ഇടതു വലതു ഒത്തുകളി ഗ്രീസിലും

Posted on: August 5, 2015 5:34 am | Last updated: August 5, 2015 at 1:12 am
SHARE

ഗ്രീസിലെ ഇടതുപക്ഷ നേതൃത്വം യൂറോപ്യന്‍ സാമ്പത്തിക മേധാവികള്‍ക്കു മുമ്പില്‍ സമ്പൂര്‍ണമായി അടിയറവ് പറഞ്ഞിരിക്കുന്നു. യൂറോപ്യന്‍ ത്രിമൂര്‍ത്തികള്‍ (യൂറോ കമ്മീഷന്‍, യൂറോ കേന്ദ്ര ബേങ്ക്, ഒപ്പം അന്താരാഷ്ട്ര നാണയ നിധിയായ ഐ എം എഫ് എന്നിവര്‍) ആവശ്യപ്പെട്ടതിനപ്പുറം അടിമപ്പെടാന്‍ ഗ്രീസിലെ സിപ്രാസ് സര്‍ക്കാര്‍ തയ്യാറായിരിക്കുന്നു. ഭരണകക്ഷിയിലെ പലരും ഈ കീഴടങ്ങലിനെ എതിര്‍ത്തു. എന്നാല്‍, വലതു പ്രതിപക്ഷത്തിന്റെ പിന്തുണയോടെ ഈ നടപടികള്‍ക്ക് ഗ്രീക്ക് പാര്‍ലിമെന്റിന്റെ അംഗീകാരം നേടുകയാണ് സിപ്രാസിന്റെ സര്‍ക്കാര്‍ ചെയ്തത്. ഇടതുപക്ഷ രാഷ്ട്രീയത്തിന് ഇനി ഭാവിയില്ലെന്ന് തന്നെ തോന്നും വിധത്തിലുള്ള ഈ കീഴടങ്ങലിനെതിരെ ഗ്രീസിലെ 61 ശതമാനം ജനങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തിയതാണ്, ജൂലൈ അഞ്ചിന്. അതിനു വേണ്ടി ശക്തമായി പ്രചാരണം നടത്തിയ സിപ്രാസ് തന്നെ ജനങ്ങളെ വഞ്ചിച്ചിരിക്കുന്നു, വെറും 11 ദിവസത്തിനകം. ഇതിനെതിരെ യഥാര്‍ഥ ഇടതുപക്ഷം എങ്ങനെ മുന്നോട്ടു പോകും എന്നതാണ് ഗ്രീസിനെ ശ്രദ്ധേയമാക്കുന്നത്.
2015 ജനുവരി 25ന് ഗ്രീസില്‍ വിപ്ലവ പരിപാടികളോടെ ഇടതുപക്ഷം അധികാരം പിടിച്ചടക്കിയപ്പോള്‍ ലോകമെങ്ങുമുള്ള പുരോഗമന വാദികള്‍ ആവേശം കൊണ്ടു. ലാറ്റിനമേരിക്കയില്‍ ഉണ്ടായതുപോലെ ഒരു ഇടതു തരംഗം ഇനി യൂറോപ്പിലും വന്നേക്കാമെന്ന തോന്നലുണ്ടായി. സ്‌പെയിനടക്കം പല രാജ്യങ്ങളിലും ഇതിന്റെ തരംഗങ്ങള്‍ ഉയര്‍ന്നു. ഈ ഇടതുപക്ഷ മുന്നേറ്റം, നവലിബറല്‍ നയങ്ങളില്‍പ്പെട് നട്ടം തിരിഞ്ഞ ഒരു ജനതയുടെ രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു. 2001ല്‍ യൂറോപ്യന്‍ മേഖലയില്‍ അംഗമായ രാജ്യമാണ് ഗ്രീസ്. 1990ലെ മാസ്ട്രിറ്റ് കരാര്‍ അംഗീകരിച്ചു. ബജറ്റ് കമ്മി കുറയ്ക്കല്‍, വിദേശ കടം യഥാസമയം തിരിച്ചടിക്കല്‍ മുതലായവക്ക് പ്രാധാന്യം നല്‍കുന്ന നയങ്ങളാണിവ. ഇതിനു വേണ്ടി സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറയ്ക്കുകയും (പെന്‍ഷനും മറ്റും) പൊതു ആസ്തികള്‍ സ്വകാര്യ മൂലധന ശക്തികള്‍ക്ക് വില്‍ക്കുകയും മറ്റും ചെയ്യാന്‍ തയ്യാറാകണം. (ഇത് തന്നെയാണ് പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ എന്ന പേരില്‍ ലോകമെങ്ങും നടപ്പിലാക്കിയത്.)
2001 മുതല്‍ 2007 വരെയുള്ളത് ഗ്രീസിനും യൂറോപ്പിനും മുതലാളിത്തത്തിനും സുവര്‍ണകാലമായിരുന്നു. ഗ്രീസിന്റെ ആഭ്യന്തര മൊത്ത ഉത്പാദനം (ജി ഡി പി) 4. 3 ശതമാനം വീതം ശരാശരി ഉയര്‍ന്നു. (യൂറോപ്പിന്റെ ശരാശരി) 3. 1 ശതമാനം മാത്രമായിരുന്നു. ഇതിനുള്ള പ്രധാന കാരണം, ഗ്രീസിലേക്ക് വന്‍തോതില്‍ മൂലധനം ഒഴുകിയെത്തിയതാണ്. ഇതില്‍ നല്ലൊരു പങ്ക് വായ്പ്പയായിരുന്നു. ഈ പണത്തില്‍ നല്ലൊരു ഭാഗം ഉപയോഗിച്ചത് ആര്‍ഭാടങ്ങള്‍ക്കാണ്. 2004ലെ ആതന്‍സ് ഒളിംബിക്‌സ് മുതലായവക്ക്, മറ്റൊരു പങ്ക് സൈനിക വത്കരണത്തിനാണ്. ജര്‍മന്‍ കപ്പലുകളും ടാങ്കുകളും വാങ്ങിക്കൂട്ടി. 2007 മുതല്‍ പൊതു സാമ്പത്തിക മാന്ദ്യം ആരംഭിച്ചു. ആദ്യം യു എസില്‍ തുടങ്ങി യൂറോപ്പിലാകെ അത് പടര്‍ന്നു. ഇതോടെ മൂലധനം തിരിച്ചൊഴുകാന്‍ തുടങ്ങി. യൂറോപ്പിന്റെ സമ്പദ്ഘടനയില്‍ മഹാമാന്ദ്യമുണ്ടായി. ഗ്രീസിന്റെ ഉത്പാദനശേഷി കുറഞ്ഞു. കടം തിരിച്ചടക്കാന്‍ കഴിയാതായി. തൊഴിലില്ലായ്മ വര്‍ധിച്ചു. യൂറോപ്പിനു പുറത്തുള്ള രാജ്യങ്ങള്‍ സ്വന്തം നാണയത്തിന്റെ മൂല്യം കുറച്ച് പിടിച്ചുനിന്നു. എന്നാല്‍, ഒരു കേന്ദ്ര ബേങ്കില്ലാത്ത ഗ്രീസിന്, യൂറോ നാണയം സ്വന്തം നാണയമായി സ്വീകരിച്ചിരിക്കുന്നതിനാല്‍, ഇത് സാധ്യമായില്ല. ഓഡിറ്റ് സ്ഥാപനങ്ങള്‍ തയ്യാറാക്കിയ കള്ളക്കണക്കുകള്‍ കൊണ്ട് മറച്ചുപിടിക്കാന്‍ കഴിയാത്ത വിധത്തില്‍ ഗ്രീസിന്റെ കടക്കെണി പുറത്തറിഞ്ഞു. 2009ലെ തിരഞ്ഞെടുപ്പില്‍ അധികാരമേറ്റ് പാപ്പന്‍ ഡ്രേഡ് സര്‍ക്കാര്‍ യഥാര്‍ഥ കണക്കുകള്‍ പുറത്തുവിട്ടതോടെ കടക്കെണി രാജ്യമെന്നതിനപ്പുറം ഗ്രീസ് ഒരു പാപ്പര്‍ രാജ്യമായിത്തീര്‍ന്നു.
ഒരു മൂന്നാം ലോക രാജ്യത്തിനോടെന്ന പോലെ സാമ്പത്തിക ശക്തികള്‍ ഗ്രീസിനോടും പെരുമാറി. 1989-90 കാലത്ത് ഇന്ത്യയെയെന്ന പോലെ ഗ്രീസിനെയും ‘രക്ഷാപാക്കേജുമായി’ ഇവര്‍ സമീപിച്ചു. 2010 മെയിലും 2012 മാര്‍ച്ചിലും ഇത്തരം പാക്കേജുകള്‍ സ്വീകരിക്കാന്‍ ഗ്രീസ് തയ്യാറായി. ആഭ്യന്തര ഉത്പാദനം 27 ശതമാനം താഴുകയും തൊഴിലില്ലായ്മ(യുവാക്കളുടെ) 60 ശതമാനത്തോളമാകുകയും പൊതുകടം വാര്‍ഷിക ആഭ്യന്തര മൊത്ത ഉത്പാദനത്തിന്റെ 180 ശതമാനം ആകുകയും ചെയ്ത ഒരു രാജ്യത്തിന് രാജ്യത്തിന് പിടിച്ചുനില്‍ക്കാന്‍ മറ്റു വഴികളില്ലായിരുന്നു. എന്നാല്‍, ഈ പ്രതിസന്ധിക്ക് ത്രിമൂര്‍ത്തികള്‍ നിര്‍ദേശിച്ച ‘സാമ്പത്തിക പരിഷ്‌കാരങ്ങള്‍’ ഒരു പരിഹാരമായില്ലായെന്നാണ് ഇപ്പോഴത്തെ പ്രതിസന്ധികള്‍ കാണിക്കുന്നത്.
സര്‍ക്കാര്‍ ചെലവും സാമൂഹിക സുരക്ഷയും പെന്‍ഷനുകളും കൂലിനിരക്കും മറ്റും കുറയുന്നതോടെ സാമ്പത്തിക രംഗത്ത് മാന്ദ്യം ഉറപ്പാണല്ലോ. ‘കാര്യക്ഷമതാ വര്‍ധന’വിന് വേണ്ടി പൊതു ആസ്തികളും സ്ഥാപനങ്ങളും വിറ്റതുലയ്ക്കുന്നതോടെ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലാകുന്നു. 1929ലെ മഹാമാന്ദ്യത്തെ ഓര്‍മിപ്പിക്കും വിധത്തില്‍ ഒരു ‘സൂപ്പ് പ്രധാന ഭക്ഷണ’ കാലത്തേക്ക് തിരിച്ചുപോകുകയാണെന്ന് പലരും ഭയന്നു. കൂലിയും സാമൂഹിക സുരക്ഷാ ചെലവും കുറച്ചാല്‍ തന്നെ ഉത്പാദന ചെലവ് കുറയും. ഉത്പാദനം വര്‍ധിക്കും. സമ്പദ്ഘടന വളരും തുടങ്ങിയ നവലിബറല്‍ കണക്കുകള്‍ പൂര്‍ണമായും പിഴച്ചു.
ഈ പരിഷ്‌കാരങ്ങളുടെ യഥാര്‍ഥ ഫലമെന്തായിരുന്നു? പെട്ടെന്ന് സമ്പദ്ഘടനയില്‍ വലിയ വളര്‍ച്ചയുണ്ടായെന്ന പ്രതീതിയുണ്ടായി. പക്ഷേ, ആര്‍ഭാട ജീവിതം കുത്തഴിഞ്ഞ സാമ്പത്തിക മാനേജ്‌മെന്റിലേക്കും അഴിമതിയിലേക്കുമാണ് നയിച്ചത്. സാമൂഹിക സുരക്ഷയില്‍ നിന്ന് ലാഭിച്ച പണം കോര്‍പറേറ്റ്- ഉദ്യോഗസ്ഥ – രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് അഴിമതിയിലൂടെ തട്ടിയെടുക്കാനായി. ജനങ്ങള്‍ക്കുമേല്‍ ഭാരം കയറ്റുന്ന വാറ്റ് അടക്കമുള്ള നികുതികള്‍ കൂട്ടി. എന്നാല്‍, ഈ നികുതി നല്‍കാതെ വമ്പന്മാര്‍ വെട്ടിപ്പ് നടത്തി. 2010-14 കാലത്ത് ഗ്രീസിലെ പെന്‍ഷന്‍ നിരക്ക് 50 ശതമാനം കുറച്ചു. അഴിമതി പത്ത് മടങ്ങും അതിലേറെയുമായി. യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന അഴിമതിനിരക്ക് ഉള്ള രാജ്യമായി ഗ്രീസ് മാറി. മൂലധനച്ചെലവിനായി സര്‍ക്കാര്‍ സ്വകാര്യ മേഖലയെ പൂര്‍ണമായി ആശ്രയിച്ചിട്ടും കടം കൂടി, കമ്മി കൂടി. പൊതു ആസ്തികള്‍ കമ്പോളത്തില്‍ വിറ്റ് കടം വീട്ടുകയെന്ന ലക്ഷ്യം പത്തിലൊന്ന് പോലും നിറവേറിയില്ല. 2015 ആയപ്പോഴേക്കും ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നു പോലും കിട്ടുമെന്നുറപ്പില്ലാത്ത സ്ഥിതിയായി. ബേങ്കുകള്‍ അടച്ചുപൂട്ടി. ക്രഡിറ്റ്- ഡെബിറ്റ് കാര്‍ഡുകള്‍ക്ക് യാതൊരു വിലയുമില്ലാതായി. പല സൂപ്പര്‍മാര്‍ക്കറ്റുകളും കാര്‍ഡുകള്‍ സ്വീകരിക്കാതെയായി. തൊഴിലില്ലായ്മ പെരുകി. പല സ്ഥാപനങ്ങളും സ്വന്തം തൊഴിലാളികളോട് നിര്‍ബന്ധിത ‘വേതനമില്ലാത്ത അവധി’യെടുക്കാന്‍ നിര്‍ബന്ധിച്ചു.
ഈ ഘട്ടത്തിലാണ് ജര്‍മനിയുടെ നേതൃത്വത്തില്‍ യൂറോപ്യന്‍ ശക്തികള്‍ പുതിയ രക്ഷാപാക്കേജുമായി വന്നത്. പഴയതിന്റെ തുടര്‍ച്ച തന്നെയാണിതും. ഈ പാക്കേജ് അംഗീകരിക്കാത്ത പക്ഷം ഗ്രീസിനെ യൂറോപ്യന്‍ സഖ്യത്തില്‍ നിന്നും പുറത്താക്കുമെന്നായിരുന്നു ഭീഷണി. ഗ്രീസിലെ ബേങ്കുകളുടെയെല്ലാം നിയന്ത്രണം പ്രമുഖ യൂറോ സാമ്പത്തിക സ്ഥാപനങ്ങള്‍ക്കാണ്. സ്വന്തം നാണയത്തിലേക്ക് തിരിച്ചുപോകുന്നത് ഗ്രീസിനെളുപ്പമല്ല താനും. നാണം കെടുത്തുന്ന പരിഷ്‌കാര നിര്‍ദേശങ്ങള്‍ സ്വീകരിക്കണമോ വേണ്ടയോ എന്നതായിരുന്നു ഗ്രീസിന്റെ ഇടതു സര്‍ക്കാറിനു മുന്നിലെ ചോദ്യം. ജനങ്ങളോട് തന്നെ ഈ ചോദ്യം സര്‍ക്കാര്‍ ചോദിച്ചു. ‘വേണ്ട’ എന്ന സര്‍ക്കാര്‍ നിലപാടിനു വേണ്ടി പ്രധാനമന്ത്രിയടക്കം ആവേശകരമായ പ്രചാരണം നടത്തി. ഒരു സിനിമാ സംഗീത താരത്തേക്കാള്‍ ആവേശത്തോടെ ആതന്‍സിലെ ജനക്കൂട്ടം പ്രധാനമന്ത്രി സിപ്രാസിനെ സ്വീകരിച്ച് പിന്തുണ നല്‍കി. 61 ശതമാനം പേര്‍ ‘വേണ്ട’ എന്ന് അഭിപ്രായം രേഖപ്പെടുത്തി. ‘സൂപ്പ് മാത്രം കുടിച്ച് തെരുവില്‍ ജീവിച്ചാലും ഇവര്‍ക്കു കീഴടങ്ങില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. യൂറോ അനുകൂല ശക്തികളും വലതുപക്ഷവും നടത്തിയ കുപ്രചാരണങ്ങള്‍ ശക്തമായിരുന്നു. ‘വേണ്ട’ എന്ന് തീരുമാനിച്ചാല്‍ ഗ്രീക്കുകാരുടെ ബേങ്ക് നിക്ഷേപത്തില്‍ നല്ലൊരു പങ്ക് സര്‍ക്കാര്‍ എടുത്ത് കടം വീട്ടും എന്നും മറ്റും കേട്ടിട്ടും അതിലൊന്നും വീഴാതെ സര്‍ക്കാറിനെ ജനങ്ങള്‍ പിന്താങ്ങി.
പക്ഷേ, ആ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു. തങ്ങളെ യൂറോ മേഖലയില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ ഒരു ബദല്‍ പാക്കേജ് അവര്‍ മുന്നോട്ടു വെച്ചു. ഇതില്‍ ‘ബദല്‍’ ഒന്നുമില്ലായിരുന്നു. കടം തിരിച്ചടക്കാന്‍ ആശ്വാസം തന്നാല്‍ എല്ലാ പരിഷ്‌കാര നടപടികളും ഞങ്ങള്‍ എടുത്തുകൊള്ളാമെന്നായിരുന്നു നിര്‍ദേശം. ഈ നിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ധനകാര്യമന്ത്രി യാനിസ് വറൂഫാക്കിസ് രാജിവെച്ചു. ഈ വ്യവസ്ഥകള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ സഖ്യത്തില്‍ വന്‍ പിളര്‍പ്പുണ്ടായി. കടാശ്വാസം നല്‍കാതെ തന്നെ ഈ ചെലവു ചുരുക്കല്‍ വ്യവസ്ഥകള്‍ അംഗീകരിക്കണമെന്ന ത്രിമൂര്‍ത്തികളുടെ കല്‍പ്പന അംഗീകരിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ ധനകാര്യ സഹമന്ത്രി നാദിയ അടക്കം പലരും രാജിവെച്ചു. ഈ നയങ്ങള്‍ അവതരിപ്പിച്ചാല്‍, പാര്‍ലിമെന്റില്‍ എതിര്‍ക്കുമെന്നവര്‍ പ്രഖ്യാപിച്ചു. ഐ എം എഫ് പോലും ഈ പാക്കേജിനെ വിമര്‍ശിച്ചു. ഗ്രീസിന്റെ പൊതു കടത്തില്‍ നല്ലൊരു ഭാഗം എഴുതിത്തള്ളാതെ പ്രശ്‌ന പരിഹാരമില്ലെന്ന് അവര്‍ പറഞ്ഞു. പക്ഷേ, ജര്‍മന്‍ ആധിപത്യമുള്ള യൂറോ ശക്തികള്‍ അതൊന്നും ചെവിക്കൊണ്ടില്ല. ഗ്രീസില്ലാത്ത യൂറോ എന്നതിന് തയ്യാറെന്നവര്‍ പ്രഖ്യാപിച്ചു.
ഗീസ് പുറത്തുപോയാല്‍, അത് ഗ്രീസിനെയല്ല, യൂറോപ്പിനെയാകും തളര്‍ത്തുകയെന്നു പ്രചരിപ്പിച്ച പ്രധാനമന്ത്രി സിപ്രാസ് ഒടുവില്‍ കളം മാറ്റിച്ചവിട്ടി. പാര്‍ലിമെന്റില്‍ ഈ നയങ്ങള്‍ക്ക് അംഗീകാരം നേടാന്‍ വലതുപക്ഷ പ്രതിപക്ഷത്തിന്റെ പിന്തുണ അദ്ദേഹം തേടി. പാക്കേജിന് അംഗീകാരം കിട്ടി. പക്ഷേ, കടമ്പകള്‍ ഇനിയുമുണ്ട്. യൂറോപ്പിലെ രാജ്യങ്ങള്‍ അതംഗീകരിക്കണം. അതുണ്ടായാല്‍, 155 കോടി യൂറോയുടെ പാക്കേജായി. യൂറോപ്പും ഐ എം എഫും മൂന്നില്‍ രണ്ട് ഭാഗം നല്‍കും. ബാക്കി മൂന്നിലൊന്ന് ഗ്രീസ് സ്വന്തം ആസ്തി വിറ്റ് ഉണ്ടാക്കണം. ഇതില്‍ നിന്നും ജനങ്ങള്‍ക്കൊന്നും കിട്ടില്ല. ഫലത്തില്‍ ഒരു ‘നാലാം പാക്കേജി’നായി കാത്തിരിക്കാം. എന്നാല്‍, ഇടതുപക്ഷത്തിന്റെ ഈ കീഴടങ്ങലിനോട്, ഒത്തുകളിയോട് ജനങ്ങള്‍ എങ്ങനെ പ്രതികരിക്കും എന്നാണിനി കാണാനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here