Connect with us

Kerala

സി പി ഐ നേതാക്കളെ ജാതി - സമുദായ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിലക്കി

Published

|

Last Updated

തിരുവനന്തപുരം: സി പി ഐയില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സംസ്ഥാന നേതാക്കള്‍ ജാതി – സമുദായ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതീയതകളും പ്രചരിപ്പിക്കുന്ന ചടങ്ങുകളിലും വേദികളിലും പങ്കെടുക്കരുത്. തൊഴിലാളി വര്‍ഗ വിപ്ലവരാഷ്ട്രീയ പാര്‍ട്ടിക്ക് അന്യമായ ശീലങ്ങള്‍ പാര്‍ട്ടിക്കകത്ത് രൂപപ്പെടുന്നുവെന്ന് വിലയിരുത്തപ്പെട്ട സാഹചര്യത്തിലാണ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പെരുമാറ്റച്ചട്ടം കൊണ്ടു വരാന്‍ തീരുമാനിച്ചത്.
മണ്ഡലം സെക്രട്ടറിമാര്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, സംസ്ഥാന-ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരും ജനപ്രതിനിധികളും അവരുടെയും കുടുംബത്തിന്റെയും ആസ്തിബാധ്യതകള്‍ എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തില്‍ മേല്‍ കമ്മിറ്റികള്‍ക്ക് നല്‍കണമെന്നതാണ് പ്രധാന നിര്‍ദേശം. അവ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ആസ്തി വര്‍ധിക്കാനുള്ള സാഹചര്യമുണ്ടായാല്‍ ഉറവിടം ബോധ്യപ്പെടുത്തണം.
സ്വത്ത് വര്‍ധിപ്പിക്കാന്‍ പാര്‍ട്ടി പദവികള്‍ ദുരുപയോഗം ചെയ്യരുത്. പ്രവര്‍ത്തകര്‍ക്കിടയില്‍ പണത്തിനോടുള്ള ആസക്തിയും അവിഹിത സ്വത്ത് സമ്പാദനവും സ്ഥാനമോഹവും വര്‍ധിച്ചെന്ന് സ്വയം വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് പെരുമാറ്റച്ചട്ടം കര്‍ശനമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ഇന്നലെ അവസാനിച്ച സംസ്ഥാന കൗണ്‍സില്‍ പെരുമാറ്റച്ചട്ടത്തിന് അംഗീകാരം നല്‍കി. സംസ്ഥാന – ദേശീയ സമിതി അംഗങ്ങള്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത്. വിവാഹത്തോടനുബന്ധിച്ചും മറ്റ് സന്ദര്‍ഭങ്ങളിലും നടത്തുന്ന ചടങ്ങുകള്‍ ലളിതവും മാതൃകാപരവുമായിരിക്കണം. സ്വയം വിമര്‍ശനങ്ങള്‍ പാര്‍ട്ടി കമ്മിറ്റിയില്‍ നടത്തണം. കമ്മിറ്റിക്കു പുറത്തുള്ള കുറ്റംപറച്ചിലും വിമര്‍ശനങ്ങളും ഒഴിവാക്കണം.
സംസ്ഥാന നേതാക്കള്‍ ജാതി- സമുദായ സംഘടനാ പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കണം. അംഗങ്ങള്‍ മദ്യപാനം ശീലമാക്കി പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച് പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കരുത്. വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയോ സമ്പത്ത് സമാഹരിക്കുകയോ ചെയ്യുമ്പോള്‍ നിര്‍വാഹക സമിതിയുടെ അംഗീകാരം വാങ്ങണമെന്നും പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടുന്നു. പ്രവര്‍ത്തകര്‍ ഒറ്റക്ക് ഫണ്ട് സമാഹരിക്കരുത്. രസീത് കൃത്യമായി നല്‍കണം. അഭ്യര്‍ഥനാ രൂപത്തില്‍ മാത്രമേ പിരിവ് പാടുള്ളൂ. നിര്‍ബന്ധിത പിരിവ് പാടില്ല. ബ്രാഞ്ച് കമ്മിറ്റികള്‍ ഒരു വ്യക്തിയില്‍ നിന്ന് 1,000 രൂപയില്‍ കൂടുതലും ലോക്കല്‍ കമ്മിറ്റികള്‍ 5,000 രൂപയിലധികവും മണ്ഡലം കമ്മിറ്റികള്‍ 25,000 രൂപയിലധികവും ജില്ലാ കമ്മിറ്റികള്‍ ഒരു ലക്ഷം രൂപയില്‍ അധികവും സംഭാവന സ്വീകരിക്കരുത്. മാഫിയകളില്‍ നിന്ന് സംഭാവന വാങ്ങരുത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് അവരുടെ ശമ്പളത്തിന് ആനുപാതികമായി മാത്രമേ സംഭാവന പിരിക്കാവൂ.
ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഫണ്ട് സമാഹരിക്കരുത്. ജനപ്രതിനിധികള്‍ പ്രശസ്തിക്കും സാമ്പത്തിക നേട്ടത്തിനും വേണ്ടി പാര്‍ട്ടിയുടെ സല്‍പ്പേരിനെ കളങ്കപ്പെടുത്തരുത്. പാര്‍ട്ടി നിലപാടുകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും നിരക്കാത്ത ഒരാവശ്യത്തിനും സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താനോ സ്വാധീനിക്കാനോ പാടില്ല. അഴിമതിക്കാരും ജനവിരുദ്ധമായ ഉദ്യോഗസ്ഥന്മാരെ അനര്‍ഹമായ ആവശ്യങ്ങളില്‍ സഹായിക്കാന്‍ പാടില്ല. അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിലനില്‍ക്കുന്ന വിഷയത്തില്‍ ജനപ്രതിനിധികള്‍ സര്‍ക്കാറിനെ ബന്ധപ്പെട്ട് ശിപാര്‍ശകള്‍ ചെയ്യരുതെന്നും പെരുമാറ്റച്ചട്ടം നിര്‍ദേശിക്കുന്നുണ്ട്.

Latest