സൗരോര്‍ജ ഓട്ടോയുമായി യുവ എന്‍ജിനീയര്‍മാര്‍ സഞ്ചാരം തുടങ്ങുന്നു

Posted on: July 15, 2015 8:36 am | Last updated: July 15, 2015 at 8:36 am

Mukkam

മുക്കം: സൗരോര്‍ജത്തില്‍ ഓടുന്ന വാഹനവുമായി മൂന്ന് യുവ എന്‍ജിനീയര്‍മാര്‍. ബംഗളൂരുകാരനായ സങ്കേത്കുമാറും ഹൈദരാബാദുകാരനായ നവീന്‍ രബേലിയും കോഴിക്കോട് മുക്കം സ്വദേശി ഇഫ്തികര്‍ ജാവേദുമാണ് പുതിയ കണ്ടുപിടിത്തത്തിന്റെ ഉടമകള്‍. ഇന്ധനമില്ലാതെ 110 ദിവസംകൊണ്ട് പതിനായിരം കിലോമീറ്റര്‍ ദൂരം സൗരോര്‍ജ ഓട്ടോയില്‍ ഒരു യാത്രയും ഇവര്‍ തുടങ്ങിക്കഴിഞ്ഞു. ബംഗളൂരുവിലെ ജീവിതത്തിനിടയില്‍ കണ്ടുമുട്ടിയവരാണ് നവീന്‍രബേലിയും സങ്കേത്കുമാറും ഇഫ്തികര്‍ ജാവേദും. ഇവരുടെ സൗരോര്‍ജ ഓട്ടോയുടെ വേഗം 70 കിലോമീറ്ററാണ്. സൗരോര്‍ജം ഉപയോഗിച്ച് നേരിട്ടും സൗരോര്‍ജം സംഭരിച്ചും ഓട്ടോ ഓടിക്കാനാകും. ആറ് മണിക്കൂര്‍ ഓടാനുള്ള സൗരോര്‍ജം ഇതില്‍ സംഭരിച്ച് വെക്കാനാകും. 10 എച്ച് പി മോട്ടോറാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യ, ഇറാന്‍, ഓസ്‌ട്രേലിയ, ജര്‍മനി, ഫ്രാന്‍സ്, തുര്‍ക്കി, ബള്‍ഗേറിയ, സെര്‍ബിയ, ഹംഗറി, യു കെ തുടങ്ങിയ രാജ്യങ്ങള്‍ 110 ദിവസം കൊണ്ട് ചുറ്റിസഞ്ചരിക്കാനാണ് ഇവരുടെ പദ്ധതി. ഇതിനായി ഇന്നലെ മുക്കത്ത് നിന്ന് ബംഗളൂരുവിലേക്ക് തിരിച്ചു. അവിടെ നിന്ന് തെലുങ്കാനയിലേക്കാണ് യാത്ര. തെലുങ്കാനയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള യാത്ര. തെലുങ്കാന ടൂറിസം വകുപ്പാണ് ഏറ്റെടുത്തിരിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്‍പ്ലസ് സോളാര്‍ കമ്പനിയാണ് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്.