പിറന്ന മണ്ണില്‍ നിത്യ നിദ്ര

Posted on: July 30, 2015 2:40 pm | Last updated: July 31, 2015 at 10:46 am
SHARE

kalam-funeral4

രാമേശ്വരം: മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന് രാഷ്ട്രം കണ്ണീരോടെ വിട നല്‍കി. കലാമിന്റെ ഭൗതിക ശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ രാമേശ്വരത്തിന് സമീപമുള്ള പേയ്ക്കരിമ്പില്‍ ഖബറടക്കി. ഇന്നലെ രാവിലെ മുഹ്‌യിദ്ദീന്‍ ആണ്ടവര്‍ പള്ളിയില്‍ മയ്യിത്ത് നിസ്‌കാരം നടത്തിയ ശേഷമാണ് മയ്യിത്ത് ഖബറടക്കത്തിനായി എത്തിച്ചത്. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.
ത്രിവര്‍ണ പതാക പുതച്ച മൃതദേഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റീത്ത് സമര്‍പ്പിച്ച ശേഷം സല്യൂട്ട് നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. തമിഴ്‌നാട് ഗവര്‍ണര്‍ കെ റോസയ്യ, കേന്ദ്ര മന്ത്രിമാരായ മനോഹര്‍ പരീക്കര്‍, വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയ പ്രമുഖരും അന്തിമോപചാരം അര്‍പ്പിച്ചു. കര, വ്യോമ, നാവിക സേനാ മേധാവികളും മുന്‍ സര്‍വ സൈന്യാധിപന് ആദരാഞ്ജലി അര്‍പ്പിച്ചു. ആരോഗ്യം മോശമായതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അറിയിച്ചിരുന്നു. സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് ധനമന്ത്രി ഒ പനീര്‍ ശെല്‍വം ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ പങ്കെടുത്തു. കനത്ത സുരക്ഷയാണ് കടലോര പ്രദേശത്ത് ഒരുക്കിയത്. കലാമിന്റെ ബന്ധുക്കളും മതപണ്ഡിതരും പ്രാര്‍ഥന അര്‍പ്പിച്ച ശേഷമാണ് ജനങ്ങള്‍ക്ക് കാണാനുള്ള സൗകര്യമൊരുക്കിയത്.
തിങ്കളാഴ്ച വൈകീട്ട് ഷില്ലോംഗില്‍ അന്തരിച്ച അബ്ദുല്‍ കലാമിന്റെ മൃതദേഹം ഡല്‍ഹിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് ജന്മനാടായ രാമേശ്വരത്ത് എത്തിച്ചത്. ‘ജനങ്ങളുടെ രാഷ്ട്രപതി’യെ ഒരുനോക്ക് കാണാന്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച വസതിക്കും ഖബര്‍സ്ഥാനിനും സമീപമുള്ള കെട്ടിടങ്ങള്‍ക്കും മരങ്ങള്‍ക്കും മുകളില്‍ ആളുകള്‍ സ്ഥാനംപിടിച്ചു.

CLJKsMnUAAA5b7V