Connect with us

Ongoing News

ഐ പി എല്‍ വാതുവെപ്പ് കേസ് റദ്ദാക്കി; ശ്രീശാന്ത് കുറ്റവിമുക്തന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഐ പി എല്‍ ഒത്തുകളി കേസില്‍ ആരോപണവിധേയരായ എസ് ശ്രീശാന്ത് ഉള്‍പ്പെടെ മുഴുവന്‍ പേരെയും കുറ്റവിമുക്തരാക്കി. ശ്രീശാന്തിന് പുറമെ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ അജിത് ചാന്ദില, അങ്കിത് ചവാന്‍ തുടങ്ങിയവരെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി നടപടി ഡല്‍ഹി പോലീസിന് വന്‍ തിരിച്ചടിയായി.
ഡല്‍ഹി പാട്യാലഹൗസ് പ്രത്യേക കോടതിയില്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി നീനാ ബന്‍സാല്‍ കൃഷ്ണയാണ് വിധി പറഞ്ഞത്. കേസ് റദ്ദാക്കുകയാണെന്ന പരാമര്‍ശമാണ് ജഡ്ജി നടത്തിയത്. പോലീസ് നല്‍കിയ തെളിവുകള്‍ അപര്യാപ്തമാണെന്ന് നിരീക്ഷിച്ച കോടതി, ഐ പി എല്‍ വാതുവെപ്പ് കേസ് നിലനില്‍ക്കുന്നതല്ലെന്നും വ്യക്തമാക്കി. മഹാരാഷ്ട്ര ആസൂത്രിത കുറ്റകൃത്യം തടയല്‍ നിയമം (എം സി ഒ സി എ- മക്കോക്ക) ഉള്‍പ്പെടെ ചുമത്തിയ ഒരു കുറ്റവും നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. നിലവില്‍ ബി സി സി ഐയുടെ ആജീവനാന്ത വിലക്ക് നേരിടുന്ന ശ്രീശാന്തിന് ഈ വിധി ആശ്വാസമാകും.
കേസില്‍ ആരോപണവിധേയരായ 36 പേരും നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ്. വിധി പ്രസ്താവിക്കുമ്പോള്‍ ആരോപണവിധേയരായവരെല്ലാം കോടതി മുറിയില്‍ ഉണ്ടായിരുന്നു. ഒടുവില്‍ നീതി ലഭിച്ചുവെന്നും വളരെയധികം സന്തോഷമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.
കേസില്‍ വിധി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് കൂടുതല്‍ അന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇതോടെ വിധി പ്രഖ്യാപിക്കുന്നത് വൈകുന്നേരത്തേക്ക് നീണ്ടു. കേസ് സംബന്ധിച്ച് മുംബൈ പോലീസിനും ചെന്നൈ പോലീസിനും കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതുകൂടി പരിഗണിക്കേണ്ടതുണ്ടെന്നും കേസില്‍ തുടരന്വേഷണം വേണമെന്നുമായിരുന്നു പോലീസിന്റെ വാദം.
അധോലോക നായകന്‍ ദാവൂദ് ഇബ്‌റാഹിം, ഛോട്ടാ ഷക്കീല്‍ ഉള്‍പ്പെടെ 42 പേര്‍ക്കെതിരെയാണ് ഡല്‍ഹി പോലീസ് കുറ്റപത്രം തയ്യാറാക്കിയത്. ഇവരില്‍ ആറ് പേര്‍ ഒളിവിലാണ്. ഐ പി എല്‍ ആറാം സീസണില്‍ നടന്ന ഒത്തുകളിയുമായി ബന്ധപ്പെട്ട് 2013 ജൂലൈ മുപ്പതിനാണ് പോലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. ദാവൂദ് ഇബ്‌റാഹിമും അടുത്ത അനുയായി ഛോട്ടാ ഷക്കീലുമാണ് ഒത്തുകളിയിലെ പ്രധാനികളെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ആറായിരം പേജ് വരുന്ന കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ക്ക് പുറമെ മക്കോക്കയിലെ വകുപ്പുകളും പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. ദാവൂദിനെയും ഛോട്ടാ ഷക്കീലിനെയും കുറ്റവാളികളായി പ്രഖ്യാപിച്ച ശേഷം ഇരുവരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികള്‍ പോലീസ് പൂര്‍ത്തിയാക്കിയിരുന്നു.
രാജസ്ഥാന്‍ റോയല്‍സ് മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്, താരമായ ഹര്‍മീത് സിംഗ് എന്നിവര്‍ കേസിലെ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്നു. ഫോണ്‍ സംഭാഷണങ്ങളും ഐ പി എല്‍ മത്സരങ്ങളുടെ ദൃശ്യങ്ങളും പരിശോധിച്ച ശേഷം 2013 മെയിലാണ് ശ്രീശാന്തും ചവാനും ചാന്ദിലയും അറസ്റ്റിലാകുന്നത്. മത്സരത്തിനിടെ വാതുവെപ്പുകാര്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം അടയാളങ്ങള്‍ നല്‍കിയതായി കണ്ടെത്തിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ മൂന്ന് താരങ്ങള്‍ക്ക് പുറമെ പതിനൊന്ന് വാതുവെപ്പുകാരെയും മുംബൈ, അഹമ്മദാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഐ പി എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ സമിതി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. വാതുവെപ്പ് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ടീം ഉടമകളായ ഗുരുനാഥ് മെയ്യപ്പനെയും രാജ് കുന്ദ്രയെയും ബി സി സി ഐ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് ആജീവനാന്തവും ക്രിക്കറ്റുമായി സഹകരിക്കുന്നതിന് അഞ്ച് വര്‍ഷത്തേക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.

Latest