ഹൈഡ്രോപോണിക്കിലൂടെ മരുഭൂമിയില്‍ നെല്ല് വിളയിച്ച് സ്വദേശി

Posted on: July 26, 2015 10:46 pm | Last updated: July 26, 2015 at 10:46 pm

4243644194
അബുദാബി: അസാധ്യമെന്ന് കരുതിയ നെല്ലും മരുഭൂമിയില്‍ വിളയിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് സ്വദേശി യുവാവ്. മണ്ണില്ലാത്ത കൃഷി രീതിയായ ഹൈഡ്രോപോണിക്കിലൂടെയാണ് സ്വദേശി കര്‍ഷകന്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. തന്റെ തോട്ടത്തില്‍ മണ്ണിന്റെ സഹായമില്ലാതെ കൈതച്ചക്ക, പപ്പായ, ഓറഞ്ച്, ബ്ലാക്ക് ബെറി, ബ്ലൂ ബെറി, മുന്തിരി എന്നിവയും സ്ഥിരോത്സാഹിയായ സാലിഹ് മുഹമ്മദ് യൂസുഫ് അല്‍ മന്‍സൂരിയെന്ന സ്വദേശി കര്‍ഷകന്‍ വിജയകരമായി വിളയിച്ചിട്ടുണ്ട്.
ഇതോടെ മരുഭൂമിയില്‍ നെല്ലുവിളയില്ലെന്ന കാലങ്ങളായുള്ള ധാരണയാണ് ഇദ്ദേഹം തിരുത്തിയിരിക്കുന്നത്. ലിവ ഈത്തപ്പഴ മഹോത്സവത്തിലാണ് വടക്കന്‍ എമിറേറ്റില്‍ നിന്നു തന്റെ കണ്ടുപിടുത്തങ്ങളുടെ നേര്‍സാക്ഷ്യവുമായി സാലിഹ് എത്തിയിരിക്കുന്നത്. വിവിധ ഇനം നെല്‍ച്ചെടികളും വിളയിച്ചെടുത്ത നെന്മണികളുമായാണ് മഹോത്സവത്തിലേക്ക് ഇയാള്‍ വന്നിരിക്കുന്നത്. ലിവയിലുള്ള തന്റെ ഫാമിലും ഹൈഡ്രോപോണിക് രീതിയില്‍ നെല്‍കൃഷി സാധ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം.
യു എ ഇ ഉള്‍പെടെയുള്ള മരുഭൂമി സ്വന്തമായ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വിശപ്പടക്കാന്‍ ഉതകുന്ന രീതിയില്‍ തന്റെ പരീക്ഷണം എത്തിക്കാനാവുമെന്ന പ്രതീക്ഷയും ഈ യുവാവിനുണ്ട്. ഈ മാസം 30 വരെ നീളുന്ന ലിവ ഈത്തപ്പഴ മഹോത്സവത്തിലേക്ക് ആയിരങ്ങളാണ് സാലിഹിന്റെ നേട്ടം നേരില്‍ കാണാനും അഭിനന്ദിക്കാനുമായി എത്തുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഹൈഡ്രോപോണിക് കൃഷിരീതിയില്‍ പഴങ്ങള്‍ കൃഷി ചെയ്ത് വിജയഗാഥ തുടരുന്നതിനിടയിലാണ് നെല്‍കൃഷിയിലും ഒരു കൈനോക്കിയത്.
മണ്ണിന് പകരം ചെടിക്കാവശ്യമായ പോഷണങ്ങള്‍ വെള്ളത്തിലൂടെ നല്‍കിയാണ് ഹൈഡ്രോപോണിക് രീതിയില്‍ കൃഷി നടത്തുന്നത്. ചുരുങ്ങിയ സ്ഥലത്ത് മികച്ച വിളവ് നേടാമെന്നതും ഈ രീതിക്ക് ലോകം മുഴുവന്‍ പ്രചാരം ലഭിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.