കണ്‍സ്യൂമര്‍ഫെഡ് അഴിമതി അന്വേഷിക്കാന്‍ ഉപസമിതി

Posted on: September 1, 2015 5:59 am | Last updated: September 1, 2015 at 12:50 am

consumerfedകൊച്ചി: കണ്‍സ്യൂമര്‍ ഫെഡില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും ക്രമക്കേടുമായി ബന്ധപ്പെട്ട് 22 ജീവനക്കാര്‍ക്കെതിരെയുണ്ടായ അച്ചടക്ക നടപടി അന്വേഷിക്കാന്‍ ഭരണ സമിതി ഉപസമിതിയെ നിയോഗിച്ചു. സതീശന്‍ പാച്ചേനി അധ്യക്ഷനായ സമിതിയില്‍ പി രാജശേഖരന്‍, രാമകൃഷ്ണന്‍ എന്നിവരാണ് അംഗങ്ങള്‍. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ബോര്‍ഡ് യോഗത്തില്‍ സസ്‌പെന്‍ഷന്‍ വിഷയത്തില്‍ തര്‍ക്കമുയര്‍ന്നതിനെത്തുടര്‍ന്നാണ് ഉപസമിതിയെ നിയമിച്ചത്. ബോര്‍ഡ് യോഗത്തില്‍ സസ്‌പെന്‍ഷനെ ചൊല്ലി എം ഡി ടോമിന്‍ തച്ചങ്കരിയും പ്രസിഡന്റ് ജോയ് തോമസും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടന്നത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ജോയ് തോമസ് ആവശ്യപ്പെട്ടു. എന്നാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചാല്‍ താന്‍ രാജിവെക്കുമെന്നു തച്ചങ്കരി ഭീഷണിപ്പെടുത്തി. അഴിമതി കാട്ടിയ ജീവനക്കാരെ വെച്ചു പൊറുപ്പിക്കാന്‍ കഴിയില്ലെന്നും അച്ചടക്ക നടപടി എടുത്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും തച്ചങ്കരി പറഞ്ഞു. കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയും തച്ചങ്കരിക്ക് ലഭിച്ചു.
കോടികളുടെ അഴിമതിയാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കണ്‍സ്യൂമര്‍ഫെഡിനുണ്ടായത്. സ്ഥാപനം നഷ്ടത്തിലേക്ക് കൂപ്പു കുത്തിയപ്പോഴും കോടികളുടെ ധൂര്‍ത്താണ് കണ്‍സ്യൂമര്‍ഫെഡില്‍ നടന്നത്. തച്ചങ്കരി ചുമതലയേറ്റത് മുതല്‍ ജോയ്‌തോമസുമായി ശക്തമായ അഭിപ്രായ വ്യത്യാസമാണ് നില നില്‍ക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡ് അഴിമതി സംബന്ധിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്ന് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ നേരത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന് ഉറപ്പ് നല്‍കിയിരുന്നു. 50 കോടിയുടെ അഴിമതി ആരോപണമാണ് ജോയ് തോമസിനെതിരെ ഉയര്‍ന്നിരുന്നത്. ത്രിവേണി, നന്മ സ്‌റ്റോറുകള്‍ ഓരോന്നായി പൂട്ടിയ കണ്‍സ്യൂമര്‍ ഫെഡ് ഓണക്കാലത്ത് നോക്കുകുത്തിയായി മാറിയതിലും ബോര്‍ഡ് യോഗത്തില്‍ ശക്തമായ വിമര്‍ശനമാണുണ്ടായത്. കണ്‍സ്യൂമര്‍ഫെഡിന്റെ മുഴുവന്‍ വിദേശമദ്യ വില്‍പ്പനശാലകളിലും ഒരു മാസത്തിനകം സിസിടിവി ക്യാമറ സ്ഥാപിക്കാനുള്ള തീരുമാനത്തിന് ഭരണ സമിതി അംഗീകാരം നല്‍കി. അതിനിടെ, കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് വി ശിവന്‍കുട്ടി എം എല്‍ എ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഒന്ന് എസ് പി ആര്‍ സുകേശന്‍ ക്വിക് വെരിഫിക്കേഷന്‍ ആരംഭിച്ചു. കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് ജോയ് തോമസ് 93.2 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് പരാതി. 2013 സെപ്തംബര്‍ 30 ന് കണ്‍സ്യൂമര്‍ഫെഡിന്റെ 19 കേന്ദ്രത്തില്‍ ഓപറേഷന്‍ അന്നപൂര്‍ണ എന്ന പേരില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് രണ്ട് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ തുടര്‍ നടപടി ഉണ്ടായില്ല. കണ്‍സ്യൂമര്‍ ഫെഡില്‍ പുതുതായി രൂപവത്കരിച്ച ആഭ്യന്തര അന്വേഷണ വിഭാഗം മാര്‍ച്ചിന് ശേഷം 12 കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ 105.27 കോടിയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ശിവന്‍കുട്ടി വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.