ആഘോഷ ദിനത്തിലെ ആരാധനകള്‍

    Posted on: July 17, 2015 1:36 am | Last updated: July 16, 2015 at 11:39 pm

    ramadan emblom- newഅറഫ ദിനം, വെള്ളിയാഴ്ച എന്നിവ കഴിഞ്ഞാല്‍ ഏറ്റവും മഹത്വമുള്ള ദിവസങ്ങളാണ് രണ്ട് പെരുന്നാള്‍ ദിനങ്ങള്‍ . ആരാധനകളിലൂടെയാണ് പെരുന്നാള്‍ ആഘോഷിക്കേണ്ടത്. ഈദുല്‍ ഫിത്വര്‍ ദിനത്തിലെ ആരാധനകളുടെ രീതിശാസ്ത്രം നമുക്ക് പരിചയപ്പെടാം. ആഘോഷത്തിന്റെ ആരവം മുഴക്കി തക്ബീര്‍ ചൊല്ലുക എന്നത് വളരെ പ്രധാനമാണ്. മുപ്പത് ദിനരാത്രങ്ങളെ അല്ലാഹുവിന്റെ വഴിയില്‍ സമര്‍പ്പിക്കാന്‍ സാധിച്ചതിലുള്ള ആഹ്ലാദം പ്രകടിപ്പിക്കുക എന്നതാണിതിന്റെ പൊരുള്‍. പെരുന്നാള്‍ രാവില്‍ സൂര്യന്‍ അസ്തമിച്ചത് മുതല്‍ ഇമാം ഈദുല്‍ ഫിത്വര്‍ നിസ്‌കാരത്തിന് തക്ബീറതുല്‍ ഇഹ്‌റാം കെട്ടുന്നത് വരെയാണ് ജമാഅത്തായി നിസ്‌കരിക്കുന്നയാള്‍ തക്ബീര്‍ മുഴക്കേണ്ടത്. ഒറ്റക്ക് നിസ്‌കരിക്കുന്നവന്‍ തന്റെ തക്ബീറതുല്‍ ഇഹ്‌റാംവരേയും നിസ്‌കരിക്കാത്തവര്‍ ഉച്ചവരേയുമാണ് തക്ബീര്‍ ചൊല്ലേണ്ടത്.
    പള്ളികള്‍, വീടുകള്‍ വഴിയോരങ്ങല്‍ ഇവയെല്ലാം തക്ബീര്‍ മുഖരിതമാവണം. ഈ ദിനത്തിന്റെ പ്രത്യകഅടയാളമായ തക്ബീര്‍ ഇടതടവില്ലാതെ മുഴങ്ങട്ടെ. ഈദുല്‍ ഫിത്വര്‍ ദിനത്തിലെ രണ്ടാമത്തെ കര്‍മം ഫിത്വര്‍ സകാത്ത് നല്‍കലാണ്. പെരുന്നാള്‍ നിസ്‌കാരത്തിന് മുമ്പായി ഇത് അവകാശികള്‍ക്ക് എത്തിച്ചു കൊടുക്കണം. ഇതിന് വേണ്ടി ചെരിയപെരുന്നാള്‍ നിസ്‌കാരം അല്‍പ്പം പിന്തിച്ച് നിസ്‌കരിക്കലാണ് അഭികാമ്യം . ബലിയറുക്കേണ്ടത് ബലിപെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞിട്ടായതിനാല്‍ ആ നിസ്‌കാരം കുറച്ചുകൂടി നേരത്തെ നിര്‍വഹിക്കുകയാണ് വേണ്ടത്.
    സൂര്യനുദിച്ചതു മുതല്‍ ഉച്ചവരെയാണ് നിസ്‌കാര സമയം. ഉദയം കഴിഞ്ഞ് ഇരുപത് മിനിട്ട് കഴിയാതെ നിസ്‌കാരം തുടങ്ങരുത്. പള്ളികള്‍ വിശാലമാണെങ്കില്‍ ഉത്തമം പള്ളികളില്‍ വെച്ചു തന്നെ ഈദ് നിസ്‌കരിക്കലാണ്. അല്ലെങ്കില്‍ ഈദ് നിസ്‌കാരത്തിന് വേണ്ടി പ്രത്യേകം മുസ്ലിംകള്‍ മാറ്റിവെച്ച വൃത്തിയുള്ള സ്ഥലത്തു വെച്ച് നിസ്‌കരിക്കണം. ഇതിനാണ് ഇന്ത്യയില്‍ ഈദ് ഗാഹ് എന്നു പറയുന്നത്. നമ്മുടെ കേരളത്തില്‍ ഇത്തരം ഈദ്ഗാഹുകള്‍ ഉള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഏതെങ്കിലും പാടത്തോ പറമ്പിലോ ടൗണ്‍ഹാളുകളിലോ ഈദ്ഗാഹ് എന്ന് ബാനര്‍ കെട്ടിയത് കൊണ്ട് അത് ഈദ്ഗാഹ് ആവുകയില്ല. സൗകര്യമുള്ളപള്ളികള്‍ അടച്ചിട്ട് പാഴ്‌ചെലവുണ്ടാക്കി കൃത്രിമ ഈദ്ഗാഹുകള്‍ സൃഷ്ടിക്കുന്നവര്‍ നബി (സ) ഈദ് മുസല്ലയില്‍ പോയതിന്റെ പൊരുളറിയാതെയാണ് ഇതിന് മുതിരുന്നത്.
    മദീനയിലെ ചെറിയ പള്ളി പെരുന്നാള്‍ ദിനത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമായിരുന്നില്ല. എന്നാല്‍ മക്കാ ഹറം പള്ളി സൗകര്യമുള്ളതായിരുന്നതിനാല്‍ നബി(സ)യുടെ കാലത്തും അവിടെ പള്ളിയില്‍ തന്നെയായിരുന്നു പെരുന്നാള്‍ നിസ്‌കാരം നടന്നത്. ഇപ്പോള്‍ മസ്ജിദുന്നബവി പ്രവിശാലമായ സൗകര്യമുള്ളതായതു കൊണ്ട് ഇരു പെരുന്നാള്‍ നിസ്‌കാരവും പള്ളിയില്‍ വെച്ചാണ് മദീനക്കാര്‍ നിര്‍വഹിക്കുന്നത്. പെരുന്നാള്‍ ദിനത്തില്‍ പ്രത്യേകം കുളിക്കല്‍ സുന്നത്തുണ്ട്. ഈദുല്‍ ഫിത്വര്‍ എന്നാല്‍ നോമ്പ് അവസാനിക്കുന്ന ആഘോഷം എന്നാണ്. ഇതിനാല്‍ ചെറിയ പെരുന്നാള്‍ ദിനത്തില്‍ നിസ്‌കാരത്തിന് പോകുന്നതിന് മുമ്പ് ഈത്തപ്പഴം കഴിക്കുന്നത് സുന്നത്താണ്. നോമ്പ് അവസാനിച്ചതായി ഇത് സൂചിപ്പിക്കുന്നു. ബലി പെരുന്നാള്‍ ദിവസത്തില്‍ നിസ്‌കാരത്തിന് ശേഷം ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. പെരുന്നാള്‍ ദിവസങ്ങളില്‍ നോമ്പെടുക്കല്‍ നിഷിദ്ധമാണ്. വളരെ നേരത്തെ തന്നെ പള്ളിയിലേക്ക് പുറപ്പെടുന്നതും കാല്‍നടയാത്രയായി പോകുന്നതും മടക്കം മറ്റൊരു വഴിക്കാവുന്നതും പുണ്യകരമാണ്.