പ്ലസ് വണ്‍ പ്രവേശനം സെപ്തംബര്‍ നാലിന്‌

Posted on: September 1, 2015 6:07 am | Last updated: September 1, 2015 at 5:26 pm

തിരുവനന്തപുരം: പ്ലസ് വണ്ണിന് സ്‌കൂളുകളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന വേക്കന്‍സികള്‍ www.hscap.kerala.gov.in  ഇന്ന് (നേടാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ വേക്കന്‍സിയുള്ള സ്‌കൂള്‍ പ്രിന്‍സിപ്പാളിന് സെപ്തംബര്‍ രണ്ടിന് ഉച്ചയ്ക്ക് മൂന്ന് മണിക്കുള്ളില്‍ സമര്‍പ്പിക്കണം.
ഒരു വിദ്യാര്‍ത്ഥി ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കേണ്ടതുള്ളൂ. വേക്കന്‍സികള്‍ക്കനുസൃതമായി എത്ര സ്‌കൂള്‍/കോഴ്‌സുകള്‍ വേണമെങ്കിലും ഓപ്ഷനായി ഉള്‍പ്പെടുത്താം. മാതൃകാഫോറം വെബ്‌സൈറ്റില്‍ ലഭിക്കും. ഇത്തരത്തില്‍ സ്‌കൂളുകളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷന്‍ വെബ്‌സൈറ്റില്‍ സെപ്തംബര്‍ മൂന്നിന് വൈകിട്ട് പ്രസിദ്ധീകരിക്കും. അപേക്ഷകര്‍ രക്ഷകര്‍ത്താക്കളോടൊപ്പം പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന സ്‌കൂളില്‍ സെപ്തംബര്‍ നാലിന് രാവിലെ 10 മണിമുതല്‍ 12 മണിക്കു മുമ്പായി പ്രവേശനത്തിന് റിപ്പോര്‍ട്ട് ചെയ്യണം. യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, അപേക്ഷയില്‍ ബോണസ് പോയിന്റ് ലഭിക്കുന്നതിന് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവയുടെ അസല്‍ രേഖകളും ഹാജരാക്കണം. മാനദണ്ഡങ്ങള്‍ ഉറപ്പാക്കി അതത് പ്രിന്‍സിപ്പല്‍മാര്‍ ഉച്ചയ്ക്ക് ഒരു മണിക്കുള്ളില്‍ പ്രവേശനം പൂര്‍ത്തിയാക്കണമെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.