ജനവാസ മേഖലയിലിറങ്ങിയ കുട്ടിക്കൊമ്പന്‍ കിണറ്റില്‍ വീണ് ചരിഞ്ഞു

Posted on: July 14, 2015 11:00 am | Last updated: July 14, 2015 at 11:32 am

നിലമ്പൂര്‍: വനത്തില്‍ നിന്നും ജനവാസ കേന്ദ്രത്തിലിറങ്ങിയ കുട്ടിക്കൊമ്പന്‍ റബര്‍ തോട്ടത്തിലെ കിണറ്റില്‍ വീണ് ചരിഞ്ഞു. പോത്തുകല്‍ കോടാലിപ്പൊയില്‍ കപ്പക്കുന്നന്‍ മുക്കിലെ കറുകയില്‍ ഫ്രാന്‍സിസ് എന്ന കുട്ടപ്പായിയുടെ കിണറ്റിലാണ് മൂന്ന് വയസ് പ്രായം വരുന്ന കുട്ടിക്കൊമ്പന്‍ വീണ് ചരിഞ്ഞത്. തിങ്കളാഴ്ച പുലര്‍ച്ചെ വഴിക്കടവ് റെയ്ഞ്ചിലെ പോത്തുകല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കുനിപ്പാല വനാതിര്‍ത്തിയിലാണ് സംഭവം.
രാത്രി മുഴുവന്‍ കാട്ടാനക്കൂട്ടം പ്രദേശത്ത് ഭീതിപരത്തി നടന്നിരുന്നു. പുലര്‍ച്ചെ ആനക്കൂട്ടം കാട് കയറുന്നതിനിടെ തോട്ടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ കുട്ടിക്കൊമ്പന്‍ വീണതാണെന്ന് കരുതുന്നു. രാവിലെയാണ് നാട്ടുകാര്‍ കിണറ്റില്‍ വീണ ആനക്കുട്ടിയെ കണ്ടത്. ഉടന്‍തന്നെ പോത്തുകല്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ഉച്ചക്ക് ഒരു മണിയോടെ ഇരുപത് അടി ആഴമുള്ള കിണര്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകര്‍ത്ത് കാട്ടാനക്കുട്ടിയുടെ ജഡം പുറത്തെടുക്കുകയായിരുന്നു. വിസ്താരം കുറഞ്ഞ കിണറ്റില്‍ ആനക്കുട്ടിയുടെ മുതുക് ഭാഗം മാത്രമേ കാണാനുണ്ടായിരുന്നുള്ളു. പുറത്തെടുത്ത ജഡം തൊട്ടടുത്ത വലയപാറ വനത്തിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി. വീഴ്ചയില്‍ കുട്ടിക്കൊമ്പന്റെ ഒരു കൊമ്പ് ഒടിഞ്ഞിട്ടുണ്ട്. ഉപ്പട വെറ്ററിനറി സര്‍ജന്‍ ഡോ. ബിനീഷ് പോസ്റ്റ് മോര്‍ട്ടത്തിന് നേതൃത്വം നല്‍കി.
തുടര്‍ന്ന് വഴിക്കടവ് റെയ്ഞ്ച് ഓഫീസര്‍ അബ്ദുല്‍ ലത്തീഫ്, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ഇ എം രമേശന്‍, ഗ്രേഡ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ അരവിന്ദാക്ഷന്‍, ഇ രാംകുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ആന്റണി തോമസ് മെന്റസ്, സാജിത്ത്, കെ രമേശ് ബാബു, വാച്ചര്‍ അഹമ്മദ് എന്നിവരുടെ സാന്നിധ്യത്തില്‍ ജഡം മറവ് ചെയ്തു.