കലാമിന്റെ സ്വാധീനത്തിന് സാക്ഷ്യമായി സോഷ്യല്‍ മീഡിയ

Posted on: July 29, 2015 12:47 pm | Last updated: July 29, 2015 at 12:47 pm

social-sitesതിരുവനന്തപുരം: യുവാക്കളെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച രാഷ്ട്രപതിക്ക് പ്രണാമമര്‍പ്പിച്ച് അദ്ദേഹം അവര്‍ക്കിടയില്‍ ഉണ്ടാക്കിയിരുന്ന സ്വാധീനത്തിന്റെ നേര്‍ക്കാഴ്ചയാവുകയാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ പ്രധാന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലെല്ലാം ചര്‍ച്ചാവിഷയം കലാമിന്റെ നിര്യാണമാണ്. അദ്ദേഹത്തിന്റെ സന്ദേശങ്ങളും സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്.
കലാം ഷില്ലോങ് ഐ ഐ എമ്മില്‍ കുഴഞ്ഞുവീണതു മുതല്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ അദ്ദേഹത്തിലേക്ക് തിരിഞ്ഞു. മരണവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കും മുമ്പേ ട്വിറ്ററിലൂടെ വിവരം പുറത്തുവന്നിരുന്നു. പിന്നീട് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചും അദ്ദേഹത്തിന്റെ പ്രമുഖ വാചകങ്ങള്‍ ഉദ്ധരിച്ചുമുള്ള പോസ്റ്റുകളുടെയും ട്വീറ്റുകളുടെയും ഘോഷയാത്രയായി. നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ എല്ലാം എത്തിയത്. പലരും തങ്ങളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ കലാമിന്റെ മുഖമാക്കി. വാട്‌സ്ആപ്പ് ഗ്രൂപ്പുകളും മെമ്പര്‍മാരും ഡിസ്‌പ്ലേ പിക്ചര്‍ പൂര്‍ണമായും കറുപ്പാക്കി ഇന്ത്യയുടെ മിസൈല്‍ മാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. കലാമിന്റെ ഉദ്ധരണികളും ചിത്രങ്ങളും കൂടാതെ അദ്ദേഹത്തിന്റെ മലയാളത്തിലുള്ള സമഗ്രമായ ജീവരേഖയും മരണവാര്‍ത്ത എത്തി അധികം കഴിയും മുമ്പേ വാട്‌സ്ആപ്പിലെത്തി.
എന്റെ മരണത്തില്‍ അവധി പ്രഖ്യാപിക്കരുത്. നിങ്ങളെന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ ഒരു ദിവസം കൂടുതല്‍ ജോലി ചെയ്യുക എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ക്ലിക്കായി. ഏഴു ദിവസത്തെ ദു:ഖാചരണവും ഒരു ദിവസത്തെ അവധിയും പ്രഖ്യാപിച്ച സര്‍ക്കാര്‍ പിന്നീട് അവധി പിന്‍വലിച്ചു.
പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉള്‍പ്പെടെയുള്ളവരുടെ അനുശോചന സന്ദേശങ്ങളും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ എത്തി. അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളും പുതിയ വിവരങ്ങളും തത്സമയം ഒഫീഷ്യലുകള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവിടുന്നുണ്ട്. കലാം സര്‍ എന്ന സാഷ്ടാഗമാണ് ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്‍ഡിങ്.
അബ്ദുല്‍ കലാമിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും മാറ്റങ്ങളുണ്ടായി. അക്കൗണ്ടിന്റെ പേര് ഇന്‍ മെമ്മറി ഓഫ് അബ്ദുല്‍ കലാം എന്നാക്കി. അതേസമയം തെറ്റായ വിവരങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. കലാമിന്റെ അവസാന നിമിഷം എന്ന പേരില്‍ എത്തിയ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍പ്രചാരമാണ് ലഭിച്ചത്. അദ്ദേഹം രാഷ്ട്രപതിയായിരിക്കുമ്പോള്‍ പരിപാടിക്കിടെ വീഴുന്ന ചിത്രമായിരുന്നു അവസാന നിമിഷമെന്ന പേരില്‍ പ്രചരിച്ചത്. സമാനമായ രീതിയില്‍ കലാമിന്റെ അവസാന പ്രഭാഷണം എന്ന പേരില്‍ നിരവധി പഴയ വീഡിയോകളും യൂട്യൂബിലും മറ്റും പ്രചരിക്കുന്നുണ്ട്.