ലതികക്കെതിരെ സെല്‍വരാജിന്റെ പരാമര്‍ശം, സഭയില്‍ വാഗ്വാദം

Posted on: July 15, 2015 6:00 am | Last updated: July 15, 2015 at 1:54 am

തിരുവനന്തപുരം: ധനാഭ്യര്‍ഥന ചര്‍ച്ചക്കിടെ നിയമസഭയില്‍ ഭരണ- പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റം. ആര്‍ സെല്‍വരാജ് കെ കെ ലതികക്കെതിരെ നടത്തിയ പരാമര്‍ശമാണ് കൈയാങ്കളിയുടെ വക്കോളമെത്തിച്ചത്. മുദ്രാവാക്യവുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ ഭരണപക്ഷത്തേക്ക് നീങ്ങിയത് സംഘര്‍ഷ സാധ്യത സൃഷ്ടിച്ചെങ്കിലും സ്പീക്കര്‍ സഭാനടപടികള്‍ നിര്‍ത്തിവെച്ചതിനാല്‍ പ്രശ്‌നം ഒഴിവായി.
സി പി എമ്മിനെ വിമര്‍ശിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത സെല്‍വരാജ്, ബജറ്റ് അവതരണ ദിവസമുണ്ടായ കൈയാങ്കളിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശമാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. സി പി എമ്മില്‍ ആശയ സമരം, രാഷ്ട്രീയ സമരം, വര്‍ഗ സമരം എന്നിവയാണുള്ളതെന്നും ബജറ്റ് അവതരണ ദിവസം നടന്ന സമരം ഇതില്‍ ഏത് ഗണത്തില്‍പ്പെടുന്നതാണെന്നും സെല്‍വരാജ് ചോദിച്ചു. ബജറ്റ് ദിവസം വനിതാ അംഗങ്ങള്‍ പുരുഷ അംഗങ്ങളെ കെട്ടിപ്പിടിച്ച് കടിച്ച് കൈയേറ്റം ചെയ്തതായി സെല്‍വരാജ് ആരോപിച്ചു. ഇതിനെ ചോദ്യം ചെയ്ത് എഴുന്നേറ്റ കെ കെ ലതികയെ എടീയെന്ന് വിളിച്ച് സംബോധന ചെയ്തതോടെ പ്രതിപക്ഷം ഇളകി.
സെല്‍വരാജിന്റെ പരാമര്‍ശം പിന്‍വലിക്കണമെന്നും സഭാരേഖകളില്‍ നിന്നും നീക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഇതിനിടെ വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം ഭരണപക്ഷബഞ്ചിലേക്ക് പ്രതിഷേധവുമായെത്തുകയായിരുന്നു. സംഭവം നിര്‍ഭാഗ്യകരമായെന്നും സെല്‍വരാജിന്റെ പ്രയോഗങ്ങള്‍ നിയമസഭാ രേഖകളില്‍ നിന്നും നീക്കുന്നതായും സ്പീക്കര്‍ എന്‍ ശക്തന്‍ അറിയിച്ചതോടെ ബഹളം അവസാനിച്ചു. ഇതിനിടെ സെല്‍വരാജിനെ പരിശോധന നടത്തണമെന്ന ലതികയുടെ പരാമര്‍ശം ഭരണപക്ഷത്തേയും ചൊടിപ്പിച്ചു.