സഹായി വാദിസലാമിന്റെ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

Posted on: July 11, 2015 12:26 am | Last updated: July 11, 2015 at 12:26 am
SHARE

കോഴിക്കോട്: ആരോഗ്യ സേവന രംഗത്ത് വ്യത്യസ്ത സംരംഭങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ സഹായി വാദിസലാമിന്റെ ഡയാലിസിസ് സെന്ററും ഉടനെ പ്രവര്‍ത്തനമാരംഭിക്കും. ഒന്നേ കാല്‍ കോടി രൂപ ചെലവില്‍ പൂനൂരിലെ ഹെല്‍ത്ത് റിസര്‍ച്ച് സെന്ററിലാണ് ഡയാലിസിസ് സെന്റര്‍ തുടങ്ങാനിരിക്കുന്നത്. ദിവസേന മുപ്പതോളം പേര്‍ക്ക് സൗജന്യനിരക്കിലാണ് ഡയാലിസിസ് സൗകര്യമൊരുക്കുന്നത്.
മലബാറിലെ ആറ് ജില്ലകളിലെ രോഗികള്‍ ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രി കേന്ദ്രീകരിച്ച് 2006 മുതല്‍ സേവന രംഗത്തുള്ള സഹായി വാദിസലാം വര്‍ഷത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് ആരോഗ്യ സേവനത്തിനായി ചെലവഴിക്കുന്നത്.
രോഗികള്‍ക്കാവശ്യമായ മരുന്നും ഉപകരണങ്ങളും ഭക്ഷണവും നല്‍കുന്ന സഹായി കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രി കേന്ദ്രീകരിച്ച് റമസാനില്‍ ദിവസേന 1500 ഓളം പേര്‍ക്ക് നോമ്പ് തുറയും അത്താഴവും ഒരുക്കുന്നുണ്ട്. കൂടാതെ സഹായിയുടെ നോമ്പുകാലത്തെ സേവനം മെഡിക്കല്‍കോളജിലെ വിദ്യാര്‍ഥികള്‍ക്കും സഹായകമാണ്. ആഘോഷങ്ങള്‍ ആശുപത്രിയിലാകുമ്പോള്‍ അനുഭവിക്കുന്ന പിരിമുറുക്കം പെരുന്നാള്‍ ഭക്ഷണമടങ്ങിയ കിറ്റ് വിതരണം ചെയ്താണ് സഹായി സാന്ത്വനമേകുന്നത്.
അത്യാഹിതം സംഭവിച്ച് ആശുപത്രിയിലെത്തുന്നവര്‍ക്ക് നല്‍കുന്ന സൗജന്യ വളണ്ടിയര്‍ സേവനമാണ് സഹായിയുടെ സേവന രംഗത്ത് പ്രധാനം. വഴിയില്‍ വെച്ച് അപകടം സംഭവിച്ച് പേരും വിലാസവും തിരിച്ചറിയാതെ ആശുപത്രിയിലെത്തുന്നവര്‍ക്ക് കൈ മെയ് മറന്ന് സേവന സന്നദ്ധരാകുന്ന ഈ കൂട്ടം പലപ്പോഴും ആശുപത്രി അധികൃതരുടേയും ജില്ലാ ഭരണകൂടത്തിന്റേയും പ്രശംസക്ക് പാത്രമായിട്ടുണ്ട്. അപകടം സംഭവിച്ചത് ഉറ്റവരോ ബന്ധപ്പെട്ടവരോ അറിയുന്നതിനു മുമ്പ് രോഗിക്ക് ലഭിക്കുന്ന ഈ സേവനത്തിന്റെ വില വളരെ വലുതാണ്.
എസ് വൈ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സഹായി വാദിസലാമിന് നല്‍കിയ ആംബുലന്‍സ് ഒട്ടേറെ പേര്‍ക്ക് ആശ്വാസമാകുന്നു.