മോദിയുടെ 56 ഇഞ്ച് നെഞ്ച് 5.6 ഇഞ്ചായി ചുരുങ്ങും: രാഹുല്‍

Posted on: July 17, 2015 3:58 pm | Last updated: July 19, 2015 at 9:26 am

rahul_gandhi_ജയ്പൂര്‍: പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ 56 ഇഞ്ച് നെഞ്ച് 5.6 ഇഞ്ചായി ചുരുങ്ങുമെന്ന് പരിഹസിച്ച രാഹുല്‍ ഗാന്ധി വിവാദമായ ഭൂമിയേറ്റെടുക്കല്‍ ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കാന്‍ അനുവദിക്കുല്ലെന്നും വ്യക്തമാക്കി. കേന്ദ്രത്തില്‍ ഒറ്റ മന്ത്രിയേ ഉള്ളൂ. അത് നരേന്ദ്ര മോദിയാണ്. ബാക്കിയുള്ളവരെല്ലാം കാഴ്ചക്ക് നിര്‍ത്തിയവരോ പാവകളോ ആണെന്നും രാഹുല്‍ പരിഹസിച്ചു. ജയ്പൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശവുമായി രംഗത്തെത്തിയത്.
രാജസ്ഥാനില്‍ റിമോട്ട് കണ്‍ട്രോള്‍ ഭരണമാണ് നടക്കുന്നതെന്നും ലണ്ടനില്‍ നിന്ന് ലളിത് മോദി ബട്ടണമര്‍ത്തുംമ്പോള്‍ മുഖ്യമന്ത്രി വസുന്ദര രാജ ഞെട്ടിയെഴുനേല്‍ക്കുമെന്നും ഇവിടെയുള്ളത് ലളിത് മോദി സര്‍ക്കാരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യ തേടുന്ന കുറ്റവാളിയെയാണ് നിങ്ങളുടെ മുഖ്യമന്ത്രി സഹായിച്ചത്. ഈ രാജ്യത്തിന്റെ നിയമമാണ് മുഖ്യമന്ത്രി ലംഘിച്ചത്. കുറ്റവാളിയെ രക്ഷിക്കുന്നതിനു വേണ്ടിയാണ് അവര്‍ ഒപ്പുവെച്ചതെന്നും രാഹുല്‍ വ്യക്തമാക്കി.