ഇറാന്‍ ആണവ കരാര്‍: ശുഭ പ്രതീക്ഷയോടെ വ്യാപാരികള്‍

Posted on: July 16, 2015 4:31 pm | Last updated: July 16, 2015 at 4:31 pm

ദുബൈ: ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ കഴിഞ്ഞ ദിവസം ആണവക്കരാറില്‍ ഇറാന്‍ ഒപ്പിട്ടതിന്റെ ഗുണകരമായ അലയൊലികള്‍ ദുബൈയിലെ വ്യാപാര മേഖലകളിലും പ്രകടമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
വന്‍ ശക്തികളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ആണവ സമ്പുഷ്ടീകരണം നടത്തിയിരുന്ന ഇറാനെതിരെ കഴിഞ്ഞ കാലങ്ങളില്‍ അമേരിക്കയുള്‍പെടെ സാമ്പത്തിക ഉപരോധം ഏര്‍പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ജി സി സി രാജ്യങ്ങളുമായി ബന്ധപ്പെട്ട വ്യാപാര വിനിമയങ്ങളിലും കാര്യമായ കുറവു സംഭവിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ആണവക്കരാറില്‍ ഒപ്പിട്ടതോടെ പാശ്ചാത്യര്‍ ഏര്‍പെടുത്തിയിരുന്ന സാമ്പത്തിക ഉപരോധം പൂര്‍ണമായി പിന്‍വലിക്കാനുള്ള സാധ്യത ഏറിയിരിക്കുകയാണ്. നിലവിലുള്ള ഉപരോധം പിന്‍വലിക്കുന്നതോടെ ജി സി സി രാജ്യങ്ങളുമായുള്ള ഇറാന്റെ വ്യാപാര കൈമാറ്റം ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി സി സി രാജ്യങ്ങളില്‍ നിന്ന് ഇറാനുമായി ഏറ്റവും കൂടുതല്‍ വ്യാപാര നടത്തുന്ന രാജ്യം യു എ ഇയും വാണിജ്യ നഗരമായ ദുബൈയുമാണ്.
ഇറാനില്‍ നിന്നുള്ള ഇറക്കുമതിയും ദുബൈയില്‍ നിന്ന് തിരിച്ചുള്ള കയറ്റുമതിയും ലാക്കാക്കി ദുബൈയില്‍ വ്യാപാരം നടത്തുന്ന നിരവധി ഇറാനികളുടെ ഉള്ളില്‍ ആണവകരാറിന്റെ പ്രതിഫലനം വന്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.
ഇറാനിലെ പ്രമുഖ ചരക്കു ഗതഗാത തുറമുഖമായ ബന്ദര്‍ അബ്ബാസിനും ദുബൈക്കുമിടയില്‍ ചരക്കുകടത്തുന്ന ലോഞ്ചിന്റെ നായകനായ ഇറാന്‍ സ്വദേശി മുഹമ്മദ് ഹസന്‍ സാദ പറയുന്നതിങ്ങനെ: ‘ഉപരോധം നിലവില്‍ വരുന്നതിനു മുമ്പ് ദുബൈ-ഇറാന്‍ റൂട്ടില്‍ മാസത്തില്‍ രണ്ടു പ്രാവശ്യം ലോഞ്ചില്‍ ചരക്ക് കടത്താറുണ്ടായിരുന്നു. പക്ഷേ, ഉപരോധം നിലവില്‍ വന്ന ശേഷം മാസാന്തം ഓരോ യാത്രക്കുള്ള വകപോലും തികയുന്നില്ല. തന്റെ രാജ്യം കരാറില്‍ ഒപ്പിട്ടതോടെ നിലവിലുള്ള ഉപരോധം പിന്‍വലിക്കുമെന്നും അതിലൂടെ നേരത്തെയുണ്ടായിരുന്ന കയറ്റിറക്കുമതി പുനരാരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.’
ഉപരോധം നിലവില്‍ വന്ന ശേഷം ഇറാനി വ്യാപാരികളില്‍ ചിലരുടെ ബേങ്ക് എക്കൗണ്ടുകള്‍ ചില പ്രാദേശിക ബേങ്കുകള്‍ അവസാനിപ്പിച്ചിരുന്നതായും പുതിയ സാഹചര്യത്തില്‍ അവ പുനരാംരംഭിക്കാനുള്ള സാധ്യത തെളിഞ്ഞുവരുന്നതായും മറ്റൊരു ഇറാന്‍ വ്യാപാരിയായ ഹസന്‍ ഹഖീഖി പറയുന്നു. ഏതായാലും യു എ ഇയുടെ നാലാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ഇറാനെതിരെയുള്ള ഉപരോധം പിന്‍വലിക്കുന്നത് രാജ്യത്തിന്റെ മൊത്തം സാമ്പത്തിക രംഗത്തെ ഗുണകരമായി ബാധിക്കുമെന്ന് തന്നെയാണ് പൊതു വിലയിരുത്തല്‍.