Connect with us

National

ചെറിയ ലോകത്ത് നിന്ന് വലിയ സ്വപ്‌നം സാധ്യമാക്കിയ മനുഷ്യന്‍

Published

|

Last Updated

തിരുവനന്തപുരം: ചെറിയ ലോകത്ത് നിന്ന് വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിച്ച പ്രതിഭയായിരുന്നു ഡോ. എ പി ജെ അബ്ദുല്‍കലാം. കുതിപ്പിന്റെ അഗ്നി ചിറകുകള്‍ വികസിപ്പിച്ചെടുത്തതെല്ലാം ചെറിയ ലോകത്തിരുന്നായിരുന്നു. പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് വലിയ സ്വപ്‌നം സാധിച്ചെടുക്കുന്നതില്‍ കലാം വിജയിച്ചു. രാജ്യത്തിന്റെ സമഗ്ര വികസനത്തിനായി കലാം മുന്നോട്ടുവെച്ച വിഷന്‍ 2020 ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം
രാമേശ്വരത്തെ സാധാരണ കുടുംബത്തില്‍ നിന്ന് രാജ്യത്തിന്റെ പ്രഥമപൗരനായി വളര്‍ന്നപ്പോഴും കലാമിന്റെ മനസ് എന്നും സാധാരണക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒപ്പമായിരുന്നു. പദവിയുടെ ഭാരമില്ലാതെ ലാളിത്യം തുളുമ്പുന്ന പ്രസിഡന്റായിരുന്നു അദ്ദേഹം. രാഷ്രപതിയായിരുന്നപ്പോഴും പദവി ഒഴിഞ്ഞപ്പോഴും രാജ്യത്തെ നൂറുകണക്കിന് വിദ്യാലയങ്ങളിലെത്തി ആശയവിനിമയം നടത്താനും വലിയ സ്വപ്‌നങ്ങള്‍ക്കായി കുട്ടികള്‍ക്ക് പ്രചോദനം നല്‍കാനും സമയം കണ്ടെത്തി.
എല്ലാ രംഗത്തും രാജ്യം മികവിന്റെ ഔന്നത്യത്തിലെത്തണമെന്ന ചിന്തയില്‍ ഊന്നിയ പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേത്. സ്വപ്‌നം കാണുകയെന്ന് വെറും പറഞ്ഞു നടക്കലായിരുന്നില്ല. കൃത്യമായ ലക്ഷ്യം മുന്നില്‍ കണ്ട് ആ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുകയെന്നതായിരുന്നു അദേഹത്തിന്റെ രീതി. ഇന്ത്യ 2020 എന്ന തന്റെ പുസ്തകത്തില്‍ 2020 ഓടെ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാര്‍ഗ്ഗങ്ങളും ദര്‍ശനങ്ങളും ചൂണ്ടിക്കാട്ടിയിരുന്ന അദ്ദേഹം ഇത് തന്റെ കുട്ടികളുമായുള്ള സംവാദത്തില്‍ എപ്പോഴും പങ്കുവെക്കുമായിരുന്നു. രാഷ്ട്ര തന്ത്രജ്ഞതയും സാങ്കേതികവിദ്യാ വൈദഗ്ധ്യവും ഒരുമിച്ച അപൂര്‍വ്വ പ്രതിഭയുടെ രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് അവിടത്തെ വിദ്യാര്‍ഥികളുമായി സംവദിക്കുക എന്നതാണ് താന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന കാര്യമെന്ന് അദ്ദേഹം പലപ്പോഴും സൂചിപ്പിച്ചിരുന്നു. വിദ്യാര്‍ഥികളെ ഏറെ പ്രചോദിപ്പിക്കുന്നതായിരുന്നു അദേഹത്തിന്റെ വാക്കുകളും പ്രസംഗങ്ങളും. അഴിമതി വിരുദ്ധ ഇന്ത്യ എന്ന ലക്ഷ്യത്തിനായി വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.

Latest