യു എ ഇ വിവേചന രഹിത നിയമം: ലോക നേതാക്കളും അന്താരാഷ്ട്ര മാധ്യമങ്ങളും പ്രശംസിച്ചു

Posted on: July 23, 2015 4:59 pm | Last updated: July 23, 2015 at 4:59 pm

Screen Shot 07-22-15 at 10.52 AM copy
ദുബൈ: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിവേചന വിരുദ്ധ നിയമത്തെ ലോക നേതാക്കളും അന്താരാഷ്ട്ര മാധ്യമങ്ങളും മുക്തകണ്ഠം പ്രശംസിച്ചു.
മുഴുവന്‍ ഇസ്‌ലാമിക രാജ്യങ്ങളും മറ്റു ലോക രാഷ്ട്രങ്ങളും യു എ ഇയെ മാതൃകയാക്കി ഇത്തരത്തിലുള്ള നിയമനിര്‍മാണം നടത്താനും അത് നടപ്പില്‍ വരുത്താനും മുന്നോട്ടുവരണമെന്ന് ഇസ്‌ലാമിക് യൂറോപ്യന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അല്‍ ബഷ്ഹരി പറഞ്ഞു. ഇത് ജനങ്ങളും രാജ്യങ്ങളും തമ്മിലുള്ള സൗഹാര്‍ദവും ഐക്യവും വളര്‍ത്താന്‍ ഉപയുക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് വാര്‍ത്താ ചാനലായ സി എന്‍ എന്‍ ഇതിനെ സമകാലിക ലോകത്ത് ഏറ്റവും ശ്രദ്ധേയവും പ്രാധന്യമര്‍ഹിക്കുന്നതുമായ നിയമമെന്നും മതങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ സൗഹാര്‍ദം നിലനിര്‍ത്താന്‍ പ്രേരകമാകുമെന്നും റിപ്പോര്‍ട്ട് ചെയ്തു. മതങ്ങളും ജനങ്ങളും വിവേചനം കൂടാതെ കഴിയാന്‍ പ്രസ്തുത നിയമത്തിനാകുമെന്നും ഇത് നവ നാഗരികതയെ നിര്‍മിക്കുന്ന ചരിത്രപരമായ ദൗത്യമാണ് ലോകത്തിന് യു എ ഇ സമര്‍പിക്കുന്നതെന്നും എമിറേറ്റ്‌സ് ഹ്യുമന്‍ റൈറ്റ്‌സ് അസോസിയേഷന്‍ ഡയറക്ടര്‍ മുഹമ്മദ് സാലം അല്‍ കഅബി പ്രസ്താവിച്ചു.
അന്താരാഷ്ട്ര വ്യക്തിത്വങ്ങളില്‍ അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്ഥാവന അല്‍ ഇത്തിഹാദും അല്‍ ഖലീജും ചിത്ര സഹിതം വന്‍ പ്രധാന്യത്തോട് കൂടിയാണ് നല്‍കിയത്. ഈ നിയമം ജനങ്ങള്‍ക്കിടയില്‍ ഐക്യവും സൗഹാര്‍ദവും ഊട്ടിയുറപ്പിക്കാന്‍ പ്രേരകമാണെന്നും ലോകത്തിനു തന്നെ മാതൃകയാണെന്നും കാന്തപുരം പറഞ്ഞതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുസ്‌ലിം ലോകത്തിന്റെ വിലപ്പെട്ട സമ്പത്തായ ഇസ്‌ലാമിക പൈതൃക സ്ഥലങ്ങളെയും ചരിത്രാവശിഷ്ടങ്ങളെയും ഭീകരവാദികളുടെ കടന്നുകയറ്റത്തില്‍ നിന്നും നശീകരണത്തില്‍ നിന്നും സംരക്ഷിക്കാന്‍ അതാതു രാജ്യത്തെ ഭരണാധികാരികള്‍ ഗൗനിക്കണമെന്നും കാന്തപുരം തന്റെ പ്രസ്താവനയില്‍ ആവശ്യപ്പെട്ടതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.