കാര്‍ഗോ പ്രതിസന്ധി: പ്രതിനിധികള്‍ ഡല്‍ഹിയിലേക്ക്

Posted on: July 15, 2015 4:34 pm | Last updated: July 15, 2015 at 4:34 pm

cargoദുബൈ: ഡോര്‍ ടു ഡോര്‍ കാര്‍ഗോ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ യു എ ഇയിലെ കാര്‍ഗോ വാണിജ്യമേഖലയിലെ പ്രതിനിധികള്‍ ഇന്ത്യയില്‍ കേന്ദ്രമന്ത്രിമാരെ കാണും. മുംബൈയിലും ഡല്‍ഹിയിലും കെട്ടിക്കിടക്കുന്ന പാര്‍സലുകള്‍ മേല്‍വിലാസക്കാര്‍ക്ക് എത്തിക്കാന്‍ സൗകര്യം ചെയ്യാന്‍ ഇവര്‍ നിവേദനം നല്‍കും.
മുംബൈയില്‍ 500 ടണ്‍ പാര്‍സലുകള്‍ കെട്ടിക്കിടക്കുന്നുവെന്നാണ് കണക്ക്. പരിശോധന കര്‍ശനമാക്കിയതാണ് പ്രധാന കാരണം. കസ്റ്റംസ് അധികൃതരെ സമീപിക്കാന്‍ ക്ലിയറിംഗ് ഏജന്റുമാര്‍ ഭയക്കുന്നത് മറ്റൊരു കാരണം. പാര്‍സലില്‍ നിയമവിരുദ്ധ ഉല്‍പന്നങ്ങള്‍ കണ്ടെത്തിയാല്‍ ക്ലിയറിംഗ് ഏജന്റുമാരാണ് കുടുങ്ങുക.
ഷാര്‍ജയിലെ ഒരു കാര്‍ഗോ ഡോര്‍ ടു ഡോര്‍ പാര്‍സലില്‍ സ്വര്‍ണം കടത്തിയതാണ് കാര്‍ഗോ മേഖലക്ക് വിനയായത്. ഇന്ത്യയിലെ മിക്ക വിമാനത്താവളങ്ങളും പാര്‍സലുകള്‍ക്ക് നിരോധം ഏര്‍പെടുത്തി. മുംബൈയും ഡല്‍ഹിയും ആയിരുന്നു ആശ്രയം. ഇതില്‍ മുംബൈയും നിരോധം ഏര്‍പെടുത്തിയിട്ടുണ്ട്.
റമസാന്‍, പെരുന്നാള്‍, ഓണം ലക്ഷ്യമാക്കി നാട്ടിലെ ഉറ്റവര്‍ക്ക് വസ്ത്രങ്ങളും മിഠായികളും പാര്‍സലാക്കി അയച്ചവരാണ് നിരാശയിലായത്. രണ്ടുമാസം മുമ്പ് അയച്ച പാര്‍സലുകള്‍ പോലും മേല്‍വിലാസക്കാര്‍ക്ക് എത്തിയിട്ടില്ല. മുമ്പ്, ഒരാഴ്ച കൊണ്ട് ലഭിക്കുമായിരുന്നു.
കഴിഞ്ഞ ദിവസം ദുബൈയിലെ കാര്‍ഗോ ഉടമകള്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മിക്ക കാര്‍ഗോകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.