രാജ്യം നമിക്കുന്നു ദേശസ്‌നേഹിയെ

Posted on: July 29, 2015 10:03 am | Last updated: July 29, 2015 at 10:25 am
കലാമിന്റെ ഭൗതികദേഹം അവസാനമായി കാണാന്‍ ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയവര്‍
കലാമിന്റെ ഭൗതികദേഹം അവസാനമായി കാണാന്‍ ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയവര്‍

ന്യൂഡല്‍ഹി: ‘ഉന്നതമായ കാഴ്ചപ്പാടുകളുള്ള ശാസ്ത്രജ്ഞന്‍, ശരിയായ ദേശീയവാദി, രാജ്യത്തിന്റെ മഹത്തായ പുത്രന്‍’ അന്തരിച്ച മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന് ആദരാഞ്ജലിയര്‍പ്പിച്ച് കേന്ദ്ര കാബിനറ്റ് പാസ്സാക്കിയ പ്രമേയത്തിലെ വരികളാണ് ഇത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് പ്രമേയം. പാര്‍ലിമെന്റിന്റെ ഇരു സഭകളും കലാമിന്റെ വിയോഗത്തില്‍ അനുശോചിച്ച് ഇന്നലത്തേക്ക് പിരിഞ്ഞു. ലോക്‌സഭ ഇനി 30നായിരിക്കും ചേരുക. അംഗങ്ങള്‍ക്ക് അന്ത്യോപചാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഇത്. എന്നാല്‍ രാജ്യസഭ ഇന്ന് ചേരുന്നുണ്ട്. കലാമിന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
സാങ്കേതിക വിദ്യയിലൂടെ സമൂഹത്തെ പരിവര്‍ത്തിപ്പിക്കാനായി ഊര്‍ജസ്വലനായി പ്രവര്‍ത്തിച്ച മഹാനായിരുന്നു കലാമെന്ന് മന്ത്രിസഭാ പ്രമേയത്തില്‍ പറയുന്നു. മനുഷ്യ ക്ഷേമത്തിനായി ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും ഉപയോഗിക്കുന്നതിന് യുവാക്കളെ അദ്ദേഹം പ്രചോദിപ്പിച്ചു.
രാജ്യത്തിന്റെ ആദ്യത്തെ തദ്ദേശീയമായ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ നിര്‍മിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചു. അങ്ങനെ ഇന്ത്യ ബഹിരാകാശ ക്ലബ്ബില്‍ ഇടം നേടി- പ്രമേയത്തില്‍ പറയുന്നു. മന്ത്രിസഭാ യോഗത്തിന് മുമ്പായി ബി ജെ പി പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നിരുന്നു. കലാം അസാധാരണ വ്യക്തിത്വമുള്ള സാധാരണ മനുഷ്യനായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി യോഗത്തില്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ സ്വപ്‌നങ്ങ ള്‍ പൂര്‍ത്തീകരിക്കുക എന്നതായിരിക്കും അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും വലിയ ആദരവെന്നും മോദി പറഞ്ഞു. കലാം ജനങ്ങളുടെ പ്രസിഡന്റായിരുന്നുവെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വാര്‍ത്താ ലേഖകരോട് പറഞ്ഞു.