ഡെങ്കിപ്പനിക്ക് ഏകീകൃത ചികിത്സ: പരിശീലനം തുടങ്ങി

Posted on: July 15, 2015 8:53 am | Last updated: July 15, 2015 at 8:53 am

മലപ്പുറം: ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ഡെങ്കിപ്പനിക്കുള്ള ചികിത്സ കാര്യക്ഷമമാക്കുന്നതിന് ഡോക്ടര്‍മാര്‍ക്കായി ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോളിനെക്കുറിച്ച് (ഏകീകൃത ചികിത്സാവിധി) ദ്വിദിന ജില്ലാതല പരിശീലനം ആരംഭിച്ചു.
ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും തുടര്‍നടപടികള്‍ക്കും ഏകീകൃതരൂപം കൈവരിക്കുന്നതിനാണ് പരിശീലനം നടത്തുന്നത്.
ലോകാരോഗ്യ സംഘടന ഡെങ്കിപ്പനി പരിപാലനത്തിന് നിര്‍ദേശിച്ചിട്ടുള്ള പ്രത്യേക മാനദണ്ഡങ്ങളാണ് ട്രീറ്റ്‌മെന്റ് പ്രോട്ടോകോളിലുള്ളത്. ഇതനുസരിച്ചുള്ള ചികിത്സാക്രമം കൂടുതല്‍ ഫലപ്രാപ്തിയുണ്ടാക്കും. മലപ്പുറം പ്രശാന്ത് സമ്മേളന ഹാളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ഉമ്മര്‍ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ഡി എസ് ഒ ഡോ. കെ മുഹമ്മദ് ഇസ്മാഈല്‍ അധ്യക്ഷത വഹിച്ചു. ഫിസിഷന്‍ ഡോ. ഇ കെ സന്തോഷ്, ശിശുരോഗ വിദഗ്ധന്‍ ഡോ. സയ്യിദ് ഫസല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡി പി എം. ഡോ. വി വിനോദ്, ജില്ലാ മലേറിയ ഓഫീസര്‍ ബി എസ് അനില്‍കുമാര്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ കെ പി സാദിഖ് അലി സംസാരിച്ചു. ഈമാസം ആറ് മുതല്‍ 13 വരെ ജില്ലയില്‍ 23 ഡെങ്കിപ്പനി കേസുകള്‍ സ്ഥിരീകരിച്ചു. പാണ്ടിക്കാട്, തൃപ്പനച്ചി, മമ്പാട് എന്നിവിടങ്ങളിലെ മൂന്ന് മരണങ്ങള്‍ ഡെങ്കിപ്പനി മൂലമാണെന്ന് സംശയിക്കുന്നുണ്ട്. സംശയാസ്പദമായ 217 ഡെങ്കികേസുകള്‍ ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജാഗ്രത പുലര്‍ത്തണം
മലപ്പുറം: ജില്ലയില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍-സ്വകാര്യ ഡോക്ടര്‍മാരും ആശുപത്രികളും രോഗനിയന്ത്രണ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡെങ്കി രോഗത്തെക്കുറിച്ചും അപകടസൂചനകളെക്കുറിച്ചും രോഗികളെ ബോധവത്കരിക്കണമെന്നും ഡി എം ഒ ഡോ. വി ഉമ്മര്‍ ഫാറൂഖ് പറഞ്ഞു. ഡെങ്കി മരണം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലെ ആശുപത്രികളില്‍ ഡെങ്കി കേസ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതില്‍ സ്വകാര്യ ആശുപത്രികള്‍ നല്‍കുന്ന സഹകരണം ശക്തിപ്പെടുത്തുമെന്ന് ഐ എം എ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ ഡി എം ഒ അറിയിച്ചു.