വേനലവധി ചെലവഴിക്കാന്‍ ‘സൈഫുനാ മുമയ്യസ്’

Posted on: July 29, 2015 6:34 pm | Last updated: July 29, 2015 at 6:34 pm
SHARE

swymainഅബുദാബി: കുട്ടികള്‍ക്ക് വേനലവധിക്കാലം കൂടുതല്‍ കാര്യക്ഷമമായ വിധത്തില്‍ വിനിയോഗിക്കാന്‍ അവസരമുണ്ടാക്കുന്നതിന് അബുദാബി വിദ്യാഭ്യാസ കൗണ്‍സില്‍ ‘സൈഫുനാ മുമയ്യസ്’ എന്ന പേരില്‍ കാമ്പയിന്‍ ആരംഭിച്ചു.
‘കൂടുതല്‍ വിനോദം-കൂടുതല്‍ അറിവ്’ എന്ന ആശയം മുന്‍നിര്‍ത്തിയാണ് കാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്. നഗരത്തിലെ ബീച്ചുകള്‍, മാളുകള്‍, നീന്തല്‍ കുളങ്ങള്‍, കായിക ക്ലബുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ക്യാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
വേനലവധിക്കാലത്ത് വിദ്യാര്‍ഥികളുടെ അറിവും ഊര്‍ജവും കഴിവും പരിപോഷിപ്പിക്കുന്നതിന് വേണ്ടിയാണ് സൈഫൂനാ മുമയ്യസ് ആവിഷ്‌കരിച്ചതെന്ന് വിദ്യാഭ്യാസ കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഈ വര്‍ഷത്തെ വേനലവധിക്കാല പരിപാടി ആറു വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍കൊണ്ട് പുതുമയാര്‍ന്നതായിരിക്കുമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.
നീന്തല്‍, ജിയുജിംഗ്‌സു, റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് മത്സരങ്ങള്‍, ഇംഗ്ലീഷ് ക്രിയേറ്റീവ് റൈറ്റിംഗ് മത്സരം, ഇനോവേഷന്‍ ജേര്‍ണി, കണക്കിലെ കളി, പാചകം, ഹ്രസ്വചിത്രം എന്നിവയാണ് ഈ വര്‍ഷത്തെ പുതുമയാര്‍ന്ന പരിപാടികള്‍. അല്‍ ഐന്‍, പടിഞ്ഞാറന്‍ മേഖലയില്‍ സിറ്റി യാസ്മാള്‍, നഗരത്തില്‍ അല്‍ ശര്‍ഖ് മാള്‍, അല്‍ ഐന്‍ മാള്‍ എന്നിവിടങ്ങളിലാണ് പാചക മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.
കമ്മ്യൂണിറ്റി സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ മുബാറക് ബിന്‍ മുഹമ്മദ് സ്‌കൂള്‍, അബുദാബി അല്‍ ജാഹിലി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടക്കും. 11-15 വയസ് വരെയുള്ള വിദ്യാര്‍ഥികളുടെ ഫുട്‌ബോള്‍ മത്സരം അബുദാബി നഗരത്തിലെ റയല്‍ മാഡ്രിഡ് അക്കാദമി, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ നടക്കും. കഴിഞ്ഞ ദിവസം ആരംഭിച്ച ക്യാമ്പ് അടുത്തമാസം 18നാണ് അവസാനിക്കുക.