അല്‍ ബലൂശിയുടെ മൃതദേഹം മാതൃരാജ്യം ഏറ്റുവാങ്ങി

Posted on: August 14, 2015 5:47 pm | Last updated: August 14, 2015 at 5:47 pm
SHARE

EP-150819767ദുബൈ: യമനിലെ വിമത വിഭാഗമായ ഹൂത്തികള്‍ക്കെതിരായ പോരാട്ടത്തിനിടെ കൊല്ലപ്പെട്ട കോര്‍പ്പറല്‍ അബ്ദുല്‍റഹ്മാന്‍ ഇബ്‌റാഹിം ഈസ അല്‍ ബലൂശിയുടെ മൃതദേഹം മാതൃരാജ്യം ഏറ്റുവാങ്ങി. ഹൂത്തി തീവ്രവാദികള്‍ക്കെതിരെ സഊദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഓപ്പറേഷന്‍ റെസ്റ്റോര്‍ ഹോപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് അല്‍ ബലൂശിക്ക് വാഹനാപകടത്തില്‍ ജീവന്‍ നഷ്ടമായത്. ഇന്നലെ പ്രത്യേക സൈനിക വിമാനത്തിലായിരുന്നു മുതിര്‍ന്ന സൈനിക ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ തലസ്ഥാനത്തെ അല്‍ ബത്തീന്‍ സൈനിക വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചത്.
ഉയര്‍ന്ന സൈനിക ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ചടങ്ങോടെയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ഇതോടെ ജീവന്‍ നഷ്ടമാവുന്ന സ്വദേശി സൈനികരുടെ എണ്ണം ഏഴായി. അബ്ദുര്‍റഹ്മാന്‍ ഇബ്രാഹിം ഈസ അല്‍ ബലൂശി സഞ്ചരിച്ചിരുന്ന വാഹനം തലകീഴായി മറിഞ്ഞാണ് മരണം സംഭവിച്ചതെന്നും സായുധസേനയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യമനില്‍ എട്ടിന് സൈനിക നീക്കത്തിനിടെയുണ്ടായ മൈന്‍ സ്‌ഫോടനത്തില്‍ യു എ ഇയുടെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
ഫസ്റ്റ് കോര്‍പറല്‍മാരായ ഖാലിദ് മുഹമ്മദ് അബ്ദുല്ല അല്‍ ഷേഹി, ഫഹീം സഈദ് അഹ്മദ് അല്‍ ഹബ്‌സി, ജുമ ജൗഹര്‍ ജുമ അല്‍ ഹമ്മാദി എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. നോണ്‍ കമ്മീഷന്‍ഡ് ഓഫീസറായ ഹാസിം ഉബൈദ് അല്‍ അലി, സെയ്ഫ് യൂസുഫ് അഹ്മദ് അല്‍ ഫലാസി, ലഫ്. അബ്ദുല്‍അസീസ് സര്‍ഹാന്‍ സാലിഹ് അല്‍ കഅബി എന്നിവര്‍ ഓപറേഷന്‍ ഹോപ്പിന്റെ ഭാഗമായി യമനില്‍ നേരത്തെ രക്തസാക്ഷിത്വം വഹിച്ചിരുന്നു.