കൈയിലുള്ളത് പൊള്ളലേറ്റ പാട്; കുഷ്ഠരോഗമെന്ന് ആക്ഷേപം

Posted on: September 1, 2015 5:19 pm | Last updated: September 1, 2015 at 5:19 pm

Rajamma Photo3ദുബൈ: വീട്ടുജോലിക്കാരിയായ മലയാളി സ്ത്രീയെ, കുഷ്ഠരോഗിയാണെന്ന് പറഞ്ഞ് അഭയ കേന്ദ്രത്തില്‍ നിന്നും പുറത്താക്കിയതായി പരാതി. സാമ്പത്തിക ബുദ്ധിമുട്ട് മൂലം, പണ്ട് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്നുള്ള പൊള്ളലേറ്റ പാടാണ് കൈക്കുള്ളതെന്ന് പരാതിക്കാരിയായ തിരുവനന്തപുരം കഴക്കൂട്ടം കഠിനംകുളം സ്വദേശി രാജമ്മ (43) പറഞ്ഞു. സ്‌കൂള്‍ ജോലി എന്ന പേരില്‍, വീസ നല്‍കിയ എജന്റ്, പിന്നീട് വാക്ക് മാറിയതാണ് ഈ കുരുക്കിലേക്ക് എത്തിച്ചതെന്ന് ഇവര്‍ പറഞ്ഞു. മെയ് 28നാണ് എത്തിയത്. എന്നാല്‍, കൈ കാലുകളിലും കഴുത്തിലും പൊള്ളലേറ്റ വികൃതമായ പാട് മൂലം, തന്നെ ആരും ജോലിയ്ക്കായി ഇഷ്ടപ്പെടുന്നില്ല. നേരത്തെ, ജോലി ചെയ്തിരുന്ന സ്ഥലത്ത് ഇതുമൂലം ഏറെ ദുരിതം നേരിടേണ്ടി വന്നുവെന്നും ഭക്ഷണം പോലും യഥാസമയം ലഭിച്ചിരുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. എന്നാല്‍, വിസ എജന്റിനോട് ദുരിതം പറഞ്ഞപ്പോള്‍, തന്നെ, ഒരു ടാക്‌സി ഡ്രൈവറുടെ കൂടെ, അബുദാബിയിലേക്ക് കയറ്റി വിട്ടു.
ഇങ്ങിനെ, തൊഴില്‍ സ്ഥലങ്ങളിലെ മോശം അനുഭവം മൂലം ദുബൈയിലെ ഇന്ത്യന്‍ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ഇരുപത് ദിവസത്തോളം അഭയ കേന്ദ്രത്തില്‍ താമസിച്ചു. എന്നാല്‍, അവിടെയും മാനസിക പീഡനവും അവഗണനയും ആയിരുന്നുവെന്നും രാജമ്മ പരാതിപ്പെട്ടു. കുഷ്ഠരോഗിയെ പോലെയാണ് അവര്‍ തന്നോട് പെരുമാറിയത്. കക്കൂസ് വരെ കഴുകിപ്പിച്ചു. ആശ്വാസമാകേണ്ട അഭയ കേന്ദ്രത്തില്‍, തൊലി നിറം നോക്കിയുള്ള ഈ പെരുമാറ്റമായിരുന്നു. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന്, സാമ്പത്തിക ബാധ്യതയില്‍ ആകുകയും പിന്നീട് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്ത ഒരു സാധാരണ കുടുംബത്തിലെ അംഗമാണ് താന്‍. ഈ കടബാധ്യതകള്‍ വീട്ടാന്‍, നാട്ടിലെ വീടിന്റെ ആധാരം പോലും പണയം വെച്ചും പലിശയ്ക്ക് പണം കടം വാങ്ങിയുമാണ് യു എ ഇയില്‍ എത്തിയത്.
യു എ ഇയിലെ അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനാണ് പിന്നീട് അഭയം നല്‍കിയത്. ജൂണ്‍ നാലിന്, രാജമ്മയുടെ വിസ റദ്ദാക്കിയെങ്കിലും, ആ പേപ്പര്‍ അവര്‍ക്ക്, എജന്റ് നല്‍കിയത് ഓഗസ്റ്റ് 30 ന് മാത്രമാണെന്നും ഇത് എന്തുകൊണ്ടാണെന്ന് തിരിച്ചറിയണമെന്ന്, പിന്നീട് അഭയം നല്‍കിയ അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്റെ പ്രസിഡണ്ട് ഒ വൈ അഹമ്മദ് ഖാന്‍ പറഞ്ഞു. രാജമ്മയെ എത്രയും വേഗത്തില്‍ നാട്ടിലെത്തിയ്ക്കുമെന്നും ഇതിനായി നടപടികള്‍ പുരോഗമിക്കുകയാണെന്നും കോണ്‍സുലേറ്റ് അധികൃതര്‍ പറഞ്ഞു.