ജല വൈദ്യുത ഉപഭോഗം കുറ്റമറ്റതാക്കാന്‍ സിവ ബോധവത്കരണം ഊര്‍ജിതമാക്കും

Posted on: July 23, 2015 4:57 pm | Last updated: July 23, 2015 at 4:57 pm

 

സിവ (ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി) ചെയര്‍മാന്‍ ഡോ. റാശിദ് അല്‍ ലീം  വാര്‍ത്താസമ്മേളനത്തില്‍
സിവ (ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി) ചെയര്‍മാന്‍ ഡോ. റാശിദ് അല്‍ ലീം
വാര്‍ത്താസമ്മേളനത്തില്‍

ഷാര്‍ജ: ജല-വൈദ്യുത ഉപഭോഗം കുറ്റമറ്റതാക്കാന്‍ ബോധവത്കരണം ഊര്‍ജിതമാക്കുമെന്ന് സിവ (ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി) ചെയര്‍മാന്‍ ഡോ. റാശിദ് അല്‍ ലീം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ജല-വൈദ്യുത ഉപഭോഗം 30 ശതമാനം കുറക്കാനാണ് സിവ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇത് ഫലപ്രദമായി നടപ്പാക്കണമെങ്കില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം കൂടിയേതീരൂ. ഇതിനായി സിവ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. സ്‌കൂള്‍ തലം മുതല്‍ ബോധവത്കരണത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
10 വര്‍ഷമാണ് ഉപഭോഗം കുറക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതെങ്കിലും അഞ്ചു വര്‍ഷത്തിനകം ഈ ലക്ഷ്യം നേടാന്‍ സാധിക്കുമോയെന്നാണ് സിവ അന്വേഷിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും വിവിധ വകുപ്പുകളിലുമെല്ലാം ജലവും വൈദ്യുതിയും കാര്യമായ തോതില്‍ നഷ്ടപ്പെടുന്നുണ്ട്. വൈദ്യുതി ഉപഭോഗം കൂടിയ ഉപകരണങ്ങളും നിലവാരമില്ലാത്ത ഉത്പന്നങ്ങളുമെല്ലാം ഇതിന് ഇടയാക്കുന്നുണ്ട്. പല വില്ലകളിലും വീടുകളിലും ആവശ്യം കഴിഞ്ഞാല്‍ ജല-വൈദ്യുത ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യാത്തതും അമൂല്യമായ ജലവും വൈദ്യുതിയും പാഴാവുന്നതിന് ഇടയാക്കുകയാണ്. സ്വിച്ച്കള്‍ ഓഫ് ചെയ്യാതിരിക്കുക അടുക്കളയിലും തോട്ടത്തിലും ഉള്‍പെടെ ടാപ്പുകള്‍ അടക്കാതിരിക്കുക തുടങ്ങിയവയിലൂടെ വന്‍തോതിലാണ് ഇവ നഷ്ടപ്പെടുന്നത്. ഗുണനിലവാരമില്ലാത്ത ഉപകരണങ്ങള്‍ വൈദ്യുതിയും ജലവും നഷ്ടപ്പെടാന്‍ ഇടയാക്കും. ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഗുണനിലവാരം ഉറപ്പാക്കാന്‍ ശ്രദ്ധിക്കണമെന്ന് ചെയര്‍മാന്‍ ആവശ്യപ്പെട്ടു.
2017 ആവുമ്പോഴേക്കും ഷാര്‍ജയിലെ മുഴുവന്‍ തെരുവ് വിളക്കുകളും ഊര്‍ജ ഉപഭോഗം കുറഞ്ഞ എല്‍ ഇ ഡി ബള്‍ബുകളിലേക്ക് മാറും. ഇതുമായി ബന്ധപ്പെട്ട് വൈദ്യുതോപകരണ നിര്‍മാണ രംഗത്തെ വന്‍കിടക്കാരായ ഫിലിപ്‌സ് ഉള്‍പെടെയുള്ള കമ്പനികളുമായി സിവ ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. 50,000 തെരുവുവിളക്കുകളാണ് ഷാര്‍ജ നഗരത്തിലുള്ളത്. കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ ഇവയില്‍ 500 എണ്ണം മാറ്റി സ്ഥാപിച്ചിട്ടുണ്ട്. 70 മെഗാവാട്ട് വൈദ്യുതിയാണ് തെരുവുവിളക്കുകള്‍ ജ്വലിപ്പിക്കാന്‍ മാത്രമായി സിവ ഉപയോഗിക്കുന്നത്. നിലവിലെ ബള്‍ബുകള്‍ പൂര്‍ണമായും എല്‍ ഇ ഡിയിലേക്ക് മാറുന്നതോടെ 30 ശതമാനത്തില്‍ അധികം വൈദ്യുതി ലാഭിക്കാന്‍ സാധിക്കും.
ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സിവ സാമ്പത്തിക മന്ത്രാലയത്തോട് ആവശ്യപ്പെടിട്ടുണ്ട്. ഉപഭോക്താക്കള്‍ അസ്സല്‍ ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കണമെന്നാണ് സിവ അഭ്യര്‍ഥിക്കുന്നത്. ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ക്ക് വില കുറവാണെങ്കിലും അവ ഉപയോഗിക്കുന്നതിലൂടെ കൂടിയ തോതില്‍ ജല-വൈദ്യുത ബില്ലുകള്‍ നല്‍കേണ്ടിവരും. ഇത് പ്രകൃതി വിഭവങ്ങളുടെ കരുതല്‍ ശേഖരം കുറയുന്നതിന് ഇടയാക്കും.
ബോധവത്കരണത്തിന്റെ ഭാഗമായി അഞ്ചാം തരത്തിലും ഏഴാം തരത്തിലും പഠിക്കുന്ന കുട്ടികളെ ബോധവത്കരിക്കാനുള്ള പ്രത്യേക പരിപാടിക്കും സിവ തുടക്കമിട്ടിട്ടുണ്ട്. സിവയുടെ വിവിധ ബോധവത്കരണ പരിപാടികളില്‍ പതിനായിരത്തില്‍ അധികം പേരാണ് പങ്കെടുത്തത്. ജനങ്ങള്‍ക്കിടയില്‍ ജലവും വൈദ്യുതിയും അമൂല്യമാണെന്ന സന്ദേശം ആഴത്തില്‍ വേരോടാന്‍ ഇത് ഇടയാക്കുമെന്നാണ് പ്രതീക്ഷ. ആറുമാസത്തോളം പഠനം നടത്തിയാണ് സിവ ജലവും വൈദ്യുതിയും പരമാവധി സംരക്ഷിക്കാനുള്ള ബൃഹദ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
ആരോഗ്യ രംഗത്ത് എമിറേറ്റ് നേട്ടം കൈവരിച്ചപോലെ എല്ലാ മേഖലകളിലും സ്മാര്‍ട്ടാവാനാണ് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ പരിശ്രമിക്കുന്നത്. ഘട്ടം ഘട്ടമായി ഷാര്‍ജയിലെ നിലവിലെ ജല-വൈദ്യുത മീറ്ററുകളെല്ലാം സ്മാര്‍ട് മീറ്ററുകളാക്കി പുനസ്ഥാപിക്കും. മീറ്ററുകള്‍ സൗജന്യമായാവും മാറ്റി സ്ഥാപിക്കുക. സ്മാര്‍ട് മീറ്ററുകള്‍ക്കായി ഉപഭോക്താവ് പണം നല്‍കേണ്ടതില്ല. ഗ്രാഫിക് സംവിധാനത്തോട് കൂടിയ മീറ്റര്‍ നിരീക്ഷിച്ചാല്‍ ഉപഭോഗം കൃത്യമായി അറിയാന്‍ കഴിയും. ആവശ്യമില്ലാത്ത വിളക്കുകളും വൈദ്യുത ഉപകരണങ്ങളും നിശ്ചലമാക്കി ജല-വൈദ്യുത ബില്ലുകള്‍ ഉയരുന്നത് ഉപഭോക്താവിന് കുറക്കാന്‍ സാധിക്കുമെന്നും അല്‍ റീം വിശദീകരിച്ചു.