Connect with us

Kozhikode

പഞ്ചാബ് നാഷണല്‍ ബേങ്ക് കവര്‍ച്ച: അറസ്റ്റിലായ പ്രതിയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും

Published

|

Last Updated

കോഴിക്കോട്: കെ പി കേശവമേനോന്‍ റോഡിലെ പഞ്ചാബ് നാഷണല്‍ ബേങ്കിന്റെ മുഖ്യശാഖയിലെ ലോക്കറുകളില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബേങ്ക് ക്ലാര്‍ക്കിനെ റിമാന്റ് ചെയ്തു. കല്ലുത്താന്‍കടവ് “അച്യുതം” വീട്ടില്‍ അനില്‍കുമാറി (53) നെയാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്.
200ഓളം പവന്‍ സ്വര്‍ണാഭരണങ്ങളും വജ്രമാലയും സഊദി മുദ്രയുള്ള സ്വര്‍ണ നാണയങ്ങളും കവര്‍ച്ച ചെയ്യപ്പെട്ട പ്രമാദമായ കേസില്‍ ഇയാളെ വിശദമായ ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച ക്രൈബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും. തെളിവെടുപ്പിനും കൂടുതല്‍ തൊണ്ടി സാധനങ്ങള്‍ കണ്ടെടുക്കാനുമാണിത്. ഇയാള്‍ കവര്‍ന്ന സഊദി മുദ്രയുളള എട്ട് സ്വര്‍ണ നാണയങ്ങള്‍ െ്രെകംബ്രാഞ്ച് കണ്ടെടുത്തു. ഇവ മറ്റൊരു ബേങ്കില്‍ പണയം വച്ചതായിരുന്നു.
കല്ലായ് സ്വദേശി കെ വി മുസ്തഫയുടെ പേരിലുള്ള ലോക്കറില്‍ നിന്നും കളവ് പോയതാണ് സഊദി മുദ്രയുള്ള നാണയങ്ങളെന്ന് വ്യക്തമായിട്ടുണ്ട്. കവര്‍ച്ച ചെയ്യപ്പെട്ട മറ്റ് സ്വര്‍ണത്തിനും വജ്രമാലക്കുമായി ക്രൈംബ്രാഞ്ച് സാമ്പത്തികാന്വേഷണ വിഭാഗം എസ് പി, യു അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊര്‍ജിതമാക്കി.
അനില്‍കുമാറിന് പുറമെ ബേങ്കിലെ മറ്റ് ജീവനക്കാരില്‍ ആര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് എസ് പി അബ്ദുല്‍ കരീം പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് അനില്‍കുമാറിനെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ അനുമതിപ്രകാരം ബേങ്കില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
കെ വി മുസ്തഫയുടെ നഷ്ടമായ സ്വര്‍ണമാണ് കണ്ടെടുത്തതെന്നതിനാല്‍ ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ മറ്റ് രണ്ട് കേസുകളില്‍ കൂടി അറസ്റ്റ് രേഖപ്പെടുത്തും. കേസിലെ മറ്റൊരു പ്രതിയായ മാനേജര്‍ തസ്തികയിലുള്ള ഒരു ജീവനക്കാരന്‍ നേരത്തെ മരണപ്പെട്ടിരുന്നു. ഇയാളുടെ പങ്ക് തെളിയിക്കുന്ന വ്യക്തമായ തെളിവുകളൊന്നും ഇപ്പോള്‍ ലഭിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കിയത്.
2012 ഫെബ്രുവരി 23നാണ് ഭജനകോവില്‍ റോഡിലെ വൃന്ദാവന്‍ അപ്പാര്‍ട്ട്‌മെന്റില്‍ വസന്തഭവന്‍ ഹോട്ടല്‍ ഉടമ എസ് ശരവണന്റെ 24 പവന്‍ സ്വര്‍ണം ബേങ്ക് ലോക്കറില്‍ നിന്ന് നഷ്ടപ്പെട്ടതായി പരാതിയുണ്ടായത്. പിന്നീട് കല്ലായി സ്വദേശിയും വിദേശ വ്യവസായിയുമായ തിരുവണ്ണൂര്‍ റോഡിലെ മേലേരിപാടത്തെ കെ വി മുസ്തഫയുടെ 80 പവനും 116.6 ഗ്രാം തൂക്കമുളള സ്വര്‍ണ ബിസ്‌ക്കറ്റ്, ഇപ്പോഴത്തെ സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ഡി സാലിയുടെ മരുമകള്‍ ശ്വേതാസുധിന്റെ 90 പവന്‍ എന്നിവയും ബേങ്ക് ലോക്കറില്‍ നിന്ന് നഷ്ടപ്പെട്ടതായി പരാതി ലഭിക്കുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ടൗണ്‍ സി ഐ പി കെ അശ്‌റഫ് സ്റ്റേറ്റ് അറ്റോര്‍ണി പി വിജയരാഘവന്‍ മുഖേന കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രണ്ട് ബേങ്ക് ജീവനക്കാര്‍ക്ക് കവര്‍ച്ചയിലുള്ള പങ്ക് വ്യക്തമാക്കിയിരുന്നു. തൊണ്ടിമുതലുകള്‍ കണ്ടെടുക്കാത്ത സാഹചര്യത്തില്‍ പോലീസ് സംശയിക്കുന്നവരില്‍ പ്രധാനിയായ അനില്‍കുമാറിനെ പോളിഗ്രാഫ് പരിശോധനക്ക് വിധേയനാക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല.
പോളിഗ്രാഫിക് ടെസ്റ്റ് നടത്തിയതിന് ശേഷം നാര്‍ക്കോ പരിശോധന നടത്താനായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കമെങ്കിലും അയാള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ “പരിശോധനക്ക് വിധേയമാക്കപ്പെടുന്നയാളുടെ അനുവാദം ഉണ്ടായിരിക്കണമെന്ന നിബന്ധന” പോലീസിന് തടസ്സമായി. തുടര്‍ന്ന് ടൗണ്‍ പോലീസില്‍ നിന്നും അന്വേഷണം സിറ്റി െ്രെകംഡിറ്റാച്ച്‌മെന്റ് ഏറ്റെടുത്തെങ്കിലും കേസ് എങ്ങുമെത്തിയില്ല. തുടര്‍ന്ന് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡി ജി പിയുടെ നിര്‍ദേശ പ്രകാരം സി ബി സി ഐ ഡി അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
െ്രെകംബ്രാഞ്ച് ജില്ലാ വിഭാഗത്തിന്റെ ചുമതലയുള്ള െ്രെകം ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ പി എം പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പുനരന്വേഷണം ഡി ജി പി ആദ്യം ഏല്‍പ്പിച്ചത്. എന്നാല്‍ അദ്ദേഹം സ്ഥലം മാറിയതോടെ അന്വേഷണം നാഥനില്ലാതെ വഴിമുട്ടി. കോഴിക്കോട് ഡി സി പിയായി ചുമതലയേറ്റ സാലിയാണ് തുടക്കത്തില്‍ ജില്ലാ െ്രെകംബ്രാഞ്ചിന്റെ മേല്‍നോട്ടം വഹിച്ചിരുന്നത്. വകുപ്പിന്റെ ചുമതലയുളള വ്യക്തിയെന്ന നിലക്ക് മരുമകളുടെ പരാതിയില്‍ താന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചാല്‍ വിവാദങ്ങള്‍ക്ക് ഇടയാക്കുമെന്ന് അദ്ദേഹം കമ്മീഷണറെ അറിയിച്ചു.
കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് െ്രെകംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എസ് പി യു അബ്ദുല്‍ കരീമിനെ അന്വേഷണത്തിന് ഡി ജി പി ചുമതലപ്പെടുത്തിയത്.

Latest