Connect with us

Gulf

വടക്കന്‍ എമിറേറ്റുകളില്‍ ദേശീയ പാത വികസനത്തിന് സമഗ്ര പദ്ധതികള്‍

Published

|

Last Updated

ദുബൈ: യു എ ഇയുടെ വടക്കന്‍ എമിറേറ്റുകളില്‍ ദേശീയ പാത വികസനത്തിന് സമഗ്ര പദ്ധതികള്‍ തയ്യാറാക്കിയതായി പബ്ലിക് വര്‍ക്‌സ് മന്ത്രാലയത്തിലെ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ മുഹമ്മദ് ജുമ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോക നിലവാരത്തിലുള്ള റോഡുകളാണ് വിവിധ എമിറേറ്റുകളില്‍ പണിയുക. റാസല്‍ ഖൈമയില്‍ എമിറേറ്റ്‌സ് റോഡ് വികസനത്തിന് 22 കോടി ദിര്‍ഹം ചെലവ് ചെയ്യും. 23 കിലോമീറ്ററില്‍ നിര്‍മിക്കുന്ന പാത അടുത്ത വര്‍ഷം ആദ്യപാദത്തില്‍ പൂര്‍ത്തിയാക്കും. ഇതിനകം 70 ശതമാനം നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഉമ്മുല്‍ ഖുവൈനില്‍ യൂണിയന്‍ സ്ട്രീറ്റിനെയും ഫലജ് അല്‍ മുഅല്ലയെയും ബന്ധിപ്പിക്കുന്ന റോഡ് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. മുഹമ്മദ് ബിന്‍ സായിദ് റോഡിനനുബന്ധമായാണ് ഈ പ്രവൃത്തി. 15 കോടി ദിര്‍ഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഉമ്മുല്‍ ഖുവൈനിലേക്ക് പ്രവേശിക്കുന്ന കവാടമായി ഈ പ്രവൃത്തിമാറും. ഇതിനകം എട്ട് ശതമാനം പണി പൂര്‍ത്തിയായിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നിരവധി സുരക്ഷാ ക്രമീകരണങ്ങളുമായാണ് റോഡ് നിര്‍മാണം. കാല്‍ നടയാത്രക്കാര്‍ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും. സൗരോര്‍ജം ഉപയോഗിച്ച് പാതയില്‍ വിളക്കുകളുടെ സൗകര്യവും ഏര്‍പെടുത്തും.
2014ലാണ് ഫെഡറല്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്. 2021 ആസൂത്രണ പദ്ധതി പ്രകാരമാണിത്. ഈ വര്‍ഷം 40 ശതമാനം പൂര്‍ത്തിയാക്കും. വാഹനങ്ങളുടെ സാന്ദ്രത, ജനസംഖ്യാ വര്‍ധനവ് തുടങ്ങിയവ കണക്കിലെടുത്താണ് പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ഇതിന് പുറമെ അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിക്കുന്ന പ്രത്യേക രാജപാതയും വിഭാവനം ചെയ്തിട്ടുണ്ട്. ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് എന്നിങ്ങനെ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് 35 ശതമാനം മുന്നേറ്റമാണ് ഈ രംഗത്തുണ്ടായിരിക്കുന്നത്. ഏതാണ്ട് 50 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.
മസാര്‍ കാര്‍ എന്ന പേരില്‍ ആര്‍ എം എസ് നിരീക്ഷണ സൗകര്യങ്ങളുള്ള സാങ്കേതിക വിദ്യയും റോഡ് നിര്‍മാണത്തിനായി ഉപയോഗിക്കുന്നു. മസാഫി, ഫുജൈറ, ദൈദ് തുടങ്ങിയ സ്ഥലങ്ങളില്‍ റോഡ് നിര്‍മാണം ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മുഹമ്മദ് ജുമ അറിയിച്ചു. എഞ്ചിനീയറിംഗ് വിഭാഗം ഡയറക്ടര്‍ സുല്‍ത്താന്‍ ബുഷ് ലൈബി, റോഡ് വിഭാഗം ഡയറക്ടര്‍ ജാബിര്‍ ജാസിം, കണ്‍സള്‍ട്ടന്റ് ഡാനിയര്‍ ലോര്‍പ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest