Connect with us

Kerala

ധാരണയുണ്ടാക്കാത്ത മെഡിക്കല്‍ കോളജുകളുടെ അംഗീകാരം റദ്ദാക്കും

Published

|

Last Updated

തിരുവനന്തപുരം: പ്രവേശനം സംബന്ധിച്ച് സര്‍ക്കാറുമായി കരാറില്‍ ഏര്‍പ്പെടാത്ത സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ അംഗീകാരം റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ നല്‍കുന്ന അനുമതികള്‍ പിന്‍വലിക്കും. ന്യൂനപക്ഷ പദവി ചൂണ്ടിക്കാട്ടി എം ഇ എസ്, കെ എം സി ടി മെഡിക്കല്‍ കോളജുകളും കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളുമാണ് കരാറുണ്ടാക്കാന്‍ തയ്യാറാകാത്തത്. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തെങ്കിലും കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ചിട്ടുണ്ട്. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന് കീഴിലെ നാല് മെഡിക്കല്‍ കോളജുകളുമായി കരാര്‍ ഒപ്പുവെച്ചു. പരിയാരം സഹകരണ മെഡിക്കല്‍ കോളജുമായും ധാരണയിലെത്തി.
സി എസ് ഐ, ഗോകുലം, അസീസിയ, ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജുകളുമായി സെപ്തംബര്‍ അഞ്ചിനകം കരാറുണ്ടാക്കും. ആറ് മെഡിക്കല്‍ കോളജുകള്‍ക്ക് ഈ അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഇനിയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനത്തിന് കോടികള്‍ കോഴ വാങ്ങുകയാണെന്നും പ്രവേശന മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
അടുത്ത അലോട്ട്‌മെന്റ് സെപ്തംബര്‍ അഞ്ചിനാണ്. ഇതിന് മുമ്പ് തന്നെ കോളജുകളുമായി കരാറുണ്ടാക്കാന്‍ നടപടി സ്വീകരിക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഒരു സീറ്റ് പോലും നഷ്ടപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ കോളജുകളിലെ 1250 സീറ്റുകളിലെ പ്രവേശനം പൂര്‍ത്തിയായി കഴിഞ്ഞു.
ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകളില്‍ മുഴുവന്‍ സീറ്റിലും നാല് ലക്ഷം രൂപയാണ് ഫീസ് ഈടാക്കുന്നത്. ക്രോസ് സബ്‌സിഡി പാടില്ലെന്ന നിലപാടാണ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തും അവര്‍ സ്വീകരിച്ചത്. 50 ശതമാനം സീറ്റ് സര്‍ക്കാറിന് നല്‍കാന്‍ അവര്‍ തയ്യാറായി. പാവപ്പെട്ടവര്‍ക്ക് 40 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന വ്യവസ്ഥയുമുണ്ടാക്കിയിട്ടുണ്ട്. എം ഇ എസും കെ എം സി ടിയും ന്യൂനപക്ഷ പദവിയുണ്ടെന്ന് പറഞ്ഞാണ് കരാറിന് സന്നദ്ധമാകാതിരിക്കുന്നത്. ഇവര്‍ക്കെതിരെ ആരോഗ്യസര്‍വകലാശാല കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
സ്വാശ്രയ മെഡിക്കല്‍ പ്രവേശന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ പി ശ്രീരാമകൃഷ്ണന്‍ ആരോപിച്ചു. ഒരു കോളജില്‍ പോലും കൃത്യമായ മെറിറ്റും ഫീസും പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുമായി കരാറുണ്ടാക്കിയെങ്കിലും 100 ശതമാനം സീറ്റിലും ഉയര്‍ന്ന ഫീസാണ് അനുവദിച്ചിരിക്കുന്നത്. ഇതോടെയാണ് മറ്റുമെഡിക്കല്‍ കോളജുകള്‍ കരാറില്‍ നിന്ന് പിന്മാറിയത്. സര്‍ക്കാറിന്റെ അലംഭാവം മൂലം 700 മെറിറ്റ് സീറ്റുകള്‍ നഷ്ടപ്പെടും. സര്‍ക്കാര്‍ നിലപാട് മൂലം മെഡിക്കല്‍ പ്രവേശനം അനന്തമായി വൈകും.
പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയെങ്കിലും മതിയായ ഡോക്ടമാരെ നിയമിക്കാത്തത് മൂലം എം സി ഐ പരിശോധന വേളകളില്‍ സ്ഥലം മാറ്റം നടത്തിയാണ് രക്ഷപ്പെടുന്നത്. സ്വാശ്രയ മേഖലയെ കച്ചവട സ്ഥലമാക്കി മാറ്റിയിരിക്കുകയാണെന്നും ശ്രീരാമകൃഷ്ണന്‍ കുറ്റപ്പെടുത്തി.
സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ ഓച്ചാനിച്ച് നില്‍ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
പെട്ടിക്കടകള്‍ തുടങ്ങുന്നത് പോലെ മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയതിന്റെ പരിണിതഫലമാണിത്. കോഴ നല്‍കുന്ന ആരെയും ഡോക്ടര്‍മാരാക്കാമെന്നതാണ് അവസ്ഥയെന്നും വി എസ് പറഞ്ഞു.