അവഗണിക്കപ്പെട്ടിരുന്ന പ്രവാസികള്‍ക്കു വേണ്ടി നിയമപോരാട്ടം തുടരും : ഡോ. ഷംഷീര്‍

Posted on: July 16, 2015 7:56 pm | Last updated: July 16, 2015 at 8:50 pm

Dr Shamsheer Vayalil

അബുദാബി: പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടിരുന്ന പ്രവാസികള്‍ക്കു വേണ്ടി, അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി നിയമപോരാട്ടം തുടരുമെന്ന് പ്രമുഖ പ്രവാസി വ്യവസായിയും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ ഡോ.ഷംഷീര്‍ വയലില്‍ . ഗള്‍ഫിലേക്ക് കപ്പല്‍ കയറുന്നതിന് മുമ്പേ തന്നെ പല വിദേശരാജ്യങ്ങളിലേക്കും കുടിയേറിയിരുന്നവരാണ് മലയാളികള്‍. പ്രതികൂല സാഹചര്യങ്ങളെയെല്ലാം നേരിട്ട് നാട്ടില്‍ ജീവിതങ്ങള്‍ക്കു തുണയായവര്‍. ഇനി വരാനിരിക്കുന്ന കാലങ്ങളിലും മലയാളി പ്രവാസം തുടരുമെന്നു കരുതാം. എന്നാല്‍, ഇനി മുതല്‍ അവര്‍ക്കു നാട്ടിലെ പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടാം. അവര്‍ക്കു സ്വന്തം ജനപ്രതിനിധിയെ തിരഞ്ഞെടുക്കാം.

അടുത്തമാസം നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിന് അവസരംനല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരും പ്രവാസി വോട്ടിന് അനുകൂലമാണ്. തീരുമാനം സ്വഗതാര്‍ഹ മാണെന്നും അദ്ദേഹം വ്യക്തമാക്കി . ലക്ഷക്കണക്കിന് വരുന്ന മലയാളി പ്രവാസികള്‍ക്കും കോടിക്കണക്കിന് വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്കും തുണയായ തീരുമാനമുണ്ടായത് സുപ്രിംകോടതിയില്‍ ഡോ.ഷംഷീര്‍ വയലില്‍ നല്‍കിയ ഒരു കേസാണ് . ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ പ്രവാസികള്‍ക്ക് വോട്ടവകാശം വേണമെന്ന നിരന്തരമായ ആവശ്യം പൂര്‍ത്തീകരിക്കുന്നതു ലക്ഷ്യമിട്ടാണ് ഡോ. ഷംഷീര്‍ വയലില്‍ സുപ്രിംകോടതിയെ സമീപിച്ചത് .വ്യത്യസ്ഥ ഭരണരീതികള്‍ നിലനില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ വരെ ധാരാളം ഇന്ത്യക്കാരുണ്ട്. ഈ പശ്ചാത്തലത്തില്‍ വോട്ടവകാശം നല്‍കുന്നത് സങ്കീര്‍ണമാണ്. അതിനാല്‍, അഡ്വ.ഹാരിസ് ബീരാന്റെ അഭിപ്രായ പ്രകാരം നിലവിലെ അറ്റോണി ജനറലായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്താഗി, ഹരീഷ് സാല്‍വെ, ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷണ്‍ തുടങ്ങി നിരവധി പ്രമുഖരെയാണ് ഡോ.ഷംഷീര്‍ കേസില്‍ പങ്കെടുപ്പിക്കുന്നത്. പ്രവാസി വോട്ടവകാശത്തിന് അനുകൂല നിലപാടെടുത്ത മലയാളി കൂടിയായ ജസ്റ്റീസ് കെ എസ് രാധാകൃഷ്ണനാണ് പ്രവാസികളുടെ ആശങ്ക ആദ്യമായി ജുഡീഷ്യറിയില്‍ ഏറ്റെടുക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ടും കേന്ദ്രസര്‍ക്കാര്‍ അത് അംഗീകരിക്കുന്നതും. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരും ഇതേ നിലപാടില്‍ തന്നെ എത്തുന്നത് ഡോ.ഷംഷീറിന്റെയും പ്രവാസികളുടെയും വിജയമാണ്. അന്യസംസ്ഥാന വോട്ടും സൈനികവോട്ടും വരെ ഡോ. ഷംഷീറിന്റെ നിയമനടപടികളുടെ ലക്ഷ്യത്തില്‍ ഉള്‍പ്പെടുന്നു. വിഷയത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണരു മായി ഡോ.ഷംഷീര്‍ കഴിഞ്ഞയാഴ്ച്ച കൂടികാഴ്ച്ച നടത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റിലി, സദാനന്ദ ഗൗഡ എന്നിവരുമായി കൂടികാഴ്ച്ച നടത്തി. പ്രവാസി വോട്ടവകാശം ഏത്രയും വേഗം നടപ്പാക്കാമെന്നു അവര്‍ ഉറപ്പുനല്‍കി. ഇതിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തി. സാങ്കേതികമായ തടസങ്ങള്‍ ഉണ്ടോയെന്ന ആശങ്ക മുഖ്യമന്ത്രി പങ്കുവച്ചു. എന്നാല്‍, സാങ്കേതിക പ്രശ്‌നങ്ങളും ആശങ്കകളും ഒഴിവാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതോടെ അദ്ദേഹവും ഓണ്‍ലൈന്‍ വോട്ടിന് അനുകൂലമായി.  കോഴിക്കോട് ചാലപ്പുറത്തെ പി.കെ ഹാഷിമിന്റെയും മറിയമിന്റെയും മൂന്ന് മക്കളില്‍ രണ്ടാമനായ ഷംഷീറിന്റെ ഭാര്യ ഷബീന പ്രമുഖ വ്യവസായി എം എ യൂസുഫലിയുടെ മകളാണ്. നാല് മക്കളുണ്ട്.