Connect with us

Malappuram

റെയില്‍വേ പാളത്തില്‍ തലവെച്ച് കിടന്ന യുവതിയെയും പെണ്‍കുട്ടിയെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി

Published

|

Last Updated

പരപ്പനങ്ങാടി: ആത്മഹത്യ ചെയ്യാന്‍ റെയില്‍വേ പാളത്തില്‍ തലവെച്ച് കിടന്ന യുവതിയെയും പെണ്‍കുട്ടിയെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി.
തിങ്കളാഴ്ച രാത്രി 11ഓടെയാണ് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരുകിലോമീറോളം അകലെ ചുടലപ്പറമ്പിന് സമീപമായിരുന്നു സംഭവം. നാട്ടുകാര്‍ തൊട്ടടുത്ത താമസക്കാരെ വിളിച്ചുകൂട്ടി ഇവരെ പാളത്തില്‍ നിന്ന് മാറ്റി. പിന്നീട് പൊലീസിലേല്‍പ്പിച്ചു. ബന്ധുക്കള്‍ തങ്ങളുടെ ബന്ധത്തെക്കുറിച്ച് അപവാദപ്രചരണം നടത്തിയതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു.
പാലക്കാട് നെന്മാറ സ്വദേശികളായ ഇരുവരും അടുത്ത ബന്ധുക്കളാണ്. 25കാരിയുടെ ഭര്‍ത്താവിന് ബാംഗ്ലൂരില്‍ വെല്‍ഡിംഗ് ജോലിയാണ്. ഇവര്‍ക്ക് നാലുവയസ്സായ മകനുണ്ട്. നിര്‍ധന കുടുംബാംഗമായ 17കാരിയുടെ പഠനച്ചെലവുകള്‍ 25കാരിയാണ് വഹിക്കുന്നത്.
സ്വകാര്യ ക്വാര്‍ട്ടേഴ്‌സില്‍ 25കാരിയുടെ കുടുംബത്തിനൊപ്പമാണ് പെണ്‍കുട്ടിയുടെയും താമസം. സ്‌കൂട്ടറില്‍ പല സ്ഥലങ്ങളിലും കറങ്ങുന്നത് പതിവാണെന്ന് ബന്ധുക്കള്‍ ആരോപിച്ചതോടെ ഭര്‍ത്താവ് സ്‌കൂട്ടറെടുക്കുന്നത് വിലക്കി. നാല് ദിവസം മുമ്പാണ് വീടുവിട്ടിറങ്ങിയത്. വിവിധ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങിയ ശേഷം ആത്മഹത്യ ചെയ്യാനായാണ് പരപ്പനങ്ങാടിയെത്തിയത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇരുവരും തമ്മില്‍ ആത്മബന്ധമാണുളളതെന്നും പാലക്കാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂവെന്നും പൊലീസ് പറഞ്ഞു.
പാലക്കാട് നിന്നും ഇരുവരുടേയും ബന്ധുക്കളെ പൊലീസ് വിളിച്ചുവരുത്തി. ഇവര്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ച ഇരുവരേയും തവനൂര്‍ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി.
മാര്‍ച്ച് നടത്തി
തേഞ്ഞിപ്പലം: വിവാദമായ ബി ടെക് പരീക്ഷ റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ സിന്‍ഡിക്കേറ്റ് മാര്‍ച്ച് നടത്തി.
വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന വിവാദമായ പരീക്ഷ റദ്ദ് ചെയ്ത് വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. എംപ്ലോയീസ് യൂനിയന്‍ ജനറല്‍ സെക്രട്ടറി എസ് സദാനന്ദന്‍, സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പ്രവീണ്‍കുമാര്‍, എംപ്ലോയീസ് സെന്റര്‍ പി പുരുഷോത്തമന്‍, സോളിഡാരിറ്റി ഓഫ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ജനറല്‍ സെക്രട്ടറി പി അബ്ദുറഹ്മാന്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest