വഴിത്തര്‍ക്കം: ഏഴംഗ സംഘം വീട്ടില്‍ കയറി അക്രമിച്ചു

Posted on: July 22, 2015 3:22 pm | Last updated: July 22, 2015 at 3:22 pm

വടകര: മണിയൂര്‍ പാലയാട്ട് നടയില്‍ വഴിത്തര്‍ക്കം അക്രമത്തില്‍ കലാശിച്ചു. പാലയാട് വില്ലേജ് ഓഫീസിന് സമീപം നടേമ്മല്‍ ടി ഒ ബശീറിന്റെ വീട്ടില്‍ കയറിയാണ് ഏഴംഗ സംഘം അക്രമം നടത്തിയത്. സുന്നി പ്രവര്‍ത്തകനും ഐ സി എസ് അബൂദബി കമ്മിറ്റി അംഗവുമായ ബശീറിനും (37), ഭാര്യ സജിന (27), മക്കളായ ജാബിര്‍ (14), സാബിര്‍ (14) എന്നിവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ഇവര്‍ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
നേരത്തെയുണ്ടായിരുന്ന വഴി തര്‍ക്കം സംബന്ധിച്ച് ബശീറിന് അനുകൂലമായി കോടതി ഉത്തരവ് നിലനില്‍ക്കെയാണ് വീടുകയറി അക്രമമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് പതിയാരക്കര പാലക്കൂല്‍ ശംസുദ്ദീന്‍ (37), അപ്പംകണ്ടി ഉബൈദ് (27), തെയ്യത്താം കണ്ടി ഇബ്‌റാഹീം (58) എന്നിവരെയാണ് വടകര എസ് ഐ കെ പ്രഭാകരന്‍ അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ആഗസ്റ്റ് നാല് വരെ റിമാന്‍ഡ് ചെയ്തു.