ഒരേ ദിവസം രണ്ട് പരീക്ഷ; ഉദ്യോഗാര്‍ഥികള്‍ക്ക് ഒരവസരം നഷ്ടമാകും

Posted on: July 23, 2015 5:37 am | Last updated: July 23, 2015 at 12:37 am

തിരുവനന്തപുരം: പി എസ് സിയുടെയും കിറ്റ്‌കോയുടെയും പരീക്ഷ ഒരേ ദിവസം നടക്കുന്നത് മൂലം ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകും. ബിരുദ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന രണ്ട് പരീക്ഷകളാണ് പി എസ് സിയും കിറ്റ്‌കോയും ഒരേ ദിവസം നടത്തുന്നതിനാല്‍ നഷ്ടമാകുന്നത്.
സ്റ്റേറ്റ് ബീവറേജസ് കോര്‍പറേഷന്റെ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് പി എസ് സി നടത്തുന്ന പരീക്ഷയും സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് കിറ്റ്‌കോ നടത്തുന്ന പരീക്ഷയും ഈ മാസം 27 ന് നടത്താന്‍ തീരുമാനിച്ചതാണ് ഉദ്യോഗാര്‍ഥികള്‍ക്ക് വിനയായത്. പി എസ് സി പരീക്ഷ 27 ന് ഉച്ചക്ക് 1.30 മുതല്‍ 3.25 വരെ വിവിധ കേന്ദ്രങ്ങളിലും കിറ്റ്‌കോ പരീക്ഷാ എറണാകുളത്ത് രാവിലെ 11 മുതല്‍ 1.15 വരെയുമാണ് നടക്കുന്നത്.
എറണാകുളത്ത് കിറ്റ്‌കോ പരീക്ഷ എഴുതിയ ശേഷം വിവിധ ജില്ലകളിലെ സെന്ററുകളില്‍ എത്തി പി എസ് സി പരീക്ഷ എഴുതാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കഴിയില്ല. ഏതെങ്കിലും ഒരു പരീക്ഷ മറ്റൊരു തീയതിയിലേക്ക് മാറ്റിയാല്‍ അവസരം നഷ്ടമാകില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.