ഷിന്ദഗ വികസനത്തിന് ഒരുക്കം; തുരങ്കപാതക്ക് ബദല്‍ സംവിധാനം വരും

Posted on: July 28, 2015 7:36 pm | Last updated: July 28, 2015 at 7:36 pm

Untitled-1 copy
ദുബൈ: നഗരത്തിന്റെ ഹൃദയ ഭാഗമായ ഷിന്ദഗ ഭാഗത്ത് വന്‍ മാറ്റം വരുന്നു. ബര്‍ദുബൈയെയും ദേരയെയും ബന്ധിപ്പിക്കുന്ന പാലമാണ് ഇതില്‍ പ്രധാനം. രൂപ കല്‍പനക്കും നിര്‍മാണത്തിനും ആര്‍ ടി എ ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. 2.7 കിലോമീറ്ററില്‍ ആണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന് അനുരൂപമായി നിരവധി ഇന്റര്‍ചേഞ്ചുകളും ഉണ്ടാകും.
നിലവിലെ ഷിന്ദഗ തുരങ്കഭാഗത്ത് സമാന്തരമായാണ് പുതിയ പാലം വരുന്നത്. എന്നാല്‍ 40 വര്‍ഷമായി നിലവിലുള്ള ഷിന്ദഗ ടണലിന് ബദല്‍ അല്ല പുതിയ പാലമെന്ന് ആര്‍ ടി എ വ്യക്തമാക്കി. ദുബൈയുടെ വികസനത്തില്‍ പ്രധാന പങ്ക് വഹിച്ച തുരങ്കപാതയാണ് ഷിന്ദഗ ടണല്‍. 1975ല്‍ ആണ് ഇത് പൂര്‍ത്തിയാക്കിയത്. ബര്‍ദുബൈയെയും ദേരയെയും ബന്ധിപ്പിക്കുന്ന അഞ്ച് പാലങ്ങളിലൊന്നാണിത്. ഇരു ഭാഗത്തേക്കും രണ്ട് വീതം വരികളുണ്ട്. അഞ്ച് മീറ്റര്‍ ഉയരത്തില്‍ വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ കഴിയില്ല. വാഹന വേഗം മണിക്കൂറില്‍ 60 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
പുതിയ വികസന പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഷിന്ദഗയിലെ മുകച്ഛായതന്നെ മാറുമെന്നാണ് കണക്കുകൂട്ടല്‍. ബര്‍ദുബൈ ഭാഗത്ത് നിരവധി ചരിത്ര സ്മാരകങ്ങള്‍ നിലവിലുണ്ട്. ദുബൈയുടെ ആദ്യകാല ഭരണാധികാരിയ ശൈഖ് സഈദ് ബിന്‍ മക്തൂമിന്റെ ഭരണ സിരാകേന്ദ്രമായിരുന്ന കെട്ടിടവും ഇതില്‍ ഉള്‍പെടും. ദേര ഗോള്‍ഡ് സൂഖ്, മത്സ്യച്ചന്ത തുടങ്ങിയവയുടെ വികസനവും ഇതോടൊപ്പം നടക്കുമെന്നാണ് കരുതുന്നത്.
ഷിന്ദഗ തുരങ്ക പാതയുടെ നവീകരണം ഏറ്റവും ഒടുവിലായി 2014 ആഗസ്റ്റിലാണ് നടന്നത്. അറ്റകുറ്റപ്പണികള്‍ നടക്കുമ്പോള്‍ പാലം ഭാഗികമായി അടച്ചിടാറുണ്ട്. ഇത് മൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പുതിയ വികസന പദ്ധതി.