Connect with us

Gulf

ഷാര്‍ജ; മേഖലയിലെ ആദ്യ ആരോഗ്യനഗരം

Published

|

Last Updated

ഷാര്‍ജ: മേഖലയിലെ ആദ്യത്തെ ആരോഗ്യ നഗരമായി ഷാര്‍ജയെ വേള്‍ഡ് ഹെല്‍ത് ഓര്‍ഗനൈസേഷന്‍ (ഡബ്ലു എച്ച് ഒ) അംഗീകരിച്ചു. ആരോഗ്യകരമായ നഗരത്തിനുണ്ടാവേണ്ട പുതിയ നിബന്ധനകളും നിലവാരങ്ങളും ഉള്ളതായി അധികൃതര്‍ക്ക് ബോധ്യപ്പെട്ടതാണ് ഇത്തരമൊരംഗീകാരത്തിന് ഷാര്‍ജയെ അര്‍ഹമാക്കിയതെന്ന് ഷാര്‍ജ മീഡിയ സെന്റര്‍ വ്യക്തമാക്കി.
ഷാര്‍ജ റൂളേഴ്‌സ് ഓഫീസ് കണ്‍സള്‍ട്ടന്റ് ശൈഖ് ഇസാം ബിന്‍ സഖര്‍ അല്‍ ഖാസിമിയാണ് ഇതുമായി ബന്ധപ്പെട്ട വിവരണം നല്‍കിയത്. ഷാര്‍ജ ഗവണ്‍മെന്റ് തലത്തിലെ എല്ലാ വകുപ്പുകളുടെയും ആത്മാര്‍ഥമായ ശ്രമങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഷാര്‍ജയെ അഭിമാനകരമായ ഈ നേട്ടത്തിലേക്കെത്തിച്ചത്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കാഴ്ചപ്പാടുകള്‍ നടപ്പാക്കുന്നതില്‍ ഒന്നിച്ചുള്ള മുന്നേറ്റം നടത്തിയതിലൂടെയാണ് അംഗീകാരം കൈവരിക്കാനായതെന്നും ശൈഖ് ഇസാം അല്‍ ഖാസിമി വ്യക്തമാക്കി.
എമിറേറ്റിലെ ഓരോ വ്യക്തിക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിലും ആരോഗ്യ-പരിസ്ഥിതി മേഖലകളില്‍ അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഷാര്‍ജ ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുവരുന്നത്. മേഖലയിലെ ആദ്യ ആരോഗ്യ നഗരമെന്ന ബഹുമതി ലഭിച്ചതോടെ ലോകാരോഗ്യ ഭൂപടത്തില്‍ ഷാര്‍ജ സ്ഥാനം പിടിച്ചിരിക്കുകയാണ്. ലക്ഷ്യത്തിലേക്കെത്താന്‍ പ്രയത്‌നിച്ച മുഴുവനാളുകള്‍ക്കും വകുപ്പുകള്‍ക്കും ശൈഖ് ഇസാം അഭിനന്ദനം അറിയിച്ചു.
ആരോഗ്യ നഗരമെന്ന പദവി ലഭിക്കാന്‍ ലോകാരോഗ്യ സംഘടന മുമ്പോട്ടുവെച്ച നിലവാരപ്പട്ടികയില്‍ 80 നിബന്ധനകളാണുള്ളത്. ഇതില്‍ 88 ശതമാനം മാര്‍ക്കാണ് ഷാര്‍ജക്ക് ലഭിച്ചത്. 80 ശതമാനമാണ് പദവിക്കാവശ്യമായ കുറഞ്ഞ മാര്‍ക്ക്. അംഗീകാരത്തിന് അപേക്ഷ സമര്‍പിക്കുന്നതിന്റെ തൊട്ടുമുമ്പാണ് നിബന്ധനകളില്‍ 36 എണ്ണം പൂര്‍ത്തീകരിക്കപ്പെട്ടത്. അംഗീകാരം ഭരണാധികാരി ശൈഖ് സുല്‍താന് സമര്‍പിക്കുന്നതായും ശൈഖ് ഇസാം പറഞ്ഞു.