നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട: 15 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Posted on: July 29, 2015 12:54 pm | Last updated: July 29, 2015 at 12:54 pm

Kanjavuകോഴിക്കോട്: നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. വില്‍പ്പനക്കായി കൊണ്ടുവന്ന 15 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. തേഞ്ഞിപ്പാലം പള്ളിയാലില്‍ ജാബിര്‍ (24), താമരശ്ശേരി അമ്പായത്തോട് കോളനിയില്‍ മുഹമ്മദ് റഫീക്ക് (25) എന്നിവരെയാണ് നല്ലളം സി ഐ ടി സജീവനും ഷാഡോ പോലീസും ചേര്‍ന്ന് പിടികൂടിയത്. പ്രതികളില്‍ 85,000 രൂപയും കണ്ടെടുത്തു. ഇരുവര്‍ക്കുമെതിരെ ഫറോക്ക് പോലീസ് സ്റ്റേഷനില്‍ നേരത്തെ രണ്ട് കഞ്ചാവ് കേസുകളുണ്ട്.
ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ചെറുവണ്ണൂര്‍ കോയാസ് ആശുപത്രിക്ക് സമീപത്തെ ബസ് സ്റ്റോപ്പില്‍ വെച്ചാണ് കഞ്ചാവ് നിറച്ച രണ്ട് ബാഗുകള്‍ സഹിതം പ്രതികള്‍ പിടിയിലാവുന്നത്. കഞ്ചാവ് മൊത്തക്കച്ചവടക്കാരാണ് ഇരുവരുമെന്നും പിടികൂടിയ കഞ്ചാവിന് വിപണിയില്‍ മൂന്ന് ലക്ഷം രൂപ വിലവരുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഡി സാലി പറഞ്ഞു.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്‌കൂളുകളും, കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണികളാണ് ജാബിറും മുഹമ്മദ് റഫീക്കുമെന്ന് പോലീസ് പറഞ്ഞു. തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നും അമ്പത് കിലോ കഞ്ചാവ് വീതം കൊണ്ടുവന്ന് രണ്ടാഴ്ച കൊണ്ട് വീറ്റ് തീര്‍ക്കാറുണ്ടെന്നും ഇവര്‍ പോലീസിന് മൊഴി നല്‍കി. ഫോണില്‍ ബന്ധപ്പെടുന്ന ആവശ്യക്കാര്‍ക്ക് പറയുന്ന സ്ഥലത്ത് കഞ്ചാവ് എത്തിച്ചുകൊടുക്കാന്‍ ഏജന്റുമാരെയും ഇവര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ദിവസം മുമ്പാണ് ഇവര്‍ തമിഴ്‌നാട്ടില്‍ നിന്നും ഇരുപത്തിയഞ്ച് കിലോ കഞ്ചാവ് എത്തിച്ചത്. അതില്‍ വില്‍പന കഴിഞ്ഞ ബാക്കി കഞ്ചാവുമായാണ് ഇന്നലെ പോലീസിന്റെ വലയിലായത്. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി സി പി ഡി സാലി, സൗത്ത് എ സി പി എ ജെ ബാബു എന്നിവരുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് രണ്ടംഗ സംഘം പിടിയിലായത്. സി ഐക്ക് പുറമെ ഷാഡോ പോലീസ് അംഗങ്ങളായ ലതീഷ്, സുധര്‍മ്മന്‍, മനോജ്, ബാലസുബ്രഹ്മണ്യന്‍, വിനോദ്, ബിനീഷ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.