ഭിന്നശേഷിക്കാരെ അവഗണിച്ചുള്ള സ്വത്ത് കൈമാറ്റം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Posted on: July 23, 2015 11:24 am | Last updated: July 23, 2015 at 11:24 am

കോഴിക്കോട്: ഭിന്നശേഷിക്കാരെ അവഗണിച്ചുള്ള സ്വത്ത് കൈമാറ്റം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഈ മാസം 16 ലെ സാമൂഹിക നീതി വകുപ്പിന്റെ 442/2015 നമ്പര്‍ ഉത്തരവ് പ്രകാരം ഭിന്നശേഷിയുള്ളവരെ അവഗണിച്ച് നടത്തിയ സ്വത്ത് കൈമാറ്റം റദ്ദാക്കാന്‍ വ്യവസ്ഥ ചെയ്തതായി നാഷനല്‍ ട്രസ്റ്റ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ആര്‍ വേണുഗോപാലന്‍ നായര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സബ് രജിസ്ട്രാര്‍, വില്ലേജ് ഓഫീസുകളിലും മുന്നറിയിപ്പ് നല്‍കുന്ന ഡിസ്‌പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കും.
നിലവില്‍ വൈകല്യങ്ങള്‍ നേരിടുന്ന വ്യക്തികള്‍ വീടുകളില്‍ത്തന്നെ ചൂഷണം ചെയ്യപ്പെടുന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാതല കമ്മിറ്റികള്‍ എല്ലാ ജില്ലകളിലും രൂപവത്കരിച്ചിട്ടുണ്ട്. ഇത്തരം വ്യക്തികളുടെ സ്വത്ത് ക്രയവിക്രയം, പോക്കുവരവ് എന്നിവക്ക് ജില്ലാതല കമ്മിറ്റിയുടെ അനുമതി നിര്‍ബന്ധമാണ്.
നിബന്ധനകള്‍ പാലിക്കാതെ നടത്തുന്ന എല്ലാ ക്രയവിക്രയങ്ങളും റദ്ദുചെയ്യും. കുടുംബ ഓഹരിയുമായി ബന്ധപ്പെട്ട ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രത്യേക പരിഗണന ആവശ്യമായ വ്യക്തികള്‍ കുടുംബത്തിലില്ലെന്ന് ഉറപ്പാക്കണം.
പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ബുദ്ധിമാന്ദ്യം, സെറിബ്രല്‍ പാള്‍സി, ഓട്ടിസം, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങിയ ശാരീരിക, മാനസിക വൈകല്യങ്ങള്‍ നേരിടുന്നവരുടെ അവകാശ സംരക്ഷണവും ക്ഷേമവും ലക്ഷ്യമിട്ട് ജില്ലയിലെ വില്ലേജ് ഓഫീസര്‍മാര്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി എ ഡി എം ടി ജെനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. നാഷനല്‍ ട്രസ്റ്റ് സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ആര്‍ വേണുഗോപാലന്‍ നായര്‍, ജില്ലാ കണ്‍വീനര്‍ സി കെ ഹരീന്ദ്രനാഥ് സംസാരിച്ചു.
തുടര്‍ന്ന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല ലോക്കല്‍ കമ്മിറ്റിയില്‍ പത്ത് കേസുകള്‍ പരിഗണിച്ചു. 18 വയസ്സ് പൂര്‍ത്തിയായ വൈകല്യം നേരിടുന്ന വ്യക്തികളുടെ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പിനുള്ള അപേക്ഷകളില്‍ കമ്മിറ്റി തീരുമാനമെടുത്തു. ഒരു കേസില്‍ കുടുംബ സ്വത്തായി ലഭിക്കേണ്ടിയിരുന്ന 40 ലക്ഷം രൂപ ഭിന്നശേഷിയുള്ള വ്യക്തിയുടെ പേരില്‍ സ്ഥിരനിക്ഷേപമാക്കാനും കമ്മിറ്റി തീരുമാനിച്ചു.