ഏക ബോട്ട് സര്‍വീസും മുടങ്ങി; വലിയപറമ്പ നിവാസികള്‍ ദുരിതത്തിലായി

Posted on: September 2, 2015 5:56 am | Last updated: September 1, 2015 at 7:57 pm

boatതൃക്കരിപ്പൂര്‍: വലിയപറമ്പ ദ്വീപ് നിവാസികളുടെ യാത്ര പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കുന്ന ഏക ബോട്ട് സര്‍വ്വീസ് നിലച്ചു. ഇതോടെ അറബിക്കടലിലും കവ്വായിക്കായലിനും ഇടയില്‍ ഇരുപത്തിനാല് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നീണ്ടുകിടക്കുന്ന തീരദേശ വാസികളുടെ യാത്രാ ദുരിതം ഇരട്ടിച്ചു.
ആയിറ്റി കേന്ദ്രമാക്കി ജലഗതാഗത വകുപ്പിന്റെ കൊറ്റി കോട്ടപ്പുറം ബോട്ട് സര്‍വീസാണ് ദിവസങ്ങള്‍ക്ക് മുമ്പായി മുടങ്ങിയത്. ദിവസേന നൂറുക്കണക്കിന് യാത്രക്കാരാണ് ഈ ബോട്ട് സര്‍വീസിനെ ആശ്രയിച്ച് ഇരു ഭാഗങ്ങളിലേക്കും യാത്ര ചെയ്യുന്നത്.
ഏകദേശം കാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പായാണ് സംസ്ഥാന ജലഗതാഗത വകുപ്പ് ഈ റൂട്ടില്‍ ബോട്ട് സര്‍വീസ് ആരംഭിച്ചത്. തുടക്കത്തില്‍ ആറു ബോട്ടുകള്‍ സര്‍വീസ് നടത്തിയിരുന്നുവെങ്കിലും ക്രമേണ പലതും കേടായി കട്ടപ്പുറത്ത് കയറ്റിവെച്ചു.
അവസാനം ബാക്കിവന്ന ഒരു ബോട്ടാണ് ദിവസങ്ങള്‍ക്ക് മുമ്പായി സര്‍വീസ് നിര്‍ത്തിവെച്ചതോടെ പ്രദേശവാസികള്‍ തീര്‍ത്തും നിരാശയിലായി.
സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ആയിറ്റി കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന ജലഗതാഗതവകുപ്പിന്റെ ബോട്ട് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുവെന്ന ആശങ്കയും നേരത്തെ യാത്രക്കാരില്‍ ഉണ്ടായിരുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ബോട്ടപകടത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സുരക്ഷ മാനദന്ടങ്ങളുടെ പശ്ചാത്തലത്തിലാണ് യാത്രക്കാരുടെ ആശങ്ക. സംസ്ഥാന ജലഗതാഗവകുപ്പിന്റെ കോട്ടയം, എറണാകുളം കായലുകളില്‍ സര്‍വീസ് നടത്തി പഴകിയ ബോട്ടുകളാണ് കവ്വായി കായലില്‍ ഓടുന്നതെന്നാണ് ജനങ്ങള്‍ പരാതി പറയുന്നത്.
ഒരു ബോട്ട് മാത്രമേ സ്റ്റീല്‍ ബോട്ടായി ഉള്ളൂ. ഇതാകട്ടെ ഘനം കൂടിയതായതുകാരണം മണ്‍തിട്ടയില്‍ തട്ടി എന്നും റിപ്പെയറിലാണ്. സില്‍ക്കില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി ജലഗതാഗത വകുപ്പ് വാങ്ങിയ ബോട്ട് സുരക്ഷിതമല്ല. ആഴം കുറഞ്ഞ ജെട്ടികളില്‍ അടുപ്പിക്കാന്‍ കഴിയുന്നില്ലെന്നതാണ് പ്രശ്‌നം.
കവ്വായി കായലില്‍ കൊറ്റി മുതല്‍ കോട്ടപ്പുറം നമ്പ്യാര്‍കെട്ട് ക്രോസ്ബാര്‍ വരെ പുഴ 6 മീറ്റര്‍ വീതിയില്‍ മണ്ണെടുത്ത് ആഴം കൂട്ടിയിരുന്നു. തുറമുഖ വകുപ്പ് മുഖേന ഘട്ടം ഘട്ടമായാണ് പ്രവൃത്തി നടത്തിയത്.
അഴീക്കല്‍ തുറമുഖത്ത് നിന്ന് ചെറുകപ്പലുകളിലും, വഞ്ചികളിലും കയറ്റിറക്ക് നടത്താന്‍ ലക്ഷ്യമിട്ട് സുല്‍ത്താന്‍ തോട് മുതല്‍ കൊറ്റി വരെയും പുഴ മണലെടുത്ത് ആഴം കൂട്ടിയിരുന്നു. എന്നാല്‍ ആവശ്യമായ സിഗ്നലുകളും ചാല്‍കുറ്റികളും സ്ഥാപിച്ചിരുന്നില്ല. സുല്‍ത്താന്‍ തോട് ആഴം കൂട്ടിയപ്പോള്‍ ബോട്ടുകള്‍ കടന്നുവരാന്‍ തടസ്സമായിരുന്നു. തെങ്ങുകളും ഫലവൃക്ഷങ്ങളും മുറിച്ചുമാറ്റിയില്ല. ഇത് സര്‍വീസിന് തടസ്സമായി. കവ്വായി കായലില്‍ നിലവിലുള്ള ജെട്ടികളില്‍ സിഗ്‌നല്‍ലൈറ്റുകള്‍ ഇല്ലാത്തതിനാല്‍ രാത്രികാലങ്ങളില്‍ ബോട്ടുകള്‍ അടുപ്പിക്കാന്‍ കഴിയുന്നില്ല. പഴകിയ ബോട്ടുകള്‍ മാറ്റി പുതിയ ബോട്ടുകള്‍ ഇറക്കിയാല്‍ മാത്രമേ ജലഗതാഗത വകുപ്പിന്റെ സര്‍വീസ് ബോട്ടുകള്‍ കാര്യക്ഷമമാക്കാന്‍ സാധ്യമാവുകയുള്ളൂ. ജലഗതാഗത വകുപ്പ് അതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നാണ് തീരദേശവാസികള്‍ ആവശ്യപ്പെടുന്നത്.