പ്രശസ്ത സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന്‍ അന്തരിച്ചു

Posted on: July 14, 2015 9:36 am | Last updated: July 16, 2015 at 9:41 am
MSV
എം എസ് വിശ്വനാഥന്‍

ചെന്നൈ: പശസ്ത സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന്‍ അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണം പുലര്‍ച്ചെ നാലരയോടെയായിരുന്നു. 86 വയസായിരുന്നു. നൂറിലേറെ മലയാള ചലച്ചിത്രങ്ങള്‍ക്ക് അടക്കം 2000 ലേറെ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. ലളിതസംഗീതത്തിന്റെ ചക്രവര്‍ത്തി എന്ന അര്‍ത്ഥം വരുന്ന മല്ലിസൈ മന്നര്‍ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.

1928 ജൂണ്‍ 24നു പാലക്കാട് എലപ്പുള്ളി മനയങ്കത്തു വീട്ടില്‍ സുബ്രഹ്മണ്യന്‍-നാരായണിക്കുട്ടി(നാണക്കുട്ടി) ദമ്പതികളുടെ മകനായാണ് അദ്ദേഹത്തിന്റെ ജനനം. നാലാം വയസില്‍ അച്ഛനെ നഷ്ടമായി. ഇതോടെ ദാരിദ്ര്യം സഹിക്കവയ്യാതെ അമ്മ മകനൊപ്പം ജീവനൊടുക്കാന്‍ ശ്രമിച്ചെങ്കിലും മുത്തച്ഛന്‍ രക്ഷകനായി. ദാരിദ്രമകറ്റാന്‍ സിനിമകൊട്ടകയില്‍ ഭക്ഷണം വിറ്റുനടന്ന എം.എസ്.വിയുടെ സംഗീത താല്‍പര്യം അദ്ദേഹത്തെ നീലകണ്ഠ ഭാഗവതരുടെ ശിഷ്യനാക്കി. ഇവിടെ നിന്നാണ് തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞന്റെ ജനനം.

പതിമൂന്നാം വയസില്‍ തിരുവനന്തപുരത്ത് ആദ്യ കച്ചേരി നടത്തി. 1950കളുടെ അവസാനമാണ് അദ്ദേഹത്തിന്റെ ചലച്ചിത്രഗാന സൃഷ്ടികള്‍ക്ക് തുടക്കമാകുന്നത്. 1952ല്‍ പണം എന്ന ചിത്രത്തിനു സംഗീത സംവിധാനം നിര്‍വഹിച്ചു കൊണ്ട് അരങ്ങേറ്റം കുറിച്ച എം.എസ്.വി അറുപതുകളിലും എഴുപതുകളിലും തെന്നിന്ത്യന്‍ സിനിമാസംഗീതലോകത്തെ പ്രഭവശക്തിയായിരുന്നു. ഒട്ടേറെ പുതുമുഖപ്രതിഭകളെ പരിചയപ്പെടുത്തിയതു കൂടാതെ സിനിമാസംഗീതത്തിനു പുത്തന്‍ മാനങ്ങള്‍ നല്‍കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. വിവിധ ശൈലികളിലുള്ള ഗാനങ്ങളും ഓര്‍ക്കസ്‌ട്രേഷന്‍ സംവിധാനങ്ങളും ഇന്ത്യന്‍ സംഗീതത്തിനു പരിചയപ്പെടുത്തുന്നതിനു ഇദ്ദേഹം ഒരു പ്രധാന പങ്കു വഹിച്ചു.