂസനെ കാണാനില്ല. എന്നെ വിളിച്ച നമ്പറിലേക്ക് തിരിച്ച് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്.
ഇനി ആരെങ്കിലും വെറുതെ വിളിച്ച് പറ്റിച്ചതായിരിക്കുമോ? കാറിന് പുറത്തിറങ്ങി ചുറ്റുപാടും നോക്കി. ഇല്ല. ആരും തങ്ങളുടെ ഈ കാത്തിരിപ്പ് കണ്ട് ചിരിച്ചുകൊണ്ട് നില്‍ക്കുന്നില്ലെന്ന് ബോധ്യമായി. ഇനി അവര്‍ ഇറങ്ങി വരുന്ന സമയത്ത് പിടിക്കപ്പെട്ടിരിക്കുമോ? തലയിലൂടെ ഒരു ഇടിമിന്നല്‍ പാഞ്ഞു. അങ്ങിനെയെങ്കില്‍ ഇനി അടുത്തൊന്നും അവര്‍ക്ക് ഈ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടാനാകില്ല. ആ യുവതിയുടെ ജീവിതം ഊരാക്കുടുക്കിലാവും.
ഉച്ചവരെ എന്തായാലും കാത്തിരിക്കാന്‍ തന്നെ തീരുമാനിച്ചു. പതിനൊന്ന് കഴിഞ്ഞിരിക്കണം. ഒരു സ്ത്രീ കൈയില്‍ ബാഗുമായി ഓടി വരുന്നു. ഞാന്‍ പേരു വിളിച്ചു. മറുപടി കിട്ടിയതും കാറിന്റെ ഡോര്‍ തുറന്ന് കൊടുത്തു. അവര്‍ കയറിയതും തന്‍വീര്‍ കാര്‍ പറത്തിയതും ഞൊടിയിടയില്‍. ആ പ്രദേശത്ത് നിന്ന് എത്രയും വേഗം അകലുകയായിരുന്നു ലക്ഷ്യം. തങ്ങളെ ആരും പിന്തുടരുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം നേരെ പോയത് പുന്നക്കന്‍ മുഹമ്മദലിയുടെ താമസ സ്ഥലത്തേക്ക്.
അവിടെ വച്ചാണ് സൂസന്റെ കഥ വിശദമായി കേള്‍ക്കുന്നത്. ഭര്‍ത്താവ് മരിച്ച ഇവര്‍ തന്റെ മകളുടെ വിദ്യാഭ്യാസത്തിനും മറ്റുമായാണ് യു എ ഇയില്‍ എത്തിയത്. കുറച്ച് കടങ്ങളുണ്ട് അത് വീട്ടുകയും വേണം. ആയയുടെ വിസയിലാണെന്നും പറഞ്ഞ് കയറ്റി വിട്ട ഏജന്റ് ചതിക്കുകയായിരുന്നു. ഒരു ലക്ഷം രൂപ വിസയ്ക്ക് നല്‍കിയിരുന്നു.
ഇടപാടുകാരുടെ അടുത്ത് പോകില്ലെന്ന് പറഞ്ഞ സൂസനെ പട്ടിണിക്കിട്ടു. അടിച്ച് സമ്മതിപ്പിക്കാന്‍ ശ്രമിച്ചു. ഈ പീഡന പര്‍വങ്ങള്‍ക്കൊടുവിലാണ് അവരുടെ ഫോണ്‍ കോള്‍ എന്നെത്തേടി എത്തുന്നത്.
നേരത്തെ പറഞ്ഞ പ്രകാരം പത്തിന് തന്നെ കേന്ദ്രത്തില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങിയതാണ്. പക്ഷേ അപ്രതീക്ഷിതമായി നടത്തിപ്പുകാരനെത്തി. പിന്നെ അയാള്‍ പോകുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. രാവിലെ വേസ്റ്റെന്ന വ്യാജേന കറുത്ത കാരിബാഗിലാക്കി സൂസന്റെ വസ്ത്രങ്ങള്‍ അടങ്ങിയ ബാഗ് റൂംബോയി പുറത്തെത്തിച്ചു. വേസ്റ്റ് ബിന്നിന് സമീപത്ത് അത് വച്ച് അയാള്‍ തിരികെ വന്നു.
മുറി തുറന്ന് കൊടുത്തതും പുറത്ത് എത്താന്‍ സൂസനെ സഹായിച്ചതും റൂം ബോയി തന്നെ. വേയ്സ്റ്റ് ബിന്നിന് സമീപത്ത് നിന്ന് തന്റെ ബാഗുമെടുത്ത് പാര്‍ക്കിന് സമീപത്തുള്ള കാര്‍ വരെ അവര്‍ ഓടുകയായിരുന്നു. രക്ഷപ്പെട്ട ആശ്വാസം അവരുടെ മുഖത്ത്. വാക്കുകളിലും.
പിന്നീട് ഇവരെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് കീഴിലുള്ള അഭയ കേന്ദ്രത്തിലെത്തിച്ചു. വാര്‍ത്ത നല്‍കി. ദിവസങ്ങള്‍ക്കുള്ളില്‍ സൂസന്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
എട്ട് വര്‍ഷമെങ്കിലും പഴക്കമുണ്ടാകും ഈ ഓര്‍മകള്‍ക്ക്. സിറാജ് പത്താം വാര്‍ഷികം ആഘോഷിക്കുന്നു ഈ വേളയില്‍ മനസിലേക്ക് എത്തിയത് ഇത്തരത്തില്‍ രക്ഷപ്പെടുത്തിയ സ്ത്രീകളുടെ മുഖങ്ങളാണ്. പെണ്‍വാണിഭ സംഘങ്ങള്‍ക്കെതിരെ സിറാജ് ദിനപത്രവും നിലകൊണ്ടു.