വ്യാജ ലോട്ടറി ടിക്കറ്റുകള്‍ കണ്ടുപിടിക്കാന്‍ തലശ്ശേരി എന്‍ജിനീയറിംഗ് കോളജിന്റെ സ്‌കാനര്‍

Posted on: July 23, 2015 6:00 am | Last updated: July 23, 2015 at 12:35 am
തലശ്ശേരി എന്‍ജിനീയറിംഗ് കോളജില്‍ നിര്‍മിച്ച ലോട്ടറി സ്‌കാനര്‍
തലശ്ശേരി എന്‍ജിനീയറിംഗ് കോളജില്‍ നിര്‍മിച്ച ലോട്ടറി സ്‌കാനര്‍

കണ്ണൂര്‍: വ്യാജ ലോട്ടറി ടിക്കറ്റ് ഉപയോഗിച്ച് പണം തട്ടുന്നത് തടയാന്‍ നൂതന സാങ്കേതിക വിദ്യയുമായി തലശ്ശേരി സഹകരണ എന്‍ജിനീയറിംഗ് കോളജ്. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റുകളുടെ നമ്പര്‍ മനസ്സിലാക്കി പഴയ ടിക്കറ്റിലെ നമ്പറുകളില്‍ കൃത്രിമം കാട്ടി പണം തട്ടുന്ന സംഘങ്ങള്‍ കേരളത്തില്‍ വ്യാപകമായ സാഹചര്യത്തിലാണ് ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ലോട്ടറി സ്‌കാനിംഗ് മെഷീന്‍ നിര്‍മിച്ചത്. കോളജിലെ അധ്യാപകരായ പി റിനിത, കെ വി ബിജു, വി പി സുധീഷ് എന്നിവരാണ് ഉപകരണത്തിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.
സാധാരണ ഗതിയില്‍ ഉച്ചകഴിഞ്ഞ് 2.30 നാണ് കേരളത്തില്‍ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഫലം പ്രസിദ്ധീകരിച്ചയുടന്‍ താരതമ്യേന ചെറിയ സമ്മാനങ്ങള്‍ നേടിയ നമ്പറുകള്‍ കുറിച്ചെടുത്ത് അതനുസരിച്ച് പഴയ ലോട്ടറി ടിക്കറ്റുകള്‍ തിരുത്തിയാണ് വ്യാജ ടിക്കറ്റുകള്‍ നിര്‍മിക്കുന്നത്. അടുത്ത ദിവസം ലോട്ടറി ഔട്ട്‌ലറ്റുകള്‍ തുറക്കുന്ന സമയത്ത് ഇത്തരത്തില്‍ മാറ്റം വരുത്തിയ ടിക്കറ്റുമായി എല്ലാ ഔട്ട്‌ലറ്റുകളിലും ഒരേ സമയം വ്യാജ ടിക്കറ്റുമായി ആളുകള്‍ എത്തുന്നു. ഏജന്റുമാര്‍ക്ക് പരസ്പരം ആശയ വിനിമയം നടത്താന്‍ സാധിക്കുന്നതിനു മുമ്പ് സമ്മാനത്തുക വാങ്ങി സ്ഥലംവിടുകയാണ് പതിവ്. 500 രൂപ മുതല്‍ പതിനായിരം രൂപ വരെയുള്ള സമ്മാനങ്ങള്‍ ഇങ്ങനെ ഒരേസമയം പലയിടത്തു നിന്നായി തട്ടിയെടുത്തതായി പരാതിയുണ്ടായിരുന്നു. ഔട്ട്‌ലറ്റുകളില്‍ ലോട്ടറി സ്‌കാനര്‍ മെഷീന്‍ ഘടിപ്പിച്ചാല്‍ ജി എസ് എം വഴി ടിക്കറ്റിന്റെ വിവരങ്ങള്‍ വെബ് സെര്‍വറില്‍ എത്തും. എല്ലായിടത്തുനിന്നും ഒരേസമയം ഇത് പരിശോധിക്കാനും സാധിക്കും.
സമ്മാനാര്‍ഹമായ ടിക്കറ്റ് നല്‍കി ഏതെങ്കിലും ഔട്ട്‌ലറ്റില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ അതും ഉപകരണത്തിന്റെ സ്‌ക്രീനില്‍ തെളിയും. ഇങ്ങനെ വ്യാജ ടിക്കറ്റിന്മേലുള്ള സമ്മാന വിതരണം തടയാം. ലോട്ടറി ഫലം അറിയാനും ഈ ഉപകരണം ഉപയോഗിക്കാം. ഡിജിറ്റല്‍ ഇന്ത്യാ വാരാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന ഡിജിറ്റല്‍ എക്‌സ്‌പോയില്‍ തലശ്ശേരി എന്‍ജിനീയറിംഗ് കോളജിന്റെ സ്റ്റാളില്‍ ഈ പുതിയ ഉപകരണം പ്രദര്‍ശിപ്പിച്ചിരുന്നു. സ്റ്റാള്‍ സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ പ്രത്യേക അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുകയും ഈ ഉപകരണത്തിന്റെ സാധ്യതകള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.തലശ്ശേരിയിലെ ഒരു പ്രധാന ലോട്ടറി ഏജന്‍സി ഇപ്പോള്‍തന്നെ ലോട്ടറി സ്‌കാനര്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ആറായിരത്തില്‍ താഴെയാണ് ഉപകരണത്തിന്റെ വില. ലോട്ടറി വകുപ്പിന്റെ സഹകരണത്തോടെ എല്ലാ ലോട്ടറി ഔട്ട്‌ലറ്റുകളിലും ഇവ സ്ഥാപിക്കുകയാണെങ്കില്‍ വ്യാജലോട്ടറി ടിക്കറ്റുകളിന്മേലുള്ള സമ്മാന വിതരണം കാര്യക്ഷമമായി തടയാന്‍ സാധിക്കുമെന്ന് അധ്യാപകര്‍ പറയുന്നു.