Connect with us

Ongoing News

ശരീരേച്ഛകള്‍ക്ക്എതിരായ പോരാട്ടം

Published

|

Last Updated

നോമ്പ് നിയമമാക്കപ്പെട്ടതിനെക്കുറിച്ചുള്ള ഒരു തിരുവചനമിങ്ങനെയാണ്: അല്ലാഹു ബുദ്ധിയെ പടച്ചു. അതിനോട് മുന്നിടാനും പിന്നിടാനും ആജ്ഞാപിച്ചു. അത് വഴക്കത്തോടെ മുന്നിടുകയും പിന്നിടുകയും ചെയ്തു. ശേഷം അതിനോട് ചോദിച്ചു നീ ആരാണ്? ഞാനാരാണ്? അത് പ്രതിവചിച്ചു: നീ എന്റെ രക്ഷിതാവും ഞാന്‍ നിന്റെ എളിയ അടിമയും. അല്ലാഹു പറഞ്ഞു: ബുദ്ധീ നിന്നെക്കാള്‍ മഹത്വമുള്ള ഒന്നിനെയും ഞാന്‍ പടച്ചിട്ടില്ല. ശേഷം അവന്‍ ശരീരത്തെ പടച്ചു. അതിനോട് മുന്നിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് അനുസരിച്ചില്ല. നീയാര് ഞാനാര് എന്ന് ചോദിച്ചപ്പോള്‍ പ്രതികരണമിങ്ങനെ: ഞാന്‍ ഞാന്‍ തന്നെ നീ നീയും. തുടര്‍ന്ന് അല്ലാഹു ശരീരത്തെ നൂറ് വര്‍ഷം ജഹന്നമെന്ന തീയിലിട്ട് ശിക്ഷിച്ചു. ശേഷം പുറത്തെടുത്ത് ചോദ്യം ആവര്‍ത്തിച്ചു. നീയാര്? ഞാനാര്? ആദ്യത്തെ മറുപടിയില്‍ നിന്ന് ഒട്ടും വ്യതിചലനമില്ലായിരുന്നു അതിന്. തുടര്‍ന്ന് അല്ലാഹു വിശപ്പിന്റെ നരകത്തിലിട്ട് അതിനെ നൂറ് വര്‍ഷം ശിക്ഷിച്ചു. ശേഷം ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ അടിമയാണെന്നും നീ രക്ഷിതാവാണെന്നും അംഗീകരിച്ചു. അത് കാരണത്താല്‍ അല്ലാഹു ശരീരത്തിന് വ്രതം നിര്‍ബന്ധമാക്കി. അതിനാല്‍ വിശപ്പ് സഹിച്ച് ശരീരേച്ഛകള്‍ക്കെതിരെ പോരാടുക എതാണ് വ്രതാനുഷ്ഠാനത്തിന്റെ സ്ഥാപിത ലക്ഷ്യം.

വിശപ്പ് ആരാധനയുടെ മജ്ജയാണ്, വിശപ്പ് സത്കര്‍മങ്ങളുടെ നായകനാണ് എന്നിങ്ങനെയുള്ള നബിവചനങ്ങള്‍ ആത്മസംസ്‌കരണ പ്രക്രിയയില്‍ വ്രതം ഒഴിച്ചുകൂടാനാകാത്തതാണ് എന്നാണ് അറിയിച്ചു തരുന്നത്. ഒന്നുകൂടെ വ്യക്തമാക്കി പറഞ്ഞാല്‍, ശരീരേച്ഛയുടെ സൈ്വരവിഹാരത്തിന് കൂച്ചുവിലങ്ങിടാനുള്ള ഒന്നാന്തരം ചങ്ങലയാണ് അന്നപാനീയ വര്‍ജനം. ഇത് പ്രമാണിക പിന്തുണയുള്ള വസ്തുതയാണ്.
റമസാന്‍ ആത്മസംസ്‌കരണത്തിന്റെതാകണമെങ്കില്‍ നാം ശരിക്കും വിശപ്പ് അനുഭവിക്കണം. വ്രതാനുഷ്ഠാനത്തിന്റെ പകലുകളില്‍ മാത്രമല്ല വ്രതാവസാനത്തിന്റെ രാത്രികളിലും നമ്മുടെ വയറുകള്‍ നിറയാതെ കഴിയണം. ഭൗതിക ലോകത്ത് വയറ് നിറച്ചുണ്ണുന്നവന്‍ അന്ത്യനാളില്‍ വിശപ്പനുഭവിക്കും. ഭൗതിക ലോകത്ത് വിശപ്പനുഭവിക്കുന്നവന്‍ അന്ത്യനാളില്‍ വയറ് നിറഞ്ഞവനായിരിക്കുമെന്ന നബിവചനം നാം മറന്നുപോകരുത്. ഭക്ഷണവര്‍ജ്യത്തിന്റെയും വിശുദ്ധിയുടെയും ഈ മാസം പലപ്പോഴും നമുക്ക് വിഭവ സമൃദ്ധിയുടെയും ആഘോഷത്തിന്റെതുമാകുകയാണോ?
സാധാരണ ദിവസങ്ങളില്‍ നിന്ന് റമസാനിലെ ദിനരാത്രങ്ങളെ വ്യതിരിക്തമാക്കുന്നത് പ്രധാനമായും വിശപ്പിന്റെ വിളിയാളം മനസ്സിലാക്കുക എന്നതാണ്. പക്ഷേ, ഇന്ന് ഈ അന്തരം ഏറെക്കുറെ ഇല്ലാതായിരിക്കുന്നു. സാധാരണ നാം പകലുകളില്‍ വയര്‍ നിറക്കുകയും രാത്രി ഉറങ്ങുകയും ചെയ്യുന്നു എന്നത് റമസാനിലാകുമ്പോള്‍ രാത്രികളില്‍ വയര്‍ നിറക്കുകയും പകലുകളില്‍ ഉറങ്ങുകയും ചെയ്യുന്നു എന്നതിലേക്കെത്തിനില്‍ക്കുകയാണ് ഇന്ന് നമ്മില്‍ പലരുടെയും അവസ്ഥ.
ആത്മസംസ്‌കരണവും വിശുദ്ധിയും ആഗ്രഹിക്കാത്തവര്‍ ആരാണ്. യഥാര്‍ഥത്തില്‍ വിശുദ്ധ റമസാന്‍ അതിനുള്ള ഗേറ്റ് വേ ആണ്. എന്തെന്നാല്‍ ഹൃദയ ശുദ്ധീകരണത്തിന്റെ മുഴുവന്‍ സാധ്യതകളും റമസാന്‍ മുന്നോട്ടുവെക്കുന്നുണ്ട്. അതിന്റെ സകല കൈവഴികളിലും റമസാന്‍ വാതായനങ്ങള്‍ തുറന്നിടുന്നുണ്ട്. സൈനുദ്ദീന്‍ മഖ്ദൂം (റ) ഹിദായത്തുല്‍ അദ്കിയയില്‍ പറയുന്നത് പ്രകാരം, ഹൃദയ ശുദ്ധീകരണത്തിന്റെ മാര്‍ഗങ്ങള്‍ അഞ്ചാണ്. അവ യഥാക്രമം അര്‍ഥം ചിന്തിച്ച് ഖുര്‍ആന്‍ പാരായണം ചെയ്യല്‍, ഉദരം ഒഴിഞ്ഞിരിക്കല്‍, രാത്രി നിസ്‌കാരം, അത്താഴ സമയത്ത് അല്ലാഹുവിനോട് താണുകേഴല്‍, സജ്ജനങ്ങളോട് സഹവസിക്കല്‍ എന്നിവയാണ്.