കാണാതായ ഡോണിയര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Posted on: July 10, 2015 6:07 pm | Last updated: July 10, 2015 at 6:22 pm

dornier_650x400_71433826310

ചെന്നൈ: ചെന്നൈയില്‍ നിന്ന് ഒരു മാസം മുമ്പ് കാണാതായ ഇന്ത്യന്‍ തീരസുരക്ഷാ സേനയുടെ ഡോണിയര്‍ എയര്‍ക്രാഫ്റ്റിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇന്ത്യന്‍ വ്യോമസേനയുടെ ഐ എന്‍ എസ് സിന്ധുരാജ് കണ്ടെത്തിയ സിഗ്നലിന്റെ അടിസ്ഥാനത്തില്‍ റിലയന്‍സിന്റെ ഒളിംപിക് കാന്വന്‍ റോവ് എന്ന കപ്പലാണ് അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡറും ലൈന്‍ റീപ്ലേസ്‌മെന്റ് യൂണിറ്റുമാണ് കണ്ടെത്തിയതെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു . അതേസമയം, വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെ കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.

693 മണിക്കൂര്‍ കടലിലും 196 മണിക്കൂര്‍ അന്തരീക്ഷത്തിലും നടത്തിയ തിരച്ചിലിന് ഒടുവിലാണ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്താനായതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ജൂലെെ ആറിനാണ് 996 അടി താഴെ നിന്ന് ഐ എന്‍ എസ് സിന്ധുരാജ് സിഗ്നല്‍ കണ്ടെത്തിയത്. തുടര്‍ന്ന് എംവി ഒളിംപിക് കാന്വന്‍ നടത്തിയ പരിശോധനയില്‍ കൂടല്ലൂരില്‍ നിന്ന് 20 നൊട്ടിക്കല്‍ മൈല്‍ അകലെ 950 അടി താഴ്ചയില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു. ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡറില്‍ നിന്ന് അപകടത്തിന്റെ യഥാര്‍ഥ കാരണം മനസ്സിലാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ തീരസുരക്ഷാ സേന.

ജൂണ്‍ എട്ടിനാണ് മൂന്ന് ജീവനക്കാരുമായി പുറപ്പെട്ട ഡോണിയര്‍ വിമാനം പറക്കലിനിടെ കാണാതായത്. വൈകീട്ട് അഞ്ചരക്ക് ചെന്നൈയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം രാത്രി 9.23ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ഇതേതുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തില്‍ വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. വിമാനം കാണാതായ സ്ഥലത്തിന് സമീപം കടലില്‍ എണ്ണപ്പാട കണ്ടെത്തിയത് തിരച്ചിലില്‍ വന്‍ വഴിത്തിരിവായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ കൂടുതല്‍ അന്വേഷണങ്ങളില്‍ വിമാനത്തിന്റെത് എന്ന് സംശയിക്കുന്ന സിഗ്നലും ലഭിച്ചിരുന്നു.